ചെന്നൈ: ലോകേഷ് കനകരാജ് ഒരുക്കുന്ന 'ഇരുമ്പ് കൈ മായാവി' എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിൽ അല്ലു അർജുൻ നായകനായി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. അല്ലു അർജുനോട് ലോകേഷ് കഥ പറഞ്ഞെന്നും നടൻ സിനിമ ചെയ്യാമെന്ന് സമ്മതിച്ചതായുമാണ് സൂചന. സൂപ്പർ ഹീറോ ജോണറിൽ കഥ പറയുന്ന ചിത്രം തന്റെ ഡ്രീം പ്രൊജക്ട് ആണെന്ന് ലോകേഷ് പറഞ്ഞിരുന്നു.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരു തെലുങ്ക് ചിത്രത്തിനായി ലോകേഷ് പവൻ കല്യാണിനെ സമീപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ചിത്രത്തെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ഇതിനു പിന്നാലെയാണ് 'ഇരുമ്പ് കൈ മായാവി'ക്കായി അല്ലു അർജുൻ- ലോകേഷ് ടീം ഒന്നിക്കുന്നു എന്ന വാർത്ത വരുന്നത്.
സൂര്യയെ നായകാനാക്കി ആലോചിച്ചിരുന്ന ചിത്രമാണ് ഇരുമ്പ് കൈ മായാവി. പിന്നീട് ഈ വേഷത്തിലേക്ക് ആമിർ ഖാനെ പരിഗണിച്ചു. എന്നാൽ , രജനികാന്ത് ചിത്രം കൂലിയിലെ അതിഥി വേഷം വിമർശിക്കപ്പെട്ട സാഹചര്യത്തിൽ ലോകേഷുമായി ആമിർ വീണ്ടും സഹകരിക്കാൻ സാധ്യതയില്ല. ഇതോടെയാണ് ലോകേഷിന്റെ സ്വപ്ന സിനിമ അല്ലു അർജുനിലേക്ക് എത്തിയത്.
അതേസമയം, അറ്റ്‍ലിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് അല്ലു അർജുൻ. 'AA22x A6' എന്ന വർക്കിങ് ടൈറ്റിലില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോണ്‍ ആണ് നായിക. മൂവരും ഒന്നിക്കുന്ന ആദ്യം ചിത്രം കൂടിയാണിത്.