ബാഡ് ഗേള്‍ ടീസറില്‍ നിന്ന്  Source : YouTube Screen Grab
MOVIES

"കുട്ടികളുടെ മനസിനെ നശിപ്പിക്കും"; ബാഡ് ഗേള്‍ ടീസര്‍ യൂട്യൂബില്‍ നിന്നും പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

സെപ്റ്റംബര്‍ അഞ്ചിനാണ് 'ബാഡ് ഗേള്‍' തിയേറ്ററിലെത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

2025ല്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അനുരാഗ് കശ്യപ് അവതരിപ്പിച്ച് വെട്രിമാരന്‍ നിര്‍മിച്ച 'ബാഡ് ഗേള്‍'. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേഷനും സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് യൂട്യൂബില്‍ നിന്നും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ചിത്രത്തിന്റെ ടീസര്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്.

"വീഡിയോയില്‍ പരാമര്‍ശിച്ചിട്ടുള്ള ഉള്ളടക്കം കുട്ടികള്‍ കണ്ടാല്‍, അത് തീര്‍ച്ചയായും അവരുടെ മനസിനെ നശിപ്പിക്കും. കുട്ടികളെ സംരക്ഷിക്കുക എന്നത് എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്തിന്റെ കടമയാണ്. ഓരോ പൗരന്റേയും സാമൂഹിക ഉത്തരവാദിത്തമാണത്", എന്നാണ് ജസറ്റിസ് പി ധനബാല്‍ ഉത്തരവ് അറിയിച്ചുകൊണ്ട് പറഞ്ഞത്.

യൂട്യൂബിനെ കേസില്‍ ഒരു കക്ഷിയായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ടീസര്‍ ഓണ്‍ലൈനില്‍ ഉള്ളത് കുറ്റമാണെന്നും കേന്ദ്രം അത് പിന്‍വലിക്കാന്‍ വേഗത്തില്‍ തന്നെ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

2025 ജനുവരി 26 ന് പുറത്തിറങ്ങിയ ടീസര്‍ കുട്ടികളുടെ അശ്ലീല ചിത്രമാണെന്നും പോക്‌സോ നിയമത്തിന്റെയും വിവരസാങ്കേതിക നിയമത്തിന്റെയും ലംഘനമാണെന്നും വാദിച്ചുകൊണ്ട് അഭിഭാഷകനും രണ്ട് കുട്ടികളുടെ പിതാവുമായ എസ് വെങ്കിടേഷ് ഉള്‍പ്പെടെ മൂന്ന് വ്യക്തികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവയുള്‍പ്പെടെ വിവിധ അധികാരികള്‍ക്ക് ഓണ്‍ലൈന്‍ പരാതികള്‍ നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും ദേശീയ വനിതാ കമ്മീഷനും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ഓണ്‍ലൈനില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കം തടയുന്നതിന് ഉചിതമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ടീസര്‍ പുറത്തുവന്ന സമയത്ത് തന്നെ വര്‍ഷ ഭാരത് സംവിധാനം ചെയ്ത 'ബാഡ് ഗേള്‍' വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അഞ്ജലി ശിവരാമന്‍ ഒരു ബ്രാഹ്‌മിണ രെണ്‍കുട്ടിയെ ആണ് അവതരിപ്പിക്കുന്നത്. ലൈംഗികതയെ കുറിച്ചും ബോയ്ഫ്രണ്ട്‌സിനെ കുറിച്ചുമെല്ലാം ആ കഥാപാത്രം തുറന്ന് സംസാരിക്കുന്നത് ബ്രാഹ്‌മണ ആചാരങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ചില യാഥാസ്ഥിതിക ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

കമിംഗ് ഓഫ് എയ്ജ് സിനിമയായ 'ബാഡ് ഗേള്‍' 54-ാമത് അന്താരാഷ്ട്ര റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോട്ടര്‍ഡാമില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡും, സിനിമാ ജോവ് - വലന്‍സിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള യംഗ് ജൂറി അവാര്‍ഡും ഈ ചിത്രം നേടി. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

SCROLL FOR NEXT