ചെന്നൈ: വിജയ് നായകനായ 'ജനനായകൻ' സിനിമയുമായി ബന്ധപ്പെട്ട ഹർജി പിൻവലിക്കാൻ നിർമാതാക്കൾക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി.ടി. ആശയാണ് അനുമതി നൽകിയത്. കഴിഞ്ഞ ദിവസമാണ്, സെൻസർ സർട്ടിഫിക്കേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട് സിബിഎഫ്‌സിക്ക് എതിരെ നൽകിയ ഹർജി പിൻവലിക്കാനുള്ള അപേക്ഷ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയിൽ സമർപ്പിച്ചത്.
സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി വഴി സർട്ടിഫിക്കറ്റ് നേടാൻ തീരുമാനിച്ചതായാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചിരിക്കുന്നത്. റിലീസ് നീളുന്നത് മൂലമുള്ള സാമ്പത്തിക നഷ്ടം പരിഗണിച്ചാണ് നിർമാതാക്കളുടെ പിന്മാറ്റം. നിയമപോരാട്ടവുമായി മുന്നോട്ട് പോയാൽ ചിത്രം എപ്പോള്‍ തിയേറ്ററുകളില്‍ എത്തിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരും. ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നതിനാലാണ് ഈ നീക്കം.
ഹർജിയിൽ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആദ്യം നിർമാതാക്കൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചുവെങ്കിലും ഡിവിഷൻ ബെഞ്ച് അത് തടയുകയായിരുന്നു. നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി വിസമ്മതിച്ചു. കേസ് വീണ്ടും സിംഗിൾ ബെഞ്ചിലേക്ക് മാറ്റിയതോടെയാണ് നിയമനടപടികൾ അവസാനിപ്പിച്ച് റിവ്യൂ കമ്മിറ്റിയെ സമീപിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.
ജനുവരി ഒൻപതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവ്യൂ കമ്മിറ്റിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. സിനിമയിലെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും, പ്രതിരോധ സേനയുടെ ചിഹ്നങ്ങൾ അനുചിതമായി ഉപയോഗിച്ചുവെന്നുമായിരുന്നു പരാതി.
500 കോടിയോളം മുടക്കുള്ള ചിത്രത്തിന്റെ പൊങ്കല്‍ റിലീസ് മുടങ്ങിയതിനാല്‍ 100 കോടിയോളം തങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്. ചിത്രം പെട്ടിയില്‍ ഇരിക്കുന്തോറും ഈ നഷ്ടവും വര്‍ധിക്കും. ഒപ്പം മറ്റ് അപ്കമിങ് റിലീസുകളും ഉള്ളതിനാല്‍ പ്രതീക്ഷിക്കുന്ന റിലീസ് തീയതി ലഭിക്കണമെന്നില്ല. ഇതിന് പുറമെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്ന ആമസോണ്‍ പ്രൈം വീഡിയോ അടക്കം റിലീസിനായി സമ്മര്‍ദം ചെലുത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം പരിഗണിച്ച് പ്രായോഗിക തീരുമാനം എന്ന നിലയ്ക്കാണ് നിര്‍മാതാക്കള്‍ ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്.
എച്ച്. വിനോദ് ആണ് 'ജന നായകൻ' സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്‌ക്കൊപ്പം ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരും എത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ കരിയറിലെ അവസാന ചിത്രം എന്ന നിലയിൽ 'ജനനായകൻ' റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.