തെളിവ് നശിപ്പിക്കാൻ 101 വഴികൾ! ഒടിടി റിലീസിന് പിന്നാലെ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' കീറിമുറിച്ച് കാണികൾ

തെറ്റുകളും ലോജിക് ഇല്ലായ്മയും അക്കമിട്ട് നിരത്തുമ്പോഴും സിനിമയിലെ അഭിനേതാക്കളുടെ പ്രകടനം മികച്ചതായിരുന്നുവെന്നതിൽ ആർക്കും എതിരഭിപ്രായമില്ല
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Published on: 
Updated on: 

തിയേറ്ററുകളിൽ മികച്ച അഭിപ്രായവും കളക്ഷനും സ്വന്തമാക്കിയ ശേഷമാണ് പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഒടിടിയിലേക്ക് എത്തിയത്. 50 കോടി ക്ലബിൽ ഇടംപിടിച്ച ചിത്രം ഒക്ടോബർ ഒൻപതിനാണ് നെറ്റ്‌ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. പതിവ് തെറ്റിയില്ല; ഒടിടി റിലീസിന് പിന്നാലെ, സിനിമയെ കീറിമുറിക്കുകയാണ് പ്രേക്ഷകർ.

ആശ്രിത നിയമനത്തിൽ പൊലീസ് സേനയിൽ പ്രവേശിക്കുന്ന ആലീന എന്ന യുവതിയുടെ വേഷമാണ് ചിത്രത്തിൽ പാർവതി തിരുവോത്ത് അവതരിപ്പിക്കുന്നത്. പാർവതിയുടെ ആദ്യ പൊലീസ് കഥാപാത്രമാണിത്. നടിയുടെ കഥാപാത്രം ജോലിക്ക് കയറുന്ന പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന കൊലപാതകവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയപരിസരം. അബദ്ധത്തില്‍ സംഭവിച്ചുപോകുന്ന കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രധാന കഥാപാത്രങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ലോജിക്കില്ലായ്മ കല്ലുകടിയാകുന്നുണ്ടെന്നാണ് ചിത്രം ഒടിടിയിൽ കണ്ടവർ അഭിപ്രായപ്പെടുന്നത്.

(തുടർന്നുള്ള ഭാഗങ്ങളിൽ സ്പോയിലറുകൾ ഉണ്ട്)

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിലെത്തിയ ചിത്രത്തിൽ നിരവധി പഴുതുകളുണ്ടെന്നാണ് ഇവരുടെ വാദം. സിനിമയിലെ പ്രധാനപ്പെട്ട സീനുകളിൽ ഒന്നായ 'കൊലപാതകം' മുതൽ ഇത് ആരംഭിക്കുന്നുവെന്നാണ് സിനിമാപേജുകളിലെ പോസ്റ്റുകളിൽ പറയുന്നത്. ജയപ്രകാശ് എന്ന കഥാപാത്രം ഓടിക്കുന്ന കാർ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞു നിർത്തുന്ന പൊലീസ് സംഘം എന്തുകൊണ്ട് ആ വാഹനം പരിശോധിച്ചില്ലെന്നാണ് പലരും ചോദിക്കുന്നത്. അയാളെ കസ്റ്റഡിയിലെടുക്കുമ്പോഴും അതിനവർ മുതിരുന്നില്ല. ഒടുവിൽ 'അത്യാഹിതം' സംഭവിച്ച ശേഷമാണ് മാത്യുവിന്റെ കഥാപാത്രം കാറിന്റെ ഡിക്കി പരിശോധിക്കുന്നത്. ഇതിൽ എന്ത് ലോജിക് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
ദൈർഘ്യം കൂടി; 'ജയിലർ 2'ലെ കാമിയോ സീനുകൾ വെട്ടി?

അവിടെയും തീരുന്നില്ല 'ഒടിടി കാണികളുടെ' ശ്രദ്ധയിൽപ്പെട്ട തെറ്റുകൾ. കുശാഗ്രബുദ്ധിയുള്ള, അന്വേഷിച്ച ഒരു കേസ് പോലും തോറ്റിട്ടില്ലാത്ത പൊലീസുകാരനായാണ് വിജയരാഘവന്റെ ഹാരിസ് മീരാൻ എന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാട്ടകം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്ന ഹാരിസ് മീരാൻ എന്തുകൊണ്ട് സംഭവം നടക്കുമ്പോഴുള്ള അവരുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചില്ല? പൊലീസ് സ്റ്റേഷന് ചുറ്റുമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ നോക്കിയില്ല? ഇങ്ങനെപോകുന്നു ചോദ്യങ്ങൾ.

ഈ കേസിലെ ഏറ്റവും നിർണായകമായ തെളിവ് നശിപ്പിക്കാൻ അലീന തിരഞ്ഞെടുക്കുന്ന വഴിയെ വിമർശിക്കുന്നവരേയും കാണാം. കൺമുന്നിൽ തന്നെ നിരവധി എളുപ്പമാർഗങ്ങൾ കിടക്കുമ്പോൾ എന്തിനാണ് ഈ വളഞ്ഞവഴിയെന്നാണ് ഇവരുടെ ചോദ്യം. മാത്രമല്ല, അലീനയുടെയും സഹപ്രവർത്തകരുടെയും ട്രോമകളും ഇമോഷണൽ രംഗങ്ങളും കുത്തിക്കയറ്റിയ പോലെ തോന്നിയവരുമുണ്ട്.

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
"അല്ല ബോലലോ, ഇതെന്ത് മലയാളം"; അനിരുദ്ധിനോട് സുരാജ്, കയ്യടിച്ച് ആരാധകർ

ഇത്തരത്തിൽ മിസ്റ്റേക്കുകൾ, ലോജിക് ഇല്ലായ്മ എന്നിവ അക്കമിട്ട് നിരത്തുമ്പോഴും സിനിമയിലെ അഭിനേതാക്കളുടെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് പാർവതി, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ എന്നിവരുടെ പ്രകടനങ്ങൾ. കാണികളെ പിടിച്ചിരുത്തുന്നതിൽ ഇവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരുപക്ഷേ, തിയേറ്ററിൽ സിനിമ കണ്ടവർക്ക് അത്ര വലിയ ലോജിക് പ്രശ്നം അനുഭവപ്പെടാതിരുന്നത് അതുകൊണ്ടാകാം.

News Malayalam 24x7
newsmalayalam.com