കൊല്ലം: നടനും സംവിധായകനുമായ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു അദ്ദേഹം. സംസ്ക്കാരം നാളെ തൃശൂരിൽ നടക്കും. ഭൗതികദേഹം കൊല്ലത്തെ പൊതുദർശനത്തിന് ശേഷം ജന്മനാടായ തൃശൂർ തൃത്തല്ലൂരിലെത്തിക്കും.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടിയ അദ്ദേഹം ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.
പ്രശസ്ത നാടകാഭിനേതാക്കളായിരുന്ന ഒ. മാധവന്റെയും വിജയകുമാരിയുടേയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.