കൊച്ചി: മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന നാലാമത്തെ ചിത്രമായി മാറി ‘ലോക ചാപ്റ്റർ വൺ - ചന്ദ്ര’. ‘എമ്പുരാന്’ ശേഷം ഏറ്റവും വേഗത്തിൽ 200 കോടി നേടുന്ന ചിത്രം കൂടിയാണിത്. ‘തുടരും’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നിവയാണ് 200 കോടി ക്ലബ്ബിൽ ഇടംനേടിയ മറ്റ് മലയാള സിനിമകൾ.
ഏഴാം ദിവസം ചിത്രം നൂറ് കോടി ക്ലബ്ബിൽ കടന്നിരുന്നു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം.
നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്സോഫീസിൽ കോടികൾ കൊയ്യുന്നതും അപൂർവ കാഴ്ചയാണ്. ഏകദേശം 30 കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്.