ലോകേഷ് കനകരാജ്-അരുണ്‍ മാതേശ്വരന്‍ സിനിമയില്‍ നായികയായി വാമിക ഗബ്ബി Source: X
MOVIES

'കൈതി 2'ന് മുൻപ് 'ദേവദാസ്'? അരുൺ മാതേശ്വരന്റെ ഗ്യാങ്സ്റ്റർ പടത്തിൽ നായകനായി ലോകേഷ് കനകരാജ്; നായിക വാമിക ഗബ്ബി

'ഗോദ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് വാമിക

Author : ന്യൂസ് ഡെസ്ക്

കൊച്ചി: റോക്കി, സാനി കയിദം, ക്യാപ്റ്റൻ മില്ലർ എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. ഇളയരാജയുടെ ബയോപ്പിക്കാകും അരുണ്‍ അടുത്തതായി സംവിധാനം ചെയ്യുക എന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍, ഈ സിനിമയ്ക്ക് മുന്‍പ് കോളിവുഡിലെ സ്റ്റാർ ഡയറക്ടർ ലോകേഷ് കനകരാജ് നായകനാകുന്ന ഒരു ചിത്രം അരുണ്‍ സംവിധാനം ചെയ്യുമെന്ന അപ്ഡേറ്റും വന്നിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

റിപ്പോർട്ടുകള്‍ പ്രകാരം, ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവ സാന്നിധ്യമായ വാമിക ഗബ്ബിയാകും അരുണ്‍-ലോകേഷ് സിനിമയിലെ നായിക. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'ഗോദ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഒരു ഗ്യാങ്സ്റ്റർ-ആക്ഷന്‍ പടമാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന.

ആദിവി സേഷിന്റെ സ്പൈ ത്രില്ലർ ചിത്രമായ 'ജി2' ആണ് വാമികയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം. 2026 മെയ് ഒന്നിന് ആണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വിനയ് കുമാർ സിരിഗിനീദി സംവിധാനം ചെയ്ത ചിത്രം, 2018ല്‍ ഇറങ്ങിയ 'ഗൂഡാചാരി' എന്ന സിനിമയുടെ സീക്വല്‍ ആണ്. 'ജി2'വിന് പുറമെ വാമിക ഗബ്ബി അഭിനയിക്കുന്ന നിരവധി തമിഴ് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ, ആസിഫ് അലി നായകനാകുന്ന ആക്ഷന്‍ ചിത്രം 'ടിക്കി ടാക്ക'യിലും ഒരു സുപ്രധാന റോളില്‍ നടി എത്തുന്നുണ്ട്.

ലോകേഷ് കനകരാജ്-വാമിക ഗബ്ബി കോംബോയില്‍ എത്തുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ അപ്ഡേറ്റുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ സിനിമയ്ക്ക് ശേഷമാകും 'കൈതി 2'ന്റെ ചിത്രീകരണത്തിലേക്ക് ലോകേഷ് കടക്കുക എന്നാണ് റിപ്പോർട്ടുകള്‍. അപ്രതീക്ഷിതമായിട്ടായിരുന്നു അരുണ്‍ മാതേശ്വരന്‍ സിനിമയിലേക്കുള്ള സംവിധായകന്റെ എന്‍ട്രി. സംവിധാനം ചെയ്യാന്‍ നിരവധി വമ്പന്‍ പ്രൊജക്ടുകള്‍ ലൈനപ്പില്‍ ഉള്ളപ്പോഴാണ് നായകനായി അരങ്ങേറ്റം കുറിക്കാന്‍ ലോകേഷ് തയ്യാറെടുക്കുന്നത്.

സംവിധായകന്റെ റോളിലേക്ക് എത്തും മുന്‍പ് അരുണ്‍ മാതേശ്വരന്‍ 'ദേവദാസ്' എന്നൊരു സ്ക്രിപ്റ്റ് എഴുതിയിരുന്നു. 'ക്യാപ്റ്റന്‍ മില്ലർ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഈ കഥ ധനുഷിനോട് അരുണ്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനിടെയിലാണ് ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപ്പിക്ക് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. നടന്റെ തിരക്കുകള്‍ കാരണം ഈ സിനിമ നീണ്ടുപോയതിനെ തുടർന്ന് 'ദേവദാസ്' സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിജയ് ദേവരക്കൊണ്ട ഉൾപ്പെടെ നിരവധി നടന്മാരെ ചിത്രത്തിലെ നായകന്റെ റോളിലേക്ക് ആലോചിച്ചിരുന്നു. ഈ സിനിമയാണ് ലോകേഷിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്നത് എന്നാണ് സൂചന. സിനിമയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ സംവിധായകനോ അണിയറ പ്രവർത്തകരോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നേരത്തെ, അരുണിന്റെ റോക്കി, സാനി കയിദം തുടങ്ങിയ ചിത്രങ്ങളെ ലോകേഷ് പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. നിയോ നോയർ ശൈലിയില്‍ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഒരുക്കുന്നതിന് പേരുകേട്ട അരുണ്‍ മാതേശ്വരന്‍ ലോകേഷുമായി കൈകോർക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

SCROLL FOR NEXT