തിലകന്‍ 
MOVIES

തിലകന്‍, അഭിനയത്തിന്റെയും പ്രതിരോധത്തിന്റെയും പാഠപുസ്തകം

സംഭാഷണങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ മാസ്റ്റർക്ലാസ് ആയിരുന്നു തിലകന്‍

Author : ശ്രീജിത്ത് എസ്

തിലകനെ ഒഴിവാക്കി ഒരു ചരിത്രം മലയാള സിനിമയുടേതായി എഴുതാനാകില്ല. ഏതുതരം വേഷവും തനിക്ക് ഇണങ്ങും എന്ന് തന്റെ അഭിനയകാലം കൊണ്ട് ആ നടന്‍ തെളിയിച്ചു. നാടകത്തിലും സിനിമയിലും ജീവിതത്തിലും ആ ശരീരം കെട്ടിയാടിയ കഥാപാത്രങ്ങള്‍ എഴുതി തയ്യാറാക്കിയ തിരക്കഥയ്ക്ക് അപ്പുറം ഹൃദയം കൊണ്ടാണ് സംസാരിച്ചത്. വാക്കിന് ചൂടുണ്ടെന്നും ആത് പൊള്ളുമെന്നും മലയാള സിനിമ അറിഞ്ഞത് ഈ നടനിലൂടെയാണ്.

ആകാരത്തില്‍ എല്ലാ വേഷങ്ങളും ഇണങ്ങുന്ന ഒരു നടനായി തിലകനെ തോന്നില്ല. എന്നാല്‍ അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്ന് വ്യത്യാസപ്പെട്ടുനിന്നു. സ്റ്റീരിയോടിപ്പിക്കലായ അച്ഛന്‍ വേഷങ്ങള്‍ തന്നെയെടുക്കാം. 'മീനത്തില്‍ താലികെട്ടി'ലെ ഗോവിന്ദന്‍ നമ്പീശന്‍ ആജ്ഞാശക്തിയുള്ള, ഗൗരവപ്രകൃതക്കാരനായ പിതാവാണ്. ഇതേ സ്വഭാവ സവിശേഷതകള്‍ കിരീടത്തിലെ അച്യുതന്‍ നായരിലും കാണാം. എന്നാല്‍ ഇവർ തമ്മില്‍ ഛായ തോന്നില്ല. തിലകന്‍ എന്ന നടന്‍ അതിവിദഗ്ധമായി ഇവർക്കിടയില്‍ ഒരു അദൃശ്യരേഖ വരയ്ക്കുന്നു. അതിനപ്പുറം മുറിച്ചുകടക്കരുതെന്ന് തന്നിലെ നടനെ പറഞ്ഞു പഠിപ്പിക്കുന്നു. മകളെ പ്രാപിക്കാന്‍ ശ്രമിക്കുന്ന 'നമുക്ക് പാർക്കാന്‍ മുന്തിരിത്തോപ്പുകളിലെ' ആന്റണി പൈലോക്കാരനെ ഇവരില്‍ നിന്നും കൃത്യമായ ദൂരത്തില്‍ നിർത്താന്‍ തിലകന് സാധിച്ചു. ഒരു ശരീരത്തില്‍ ഇരുന്ന് അവർ പല ജീവിതം ജീവിച്ചു.

ഗൗരവം ഒരു 'തിലകന്‍ ഭാവ'മായിട്ടാണ് കാണുന്നതെങ്കിലും അദ്ദേഹം ചെയ്ത ഹാസ്യ കഥാപാത്രങ്ങള്‍ മറക്കാനാകില്ല. സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ തിലകന്റെ ഈ മറുവശത്തെ പരമാവധി ചൂഷണം ചെയ്തു. 'പപ്പന്‍ പ്രിയപ്പെട്ട പപ്പനി'ലെ കാലനും, 'സന്മനസുള്ളവർക്ക് സമാധാനത്തി'ലെ ദാമോദർ ഭായിയും കേവലം ചിരിക്ക് അപ്പുറത്ത് പ്രേക്ഷകന്റെ നിത്യസംഭാഷണങ്ങളിലേക്ക് വരെ കടന്നുവന്നു. 'നാടോടിക്കാറ്റിലെ' അനന്തന്‍ നമ്പ്യാർ എന്ന വില്ലനെ കള്‍ട്ട് ആക്കിമാറ്റിയത് ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ തിലകന്റെ മിടുക്കാണ്. "എവിടെ" എന്ന ഒറ്റ ഡയലോഗില്‍ ചിരിപടർത്താന്‍ നമ്പ്യാർക്ക് സാധിച്ചു. "സിഐഡി എസ്കേപ്പ്" എന്ന് പറഞ്ഞ് പായുന്ന ആ അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ പടർത്തിയ ചിരി ഇന്നും കാണികളുടെ ചുണ്ടില്‍ നിന്ന് മാഞ്ഞിട്ടില്ല.

സംഭാഷണങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ മാസ്റ്റർക്ലാസ് ആയിരുന്നു തിലകന്‍. 'കിരീടം' സിനിമയിലെ മിമിക്രിക്കാർ പലതവണ ആവർത്തിച്ച ഒരു രംഗം തന്നെ എടുക്കാം. കീരിക്കാടന്‍ ജോസിനെ കുത്തി മലർത്തിയ ശേഷം വന്യമായ ഭാവത്തില്‍ കത്തിയും നീട്ടിപ്പിടിച്ച് നില്‍ക്കുന്ന സേതുമാധവന്റെ അടുത്തേക്ക് ചെല്ലുന്ന അച്യുതന്‍ നായർ. ആദ്യം അയാള്‍ ആ കാഴ്ച കണ്ട് വിശ്വസിക്കാനാകാതെ "കത്തി താഴെയിടടാ" എന്ന് തെല്ല് ആശങ്കയോടെ മകനോട് പറയുന്നു. പിന്നെ അധികാരത്തോടെ അത് ആവർത്തിക്കുന്നു. സേതു അടുക്കരുതെന്ന് പറഞ്ഞ് അലറുമ്പോള്‍ അയാളിലെ അച്ഛന്‍ ഉള്ളുപൊട്ടി, "നിന്റെ അച്ഛനാടാ പറയുന്നത് കത്തിതാഴെയിടടാ" എന്ന് അപേക്ഷിക്കുന്നു. വേറൊന്നും അയാള്‍ പറയുന്നില്ല. അയാള്‍ കരയുന്നു. ഒടുവില്‍ കത്തി തെരുവിലേക്ക് എറിഞ്ഞ് സേതു പൊട്ടിക്കരയുന്നു. 'കത്തി താഴെയിടടാ' എന്ന ഒറ്റ ഡയലോഗ് മാത്രമാണ് ആ നടന്‍ ആവർത്തിക്കുന്നത്. ഓരോ തവണയും ആ വാക്കുകളുടെ അടരുകള്‍ മാറുന്നു. പുതിയഭാവങ്ങള്‍ വരുന്നു. വൈകാരിക തീവ്രത അധികരിക്കുന്നു. ഈ രംഗം സിനിമാ പഠിതാക്കള്‍ക്ക് ഒരു പാഠപുസ്തകമാണ്.

ഹാസ്യവും വീര്യവും വാത്സല്യവും മാത്രമല്ല നല്ല ഒന്നാന്തരം ശ്യംഗാരവും തിലകന്റെ മുഖത്ത് മലയാളി കണ്ടിട്ടുണ്ട്. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത 'കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിലെ 'ഹരിചന്ദന മലരിലെ മധുവായി' എന്ന ഗാനംരംഗത്തില്‍, തിലകന്റെ കഥാപാത്രത്തിന്റെ കണ്ണിലും ശരീരത്തിലും പൂവിലേക്ക് അടുക്കുന്ന വണ്ടിനോളം കൊതി കാണാം. തിലകന് ശരീരം കേവലം ഉപകരണം മാത്രമായിരുന്നു. അതില്‍ കഥാപാത്രങ്ങള്‍ വരുത്തുപോക്കുകാരും. അവർ ഒഴിഞ്ഞ സന്ദർഭങ്ങളില്‍ അയാള്‍ ജീവിതത്തോടും സിനിമാ മേഖലയിലെ വ്യവസ്ഥിതികളോടും ആത്മാർഥമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചു. അത് പലരുമായും അലോസരങ്ങള്‍ക്ക് കാരണമായി.

'വിമതന്‍' എന്ന വാക്കിന് പൂർണത നല്‍കുന്നതായിരുന്നു തിലകന്റെ വാക്കും പ്രവൃത്തിയും. എതിർപ്പുകള്‍ രേഖപ്പെടുത്താനും വിമർശനങ്ങള്‍ ഉന്നയിക്കാനും തിലകന്‍ ഒരുകാലത്തും മടിച്ചു നിന്നിട്ടില്ല. മലയാള സിനിമയിലെ 'താരങ്ങളുമായി' തുറന്ന പോരിനിറങ്ങിയ തിലകന്‍ അക്ഷരാർഥത്തില്‍ മലയാള സിനിമയിലെ എതിർ ശബ്ദമായിരുന്നു. ഏറെ കാലം തിലകനെ മുഖ്യധാരാ സിനിമയില്‍ നിന്ന് പരസ്യമായും രഹസ്യമായും വിലക്കിയപ്പോള്‍ ശ്വാസം നിലച്ചത് മലയാള സിനിമയ്ക്കാണ്. ഒടുവില്‍ അയാള്‍ "നീ മരുഭൂമിയില്‍ മഴപെയ്യുന്നത് കണ്ടിട്ടുണ്ടോ?" എന്ന് ചോദിച്ച് തിരിച്ചെത്തിപ്പോള്‍ മലയാളം ഒന്നാകെ പറഞ്ഞു, വിലക്കപ്പെട്ട കനിക്ക് എന്ത് രുചി? ആ തിരിച്ചറിവിലേക്ക് സിനിമാ ലോകം ഉണർന്നപ്പോഴേക്കും ആ മാഹാനടന്‍‌ അവസാന ഷോട്ടും കഴിഞ്ഞ് വിടപറഞ്ഞിരുന്നു.

SCROLL FOR NEXT