ആ വരികള്‍ ആശാന്റെയല്ല! മോഹന്‍ലാലിനെ ചാറ്റ് ജിപിടി ചതിച്ചതാണെന്ന് സോഷ്യല്‍ മീഡിയ

ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയം
മോഹന്‍ലാലിന്റെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാര സ്വീകരണ പ്രസംഗം
മോഹന്‍ലാലിന്റെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാര സ്വീകരണ പ്രസംഗംSource: ANI
Published on

കൊച്ചി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാര ജേതാവായ മോഹന്‍ലാലിനെ 'ദ റിയല്‍ ഒജി' എന്നാണ് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ് വിശേഷിപ്പിച്ചത്. 'കർണഭാരം' എന്ന സംസ്കൃത നാടകത്തില്‍ ഉള്‍പ്പെടെയുള്ളവയിലെ നടന്റെ പ്രകടനമികവിനെപ്പറ്റി രാഷ്ട്രപതിയും എടുത്തുപറഞ്ഞു. എന്നാല്‍, പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയം.

"ഈ പുരസ്കാരം എന്നെ കൂടുതൽ നന്ദിയും ഉത്തരവാദിത്തവുമുള്ളവനാക്കുന്നു. മലയാള സിനിമയിലെ മുൻഗാമികളായ ഇതിഹാസങ്ങളുടെ അനുഗ്രഹമെന്ന നിലയിൽ ഈ അവാർഡിനെ സ്വീകരിക്കുന്നു. ഏറെ ചടുലമായ മലയാളത്തിലെ സിനിമാലോകത്തിന്, നമ്മുടെ കലയെ സ്നേഹവും ഉൾക്കാഴ്ചയും കൊണ്ട് പരിപോഷിപ്പിച്ച കേരളത്തിലെ വിവേകമതികളായ പ്രേക്ഷകർക്ക് സമർപ്പിക്കുന്നു....ചിതയിലാഴ്ന്നു പോയതുമല്ലോ ചിരമനോഹരമായ പൂവിതു' എന്നു കുമാരാനാശാൻ എഴുതി. തിളക്കത്തോടെ വിരിഞ്ഞുനിന്ന് പ്രചോദനം നൽകുന്ന സുഗന്ധം അവശേഷിപ്പിച്ചു കടന്നുപോയ എല്ലാവർക്കുമുള്ള ആദരമാകട്ടെ ഈ നിമിഷം. ഇതു സിനിമയോടുള്ള എൻ്റെ പ്രതിബദ്ധത വർധിപ്പിക്കുന്നു. പുതിയ ആത്മവിശ്വാസത്തോടും അഭിനിവേശത്തോടും ലക്ഷ്യബോധത്തോടും കൂടി യാത്ര തുടരുമെന്നു ഞാൻ പ്രതിജ്ഞ ചെയ്യുന്നു. സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനമാണ്," എന്നാണ് അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പ്രസംഗിച്ചത്.

മോഹന്‍ലാലിന്റെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാര സ്വീകരണ പ്രസംഗം
യേശുദാസിന് എം.എസ്. സുബ്ബലക്ഷ്മി അവാർഡ്; ശ്വേതാ മോഹനും സായ് പല്ലവിക്കും തമിഴ്നാട് സർക്കാരിന്റെ കലൈ മാമണി പുരസ്കാരം

പുരസ്കാര സ്വീകരണ പ്രസംഗത്തിലെ കവിതാ ശകലമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചർച്ചാക്കിയിരിക്കുന്നത്. ലാല്‍ ഉദ്ധരിച്ച വരികള്‍ ആശാന്റേതല്ല എന്നാണ് വിമർശനം. ആശാന്റെയല്ലെങ്കില്‍ പി. ഭാസ്കകരന്റെ 'ഓർക്കുക വല്ലപ്പോഴും' എന്ന കവിതയിലെ വരികളാകാം എന്ന് കരുതി തെരഞ്ഞവർക്കും നിരാശയായിരുന്നു ഫലം. ചങ്ങമ്പുഴ കവിതകളിലും ലാല്‍ ചൊല്ലിയ വരികള്‍ തെരഞ്ഞവരുണ്ട്. അതോടെ മോഹന്‍ലാല്‍ ചാറ്റ് ജിപിടിയുടെ സഹായം തേടിയിട്ടുണ്ടാകുമെന്ന ചർച്ചയിലേക്ക് സോഷ്യല്‍ മീഡിയ കടന്നു.

മോഹന്‍ലാലിന് ഈ അബദ്ധം എങ്ങനെ പറ്റി എന്നതിനെപ്പറ്റി ശ്രീചിത്രന്‍ എം.ജെ വിശദമായ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വരികള്‍ കേട്ടയുടനെ എല്ലാവരും വീണപൂവ് നോക്കിയതാണ് അബദ്ധം. ലാല്‍ നോക്കിയത് ചാറ്റ് ജിപിടി ആണെന്നാണ് ശ്രീചിത്രന്റെ കണ്ടെത്തല്‍. കാര്യം എഐ വലിയ സംഭവം ഒക്കെയാണ്. പക്ഷേ ഇത്തരം കാര്യങ്ങൾക്ക് അതിനെ നമ്പാൻ പറ്റുന്ന അവസ്ഥയിൽ നിലവിൽ ആയിട്ടില്ലെന്ന മുന്നറിയിപ്പും ശ്രീചിത്രന്‍ നല്‍കുന്നു.

ശ്രീചിത്രന്‍ എം.ജെയുടെ കുറിപ്പിന്റെ പൂർണരൂപം:

മോഹൻലാൽ ഫാൽക്കെ അവാർഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ മനോഹരമായ പ്രസംഗത്തിൽ സംഭവിച്ച ഒരു അബദ്ധം എങ്ങനെ സംഭവിച്ചു എന്നറിയാതെ ഇവിടെ പലരും അന്തം വിടുന്നുണ്ട്. എനിക്കത് കേട്ടപ്പോൾ തന്നെ മനസ്സിലായി. കുമാരനാശാൻറെ വീണപൂവിലെ വരിയായി "ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്" എന്ന് മോഹൻലാൽ പറഞ്ഞ ഉടനെ എല്ലാവരും വീണപൂവ് നോക്കിയതാണ് അബദ്ധം. സംഭവം സിമ്പിൾ ആണ് - ലാലേട്ടൻ നോക്കിയത് ചാറ്റ് ജിപിടി ആണ്. ചാറ്റ് ജിപിടിയിൽ ഇത്തരം കാര്യങ്ങൾ നോക്കിയാൽ ഇങ്ങനെ പലതും കിട്ടും. കുമാരനാശാൻറെ വരി എന്ന നിലയ്ക്ക് AI ക്രിയേറ്റ് ചെയ്യുന്ന വരികൾ ആണ് പലപ്പോഴും ലഭിക്കുക. എന്നാൽ അത് Al നിർമ്മിതമാണ് എന്ന് ചാറ്റ് ജിപിടി അവിടെ പറയുകയുമില്ല. ഞാൻ കരുതുന്നത് ലാലേട്ടന് സംഭവിച്ച അബദ്ധം ഇതാണ് എന്നാണ്. ചാറ്റ് ജി പി ടി നൽകുന്ന ഉദാഹരണങ്ങൾ ഈ പോസ്റ്റിന് ഒപ്പമുള്ള സ്ക്രീൻഷോട്ടിൽ ഉണ്ട്. അത് നോക്കിയാൽ നിങ്ങൾക്ക് കാര്യം വ്യക്തമാകും. ആശാൻ മാത്രമല്ല, വള്ളത്തോളിനേയും അതിനും പിന്നിൽ എഴുത്തച്ഛനെയും വരെ ചാറ്റ് ജിപിടി കൈകാര്യം ചെയ്ത വിധം നിങ്ങൾക്ക് കാണാം.

കാര്യം എ ഐ വലിയ സംഭവം ഒക്കെയാണ്. പക്ഷേ ഇത്തരം കാര്യങ്ങൾക്ക് അതിനെ നമ്പാൻ പറ്റുന്ന അവസ്ഥയിൽ നിലവിൽ ആയിട്ടില്ല. മോഹൻലാലോ മോഹൻലാലിന് പ്രസംഗത്തിൽ ഇത് എഴുതി കൊടുത്ത ആൾക്കോ കുമാരനാശാനെ ഒക്കെ ഉദ്ധരിക്കണം എന്ന് ഉണ്ടെങ്കിൽ അതിനു പറ്റുന്ന ആരോടെങ്കിലും ചോദിക്കുന്നതായിരുന്നു നല്ലത്. അത്രയേ ഉള്ളൂ കാര്യം.

ഇതൊന്നും മോഹൻലാലിൻറെ പുരസ്കാരത്തിൻറെ വില ഒരു ശതമാനം പോലും കുറയ്ക്കുന്നില്ല.

മലയാളത്തിൻ്റെ മഹാനടന് ആശംസകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com