വിജയ് സേതുപതി, അനുരാഗ് കശ്യപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത 'മഹാരാജ'യ്ക്ക് ഹോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. ഹോളിവുഡ് റീമേക്ക് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘മഹാരാജ’. ഓസ്കാർ ജേതാവായ പ്രശസ്ത ഹോളിവുഡ് താരം മാത്യു മക്കോണഹെയാകും റീമേക്കിൽ നായകനാകുക എന്നാണ് റിപ്പോർട്ടുകൾ.
പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചൈന ബോക്സ് ഓഫീസിലും ഒടിടിയിലും ഗംഭീര വിജയം നേടിയതിന് പിന്നാലെയാണ് ഏജൻസി റീമേക്ക് അവകാശത്തിനായി സിനിമയുടെ അണിയറപ്രവർത്തകരെ സമീപിച്ചത്. ചൈനയിൽ 90 കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. അടുത്ത വർഷത്തോടെ ചിത്രത്തിന്റെ ഹോളിവുഡ് റീമേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം ആമിർ ഖാൻ സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
വിജയ് സേതുപതിയുടെ 50ാം ചിത്രമായി എത്തിയ 'മഹാരാജ' ലോകമെമ്പാടുമായി 190 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. സഞ്ജന നാമിദാസ്, മംമ്ത മോഹൻദാസ്, അഭിരാമി, നടരാജ്,അരുൾദോസ്, ഭാരതിരാജ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
നിതിലൻ സാമിനാഥൻ തന്നെയാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പാഷൻ സ്റ്റുഡിയോസ്, ദ റൂട്ട് എന്നീ ബാനറുകളിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ബി അജനീഷ് ലോകനാഥ് ആണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, എഡിറ്റിങ് - ഫിലോമിൻ രാജ്.