കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സനിമാസങ്കൽപങ്ങൾക്ക് ജീവൻ നൽകിയ നടന വൈഭവം. വിരൽതുമ്പിൽ പോലും അഭിനയത്തിൻ്റെ പൂക്കൾ വിരിയിക്കുന്ന മോഹൻലാൽ സിനിമാപ്രേമികളുടെ സ്വകാര്യ അഹങ്കാരമാണ്. പഴകും തോറും വീര്യം കൂടുന്ന ലഹരിപോലെ, ഇടം തോൾ ചെരിച്ച് ചെറു പുഞ്ചിരിയുമായി നടന്നുവരുന്ന ലാലേട്ടനിൽ നിന്ന് എംപുരാനിലേക്കുള്ള വളർച്ച, പിന്നെയും ഹൃദയപൂർവം തുടരുന്ന കാഴ്ചയാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കണ്ടുകൊണ്ടിരിക്കുന്നത്.
തലമുറകൾ പലതും മാറിവന്നെങ്കിലും മലയാള മലയാളത്തിൻ്റെ വെള്ളിത്തിരയിൽ മോഹൻലാൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നിട്ടും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ കണ്ണുകൾ, നിഷ്കളങ്കമായ ചിരി, ഒരുവശം ചരിഞ്ഞ തോളുമായുള്ള നടത്തം, കൈവിരലുകളിൽ പോലും ഒളിപ്പിച്ചുവെച്ച അഭിനയം. മലയാളികളുടെ മനസ്സിലേക്ക് മോഹൻലാൽ ചേക്കേറിയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു. ഇന്നും അത് തന്നെ തുടരുകയുമാണ്.
ഓരോ കഥാപത്രങ്ങൾ പരാമർശിച്ച് മോഹൻലാലിനെക്കുറിച്ച് മലയാളികളോട് പറയേണ്ടതില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ മുതൽ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്ത തുടരുമിലെ ബെൻസ് വരെ, ഓരോ കഥാപാത്രങ്ങളും പറഞ്ഞ് പതിഞ്ഞതാണ് ഓരോ ആരാധകനും. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയ എത്രയെത്ര പകർന്നാട്ടങ്ങൾ. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കിടയിൽ നാടോടിക്കാറ്റിലെ ദാസൻ അവരിലൊരാളാണ്.
മുന്തിരിത്തോപ്പുകളിലേക്ക് പ്രണയിനിയെ കൂട്ടിക്കൊണ്ടുപോയ സോളമനും മഴയായ് പെയ്തൊഴിഞ്ഞ ക്ലാരയെ പ്രണയിച്ച തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും വിധി ചാർത്തിയ കിരീടവും ചെങ്കോലും വഹിക്കേണ്ടി വന്ന സേതുമാധവനും ഓട്ടക്കാലണയായ ആടു തോമയും ദേവൻ്റെയും അസുരൻ്റെയും അംശമേറിയ മംഗലശേരി നീലകണ്ഠനും ഓർമകൾക്കിടയിൽ ജീവിതം തന്മാത്ര പോലെ ചുരുങ്ങിയ രമേശൻ നായരും തുടങ്ങി പകർന്നാടിയ വേഷപ്പകർച്ചകൾ ഓരോന്നും അത്രമേൽ യാഥാർത്ഥ്യത്തോടെ മലയാളികളുടെ ഹൃദയത്തിലുണ്ട്.
വർഷങ്ങളായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയാണ് മോഹൻലാൽ ഓരോ സിനിമകളും വിസ്മയമാക്കിയത്. പരാജയങ്ങളും വിമർശനങ്ങളും പലകുറി വന്നപ്പോഴും ഒരൊറ്റ സിനിമയിലൂടെ പരിതസ്ഥിതി തന്നെ മാറ്റിയെഴുതി. സമീപകാലത്ത് എമ്പുരാനിലൂടെ നേരിട്ട സൈബറാക്രമണത്തിൻ്റെ മൂർധന്യാവസ്ഥയിലാണ് തുടരും എന്ന സിനിമയുമായെത്തി ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ചത്. അതാണ് മലയാളികൾക്കിടയിലുള്ള മോഹൻലാലിൻ്റെ സ്വീകാര്യതയും സ്വാധീനവും.
അതേ നാലരപ്പതിറ്റാണ്ടായി കാണുന്നതാണ്. ഇന്നും മലയാളികൾ കാത്തിരിക്കുന്നതും ലാൽ മാജിക്കിനായാണ്. മലയാളത്തിൻ്റെത് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും, ലോക സിനിമയിൽ തന്നെ പ്രതിഭകൊണ്ട് അത്ഭുതപെടുത്തിയ നടനാണ് മോഹൻലാൽ. ഇനിയുമേറെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്ന മലയാളികളുടെ ലാലേട്ടനാണ്. അഭിനയത്തിന്റെ തന്മയത്വം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സിംഹാസനമുറപ്പിച്ച കിരീടവും ചെങ്കോലുമുള്ള നാട്യരാജാവ് ഇനിയും തുടരും.
ഇതുവരെ സമ്മാനിച്ച വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കപ്പുറം ഇനിയും ആടിത്തീരാനുള്ളവ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. മാസ് ചിത്രങ്ങളും, ക്ലാസ് ചിത്രങ്ങളും അഭിനയമികവോടെ പൂർണതയിലെത്തിച്ച പ്രതിഭയുടെ അടുത്ത വിസമയങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.