കവിയൂർ പൊന്നമ്മ 
MOVIES

ദേവരാജന്‍ മാസ്റ്റർ പാടിപ്പിച്ചു, തോപ്പിലാശാന്‍ അഭിനയം പഠിപ്പിച്ചു; മലയാളത്തിന്റെ പൊന്നമ്മ ഓർമയായിട്ട് ഒരാണ്ട്

14ാം വയസിലാണ് പൊന്നമ്മയ്ക്ക് സിനിമയിലേക്കുള്ള വിളി വരുന്നത്

Author : ശ്രീജിത്ത് എസ്

മലയാളത്തിന്റെ മഹാനടി കവിയൂർ പൊന്നമ്മ ഓർമയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. മലയാളത്തിന്റെ അമ്മ മുഖമായാണ് പല തലമുറ പൊന്നമ്മയെ കണ്ടതും സ്നേഹിച്ചതും. സിനിമയിലെ 'അമ്മ' വിളി ഒരു കുരുക്കാണ്. ഒരു തരം ബിംബക്കെണി. ഒരു നടിയെ സംബന്ധിച്ച് അത് സാധ്യതകള്‍ പരിമിതപ്പെടുത്താം. എന്നാല്‍ കവിയൂർ പൊന്നമ്മ എന്ന നടിയെ അതില്‍ തളച്ചിടുമ്പോള്‍ അവർ ചെയ്ത പല അതുല്യ കഥാപാത്രങ്ങളും വിസ്മരിക്കാന്‍ കൂടി അതിടയാക്കുന്നു.

പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി. ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി ആറിനാണ് പൊന്നമ്മയുടെ ജനനം. പ്രശസ്ത കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയെ പോലെ വലിയ ​ ഒരു ഗായിക ആകണമെന്നായിരുന്നു പൊന്നമ്മയുടെ ആഗ്രഹം. അതിന്റെ ബാഹ്യ അനുകരണവും ആ അതുല്യ ഗായികയോടുള്ള അടങ്ങാത്ത സ്നേഹവുമായിരുന്നു നെറ്റിയിലെ വലിയ വട്ടപ്പൊട്ട്.

പൊന്നമ്മയിലേക്ക് അച്ഛന്‍ ദാമോദരനാണ് സംഗീതം പകർന്നു നല്‍കിയത്. ആ സ്നേഹത്തിന്, എം.എസ്. സുബ്ബലക്ഷ്മിയാകാനുള്ള കൊതിക്ക്, ചിറക് മുളപ്പിച്ച് കൊണ്ടാണ് സംഗീത സംവിധായകന്‍ ജി. ദേവരാജന്റെ വിളി വരുന്നത്. ആ 12 വയസുകാരിയെ ദേവരാജന്‍ മാസ്റ്റർ തോപ്പില്‍ ഭാസിയുടെ 'മൂലധനം' എന്ന നാടകത്തില്‍ പാടിപ്പിച്ചു.

തോപ്പില്‍ ആശാന്‍ പൊന്നമ്മയില്‍ ഒരു നടിയെ കണ്ടു. നാടകാചാര്യന്‍ തന്നെ ആദ്യ പാഠം പഠിപ്പിച്ചു- "അഭിനയം അത്രവലിയ കാര്യമല്ല". ആശാന്റെ നിർദേശങ്ങള്‍ക്കൊത്ത് ആ കുട്ടി അഭിനയിച്ചു തുടങ്ങി. 'മൂലധന'ത്തിലെ നായികയായി. അങ്ങനെ അണിയറയിലെ ശബ്ദം അരങ്ങില്‍ കെപിഎസിയുടെ മുഖമായി.

കെപിഎസിക്ക് പിന്നാലെ പ്രതിഭാ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകവേദികളും പൊന്നമ്മയിലെ അഭിനേത്രിയുടെ മികവ് തെളിയിക്കാനുള്ള അരങ്ങുകളായി. പാടുന്ന, അഭിനയിക്കുന്ന ആ പ്രതിഭയ്ക്ക് കവിയൂർ പൊന്നമ്മ എന്ന് പേര് നല്‍കിയത് നാട്ടുപ്രമാണിയായിരുന്ന ഒരു പ്രവത്യാരാണ്. പ്രശസ്ത ഗായിക കവിയൂർ രേവമ്മയുടെ പിൻഗാമിയായി മാറട്ടെയെന്ന് പ്രമാണി ആശംസിക്കുകയും ചെയ്തു. പൊന്നമ്മ അതിനും അപ്പുറം സഞ്ചരിച്ചു.

14ാം വയസിലാണ് പൊന്നമ്മയ്ക്ക് സിനിമയിലേക്കുള്ള വിളി വരുന്നത്. മെറിലാന്‍ഡിന്റെ ശ്രീരാമപട്ടാഭിഷേകം. കൊട്ടാരക്കരയുടെ രാവണന് പൊന്നമ്മ മണ്ഡോദരിയായി. പിന്നെ പല രൂപത്തില്‍ നമ്മള്‍ പൊന്നമ്മയെ കണ്ടെങ്കിലും സിനിമാ ലോകം ആ മുഖത്തിന് ഇണങ്ങുക അമ്മ വേഷമാണെന്ന് ഏകപക്ഷീയമായി അങ്ങ് തീരുമാനിച്ചു. തന്നേക്കാള്‍ പ്രായം കൂടിയവരുടെ അമ്മയായി അഭിനിച്ച് പൊന്നമ്മ നമ്മളെ വിശ്വസിപ്പിച്ചു. ആ വിശ്വാസം മലയാളിയില്‍ ഉറച്ചു. അവർ നമുക്ക് അമ്മ മുഖമായി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അമ്മയായി (കെപിഎസി ലളിത ഒഴിച്ച്) മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പറ്റാതായി.

അതുകൊണ്ടാണ് 'ആണും പെണ്ണും' എന്ന ആഷിഖ് അബു ചിത്രത്തിലെ സുമതിയമ്മ എന്ന പൊന്നമ്മയുടെ വേഷം ചില മലയാളികള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാതെ പോയത്. "ഇത് ഞങ്ങളുടെ പൊന്നമ്മ അല്ല," എന്ന് സ്റ്റീരിയോടൈപ്പുകളെ സ്നേഹിക്കാന്‍ സിനിമാക്കാർ പഠിപ്പിച്ച ഒരു തലമുറ അലമുറയിട്ടുപോയി. ചിലർ ഇത് പൊന്നമ്മയുടെ 'മാറ്റം' എന്ന് വിലയിരുത്തി. പി.എന്‍. മോനോന്റെ 'റോസി'യെ അവർ ഓർക്കുന്നുണ്ടാവില്ല. 1964ല്‍ 'ആറ്റംബോബ്' എന്ന ചിത്രത്തില്‍ അടൂർ ഭാസിക്കൊപ്പം 'ഡോളി ലക്ഷ്മി' എന്ന തമാശക്കഥാപാത്രമായി അവർ പാട്ടുപാടി ചിരിപ്പിച്ചത് കണ്ടുകാണില്ല. എന്‍.എന്‍. പിള്ളയുടെ 'ക്രോസ് ബെല്‍റ്റിലെ' (1970) പട്ടാളം ഭവാനിയെ മറന്ന് കാലം അവരെ 'അമ്മ' എന്ന് മാത്രം വിളിച്ചു സ്നേഹിച്ചു ശീലിച്ചു പോയി. അതില്‍ തെറ്റില്ല. ആ ശീലം നമ്മളില്‍ വളർത്തിയത് ആ മഹാനടിയുടെ അഭിനയ ചാരുതയാണ്.

SCROLL FOR NEXT