പ്രശസ്ത ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ ഒരുക്കുന്ന സൂപ്പർനാച്ചുറൽ ഹൊറർ ചിത്രം 'റിമെയ്‌ൻ' ട്രെയ്‌ലർ പുറത്ത്. ജേക്ക് ജില്ലെൻഹാളും ഫീബി ഡിനവറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയദിനത്തിന് മുന്നോടിയായി 2025 ഫെബ്രുവരി മൂന്നിന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും. ഫെബ്രുവരി അഞ്ചിനാണ് വടക്കേ അമേരിക്കയിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടേറ്റ് എന്ന ആർക്കിടെക്റ്റിന്റെ വേഷമാണ് ജേക്ക് ജില്ലെൻഹാൾ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ഒഫീഷ്യൽ സിനോപ്സിസ് പ്രകാരം, ഇയാൾ ഒരു ചെറിയ തീരദേശ പട്ടണത്തിലേക്ക് എത്തുകയും അവിടെവച്ച് വ്രെൻ (ഫോബ് ഡൈനെവോർ) എന്ന യുവതിയെ കണ്ടുമുട്ടുകയും ചെയ്യുന്നു. വൈകാതെ ഇവർ അടുപ്പത്തിലാകുന്നു. ആ പട്ടണത്തിലെ അപകടകരമായ ഒരു രഹസ്യത്തിലേക്ക് ടേറ്റിനെ വ്രെൻ നയിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഇവർക്കിടയിലെ പ്രണയം കാണിച്ചാണ് 'റിമെയ്‌ൻ' ട്രെയ്‌ലർ ആരംഭിക്കുന്നത്. എന്നാൽ, വ്രെൻ പെട്ടെന്ന് അപ്രത്യക്ഷയാകുന്ന രംഗങ്ങൾ ഒരു സൂപ്പർനാച്ചുറൽ കഥാപശ്ചാത്തലത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആഷ്ലി വാൾട്ടേഴ്സ്, ജൂലി ഹാഗെർട്ടി, ജെയ് ഒ. സാൻഡേഴ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2025ൽ ശ്യാമളനും നിക്കോളസ് സ്പാർക്സും ചേർന്ന് രചിച്ച നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് 'റിമെയ്‌ൻ'. ശ്യാമളൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
ശ്യാമളൻ, അശ്വിൻ രാജൻ, മാർക്ക് ബീൻസ്റ്റോക്ക്, തെരേസ പാർക്ക് എന്നിവർ ചേർന്നാണ് ചിത്രംത്തിന്റെ നിർമാണം. നിക്കോളാസ് സ്പാർക്സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു. ഛായാഗ്രഹണം: അഡോൾഫോ വെലോസോ, പ്രൊഡക്ഷൻ ഡിസൈനർ: സാം ലിസെങ്കോ, എഡിറ്റർ: നോമി പ്രെയ്സ്‌വർക്ക്, കോസ്റ്റ്യൂം ഡിസൈനർ: കരോളിൻ ഡങ്കൻ, കാസ്റ്റിംഗ് ഡയറക്ടർ: ഡഗ്ലസ് ഐബൽ, മ്യൂസിക് സൂപ്പർവൈസർ: ഗേബ് ഹിൽഫർ, പശ്ചാത്തലസംഗീതം: ജെയിംസ് ന്യൂട്ടൺ ഹോവാർഡ്.