കൂലി സിനിമ പോസ്റ്റർ Source; X
MOVIES

കൂലിക്ക് 'എ' സര്‍ട്ടിഫിക്കറ്റ് തന്നെ; നിര്‍മാതാക്കളുടെ അപ്പീല്‍ തള്ളി മദ്രാസ് ഹൈക്കോടതി

18 വയസിന് താഴെയുള്ള കുട്ടികളെ തിയേറ്ററുകളില്‍ സിനിമ കാണുന്നത് വിലക്കുന്ന എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെയാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Author : ന്യൂസ് ഡെസ്ക്

രജനീകാന്ത് നായകനായ കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീല്‍ തള്ളി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ടി വി തമിള്‍സെല്‍വിയാണ് അപ്പീല്‍ തള്ളിയത്. അക്രമാസക്തമായ ഉള്ളടക്കവും പുകവലിയുടെയും മദ്യപാനത്തിന്റെയും തുടര്‍ച്ചയായ ചിത്രീകരണവും കാരണം സിനിമ കുട്ടികള്‍ക്ക് കാണാന്‍ യോഗ്യമല്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ നിര്‍മാതാക്കള്‍ ചോദ്യം ചെയ്യുകയായിരുന്നു.

18 വയസിന് താഴെയുള്ള കുട്ടികളെ തിയേറ്ററുകളില്‍ സിനിമ കാണുന്നത് വിലക്കുന്ന എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെയാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. മദ്യപിക്കുന്നത് ഉള്‍പ്പടെയുള്ള ചില രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും മോശം വാക്കുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജെ രവീന്ദ്രന്‍ പറഞ്ഞിരുന്നു.

രജനീകാന്തിന്റെ സിനിമാ മേഖലയിലെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിനായാണ് ഈ ചിത്രം നിര്‍മിച്ചത്. രാജ്യമെമ്പാടും ബ്ലോക്ബസ്റ്റര്‍ ആയി മാറിയ ചിത്രം എ സര്‍ട്ടിഫിക്കറ്റ് കാരണം എല്ലാ പ്രേക്ഷകര്‍ക്കും കാണാനായില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ സിനിമയില്‍ അമിതമായ അക്രമം ഉള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പരിശോധനാ സമിതിയും റിവൈസിംഗ് കമ്മിറ്റിയും യോജിക്കുകയായിരുന്നു എന്നും അറിയിച്ചു. 2025 ആഗസ്റ്റ് നാലിനാണ് അക്രമാസക്തമായ രംഗങ്ങള്‍ കാരണം സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും നിര്‍ദ്ദേശിച്ച സീനുകള്‍ നീക്കം ചെയ്താല്‍ യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സിബിഎഫ്‌സി വാഗ്ദാനം ചെയ്തതായും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ സീനുകള്‍ മാറ്റാന്‍ താല്‍പര്യമില്ലാത്തതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നിര്‍മാതാക്കള്‍ അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT