

എമ്മി നാമനിർദേശം ലഭിച്ച ഹിറ്റ് ഫ്രാഞ്ചൈസിയായ 'ലസ്റ്റ് സ്റ്റോറീസ്' മൂന്നാം വരവിന് ഒരുങ്ങുന്നു. സങ്കീർണമായ സ്ത്രീ - പുരുഷ ബന്ധങ്ങളുടെ കഥ പറയുന്ന 'ലസ്റ്റ് സീരീസ് 3'യുടെ ട്രെയ്‌ലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. വിക്രമാദിത്യ മോട്‌വാനെ, കിരൺ റാവു, ശകുൻ ബത്ര, വിശാൽ ഭരദ്വാദ് എന്നിവരാണ് ഈ ആന്തോളജി ഫിലിമിന്റെ സംവിധായകർ.
കൊങ്കണ സെൻ ശർമ, രാധിക ആപ്തെ, അദിതി റാവു ഹൈദരി, രാധിക മദൻ, വിജയ് വർമ, സന തമ്പി, അലി ഫസൽ, സിദ്ധാർഥ്, അഭിഷേക് ബാനർജി എന്നിവരാണ് 'ലസ്റ്റ് സ്റ്റോറീസ് 3'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ കഥാപാത്രങ്ങളിലൂടെയാണ് ആന്തോളജിയിലെ നാല് വ്യത്യസ്ത കഥകളെ ട്രെയ്‌ലറിൽ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മിനുട്ടും 19 സെക്കൻഡുമുള്ള ട്രെയ്‌ലർ അദിതി റാവുവിന്റെ കഥാപാത്രത്തിന്റെ ശബ്ദത്തിലാണ് മുന്നോട്ടുപോകുന്നത്. പ്രശസ്തമായ ഒരു 'അക്ഷയ് കുമാർ മീമി'ന്റെ റെഫറൻസിലാണ് ട്രെയ്‌ലർ അവസാനിക്കുന്നത്.
പ്രണയം, സെക്സ്, ആധുനിക ബന്ധങ്ങളിലെ സങ്കീർണതകൾ എന്നിവ പ്രമേയമാകുന്ന നാല് കഥകളാണ് 'ലസ്റ്റ് സ്റ്റോറീസ് 3' പറയുന്നത്. വ്യത്യസ്ത ശൈലി പിന്തുടരുന്ന നാല് സംവിധായകർ ഒന്നിക്കുന്ന ആന്തോളജിക്കായി ആവേശത്തോടെയാണ് 'ലസ്റ്റ് സ്റ്റോറീസ്' ഫ്രാഞ്ചൈസിയുടെ ആരാധകർ കാത്തിരിക്കുന്നത്. സെപ്റ്റംബർ 18 മുതൽ 'ലസ്റ്റ് സ്റ്റോറീസ് 3' നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
2018ലാണ് 'ലസ്റ്റ് സ്റ്റോറീസി'ന്റെ ആദ്യ എഡിഷൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്. അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവർ ഒരുക്കിയ നാല് ചെറുചിത്രങ്ങളായിരുന്നു ഈ ആന്തോളജിയിലുണ്ടായിരുന്നത്. ലൈംഗിക വിഷയങ്ങളെയും സ്ത്രീ കാമനകളേയും ഭയമില്ലാതെ തുറന്നുകാട്ടിയ പരമ്പര വലിയ ഹിറ്റായി മാറി. ഇന്റർനാഷണൽ എമ്മി അവാർഡിൽ മികച്ച ടിവി മൂവി/മിനിസീരീസ് വിഭാഗത്തിലേക്ക് 'ലസ്റ്റ് സ്റ്റോറീസ്' നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
2023ലാണ് 'ലസ്റ്റ് സ്റ്റോറീസ് 2' എത്തിയത്. എന്നാൽ, ആദ്യ എഡിഷനെപ്പോലെ വലിയ പ്രശംസ നേടിയെടുക്കാൻ സാധിച്ചില്ല. കൊങ്കണ സെൻ ശർമയുടെ 'ദ മിറർ' എന്ന ഹ്രസ്വ ചിത്രമാണ് നാല് കഥകളിൽ മികച്ചു നിന്നത്.