മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ എം. പത്മകുമാർ ബോളിവുഡിലേക്കു കടക്കുന്നു. സൂര്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ ആണ് നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സണ്ണി ഡിയോളിന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു.
ജയ്പൂർ, ഉദയ്പൂർ, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം നവംബർ 20ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് അവതരിപ്പിക്കുന്ന ‘സൂര്യ’യുടെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലും എഡിറ്റിങ് ബല്ലു സലൂജയും നിർവഹിക്കുന്നു.
ഷാഹി കബീറിന്റെ കഥക്ക് കരൺ റസ്ദാൻ, നീരജ് പാഠക്, മായങ്ക് ശർമ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉത്തം സിംഗ്, രഞ്ജിൻ രാജ് എന്നിവർ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകുന്നത് ഉത്തം സിംഗ് ആണ്.
അഭിനേതാവ് എന്ന നിലയിൽ സണ്ണി ഡിയോളിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിൽ സണ്ണിയെ കൂടാതെ പ്രശസ്ത ബോളിവുഡ് അഭിനേതാക്കളായ രവി കിഷൻ, ടിനു ആനന്ദ്, മനീഷ് വാധ്വാ, ജിഷു സെൻഗുപ്ത, രോഹിത് തിവാരി, ഖാലിദ് സിദ്ധിക്കി, അനൂപ് ത്രിവേദി എന്നിവരും അണിനിരക്കുന്നു. പ്രഗ്യാ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവർ നായികമാരാവുന്ന ചിത്രം സീ സിനിമാസ് ആണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ - വാഴൂർ ജോസ്.