നടന്‍ പങ്കജ് തൃപാഠി തന്റെ ഏറ്റവും പുതിയ ചിത്രമായ 'മെട്രോ ഇന്‍ ദിനോ'യുടെ റിലീസിന് ഒരുങ്ങുകയാണ്. സിനിമയെ കുറിച്ച് സംസാരിക്കവെ അദ്ദേഹം ഇന്ന് ബന്ധങ്ങള്‍ മോഡേണ്‍ ജീവിത രീതിയും മറ്റും വളരെ സങ്കീര്‍ണമായിരിക്കുന്നതിനെ കുറിച്ച് പറഞ്ഞു. ഐഎഎന്‍എസിനോട് സംസാരിക്കവെ അദ്ദേഹത്തോട് പ്രണയം കാലഹരണപ്പെട്ടോ എന്നും ഇന്ന് ബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണോ എന്നും ചോദിച്ചു.
"പ്രണയം ഒരിക്കലും കാലഹരണപ്പെട്ടിട്ടില്ല. ബന്ധങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്. ലോകം തന്നെ സങ്കീര്‍ണമായിരിക്കുന്ന കാലഘട്ടത്തില്‍ ബന്ധങ്ങള്‍ അങ്ങനെ ആകാതിരിക്കുന്നത് എങ്ങനെയാണ്", എന്നാണ് പങ്കജ് തൃപാഠി മറുപടി പറഞ്ഞത്.
കറന്‍സി എങ്ങനെയാണ് ജീവിതത്തെ കുറച്ചു കൂടി എളുപ്പമുള്ളതാക്കി തീര്‍ത്തത് എന്ന ഉദാഹരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഉദാഹരണത്തിന്, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കൊണ്ടു പോകാന്‍ പറ്റുന്ന സാധനങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. അങ്ങനെ ജീവിതം കുറച്ചു കൂടി ലളിതമാക്കാന്‍ കറന്‍സി കണ്ടുപിടിച്ചു. നിങ്ങള്‍ക്ക് പോക്കറ്റില്‍ പണം കൊണ്ട് നടന്ന് എന്ത് വേണമെങ്കിലും വേടിക്കാം. ജീവിതം എളുപ്പമാക്കാന്‍ വേണ്ടിയാണ് മനുഷ്യന്‍ കറന്‍സി കണ്ടുപിടിച്ചത്. പക്ഷെ ഇപ്പോള്‍ അതേ കറന്‍സി ഉണ്ടാക്കാന്‍ വേണ്ടി മനുഷ്യന്‍ കിടന്ന് കഷ്ടപ്പെടുകയാണ്", നടന്‍ പറഞ്ഞു.
തീര്‍ച്ചയായും ഇന്നത്തെ ബന്ധങ്ങള്‍ സങ്കീര്‍ണമാണെന്നും പങ്കജ് പറഞ്ഞു. "മോഡേണ്‍ ജീവിതത്തില്‍ കരിയര്‍, പണം എന്നിവയ്ക്ക് വേണ്ടിയുള്ള ഒരു മത്സരം ആണ് നടക്കുന്നത്. എപ്പോഴും പ്രശ്‌നങ്ങളാണ്. ആര്‍ക്കും സമയമില്ല. പ്രത്യേകിച്ച് മെട്രോ സിറ്റികളില്‍. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുകയാണെങ്കില്‍ ആര്‍ക്കും സമയം ഉണ്ടാകില്ലല്ലോ. രണ്ട് പേരും തിരക്കിലായിരിക്കും. അതുകൊണ്ട് മോഡേണ്‍ ജീവിതം തീര്‍ച്ചായും സങ്കീര്‍ണമാണ്", അദ്ദേഹം വ്യക്തമാക്കി.
"പിന്നെ ജീവിതം സങ്കീര്‍ണമാകുമ്പോള്‍, സ്വാഭാവികമായി കഥകളും വികാരങ്ങളും സങ്കീര്‍ണമാകും", എന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും പ്രണയം കാലഹരണപ്പെട്ടിട്ടില്ലെന്ന് പങ്കജ് എടുത്ത് പറഞ്ഞു. "ലോകം നിലനില്‍ക്കുന്നതിന് കാരണം തന്നെ പ്രണയമാണ്. സ്ത്രീയും പുരുഷനും ഒരു ബന്ധത്തില്‍ നിന്ന് പുറത്തുവന്നാല്‍ അടുത്തതിലേക്ക് പ്രവേശിക്കുന്നു. കാരണം പ്രണയം എന്നത് പ്രാഥമിക ആവശ്യമാണ്. ആളുകള്‍ അത് തേടി പോകുന്നു. ചിലപ്പോള്‍ പണത്തിന്റെ രൂപത്തില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തില്‍. പക്ഷെ അടിസ്ഥാനപരമായ അവര്‍ അന്വേഷിക്കുന്നത് പ്രണയമാണ്", പങ്കജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം അനുരാഗ് ബാസു സംവിധാനം ചെയ്ത 'മെട്രോ ഇന്‍ ദിനോ' ജൂലൈ 4നാണ് റിലീസ് ചെയ്യുന്നത്. ചിത്രം സങ്കീര്‍ണമായ ബന്ധങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. പ്രണയം, ഹാര്‍ട്ട് ബ്രേക്ക്, മനുഷ്യ ബന്ധം എന്നിവയിലൂടെയാണ് സിനിമ സഞ്ചിരിക്കുന്നത്. ആദിത്യ റോയ് കപൂര്‍, സാറാ അലി ഖാന്‍, അലി ഫസല്‍, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് തൃപാഠി, കൊങ്കന സെന്‍ ശര്‍മ, അനുപം ഖേര്‍, നീന ഗുപ്ത എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.