"സഹ്യനേക്കാൾ തലപ്പൊക്കം
നിളയേക്കാളുമാർദ്രത"
ആറ്റൂരിന്റെ ഈ വരികൾ ഒരു ഗജവീരനും മഹാകവി പി. കുഞ്ഞിരാമന്‍ നായർക്കും ഇണങ്ങും. ഒപ്പം വൈക്കം ചെമ്പ് ദേശത്ത് നിന്നുള്ള ഒരു ബഹുരൂപിക്കും. നല്ല തലപ്പൊക്കം. പറഞ്ഞല്ലോ, സഹ്യനൊപ്പം ഗരിമ എന്ന് തന്നെ പറയാം. ചുറ്റുമുള്ള എന്തിനേയും പിടിച്ചിരുത്താൻ സാധിക്കുന്ന ശബ്ദം. വശ്യമായ കണ്ണുകൾ. ചിരി. ഈ അൽഗൊരിതം ആകെ മൊത്തത്തിൽ കൂട്ടിവായിച്ചാൽ മലയാളിക്ക് മുന്നിൽ, ക്ഷമിക്കണം, ലോക സിനിമയ്ക്ക് മുന്നിൽ ഒരു രൂപം തെളിയും. എന്നാൽ പലർക്കും അത് പലവിധമായിരിക്കും. ചേകവരായി കണ്ടവരുണ്ട്, അടിയാനായും കണ്ടവരുണ്ട്, കുറുനരിയായും മാൻപേടയായും കണ്ടവരുണ്ട്. അയാൾ ഇങ്ങനെ വേഷം മാറുകയാണ്. ഒന്നിൽ നിന്ന് ഒന്നിലേക്ക് പരകായപ്രവേശം കണക്കിന് കയറിയിറങ്ങുമ്പോഴും ആ തന്ത്രശാലി ഒരു കാര്യം ശ്രദ്ധിച്ചു. ഒന്നിൽ നിന്നും മാറാപ്പുകൾ ഒന്നും പേറിയില്ല. ഒന്നുമാത്രം കൂടെ കൂട്ടി... സ്വന്തം പേരിനൊരു നെറ്റിപ്പട്ടം...മഹാനടൻ..ആറും അറുപതും ആ 74കാരനെ മമ്മൂക്ക എന്ന് വിളിച്ചു.
ദേവലോകത്ത് നിന്നും പുറത്താക്കപ്പെട്ടവർ ഭൂമിയിൽ അലഞ്ഞുതിരിയുമെന്നാണ് അമ്മുമ്മക്കഥ. എന്നാൽ മമ്മൂട്ടിക്കഥ അൽപ്പം വ്യത്യസ്തമാണ്. വർഷം 1979. അന്നയാൾ ഇന്ന് നമ്മൾ അറിയുന്ന മമ്മൂട്ടി അല്ല. അഡ്വ പി.എ. മുഹമ്മദ്കുട്ടിയാണ്. മലപ്പുറം മഞ്ചേരിയിൽ ശ്രീധരൻ നായരുടെ കീഴിൽ ജോലി ചെയ്യുന്ന ജൂനിയർ വക്കീൽ. സിനിമയാണ് മോഹം. രണ്ട് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച പരിചയമുണ്ട്. വലിയൊരു അവസരം അയാൾക്ക് മുന്നിൽ വരുന്നു. ഒരു സിനിമയിൽ നായകൻ കഴിഞ്ഞാലുള്ള പ്രധാന വേഷം. അതും ചെറുകാടിന്റെ കഥ എംടി തിരക്കഥയാക്കുന്ന 'ദേവലോകം'. സംവിധാനവും സാക്ഷാൽ എംടി തന്നെ. കല്യാണം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങൾ ആയിട്ടേ ഉള്ളൂ. തൊട്ട പൊടിയെല്ലാം ആ കഥാകാരൻ പൊന്നാക്കുമെന്ന് മുഹമ്മദ്കുട്ടിക്ക് അറിയാം. സഖാവ് പാപ്പച്ചൻ എന്ന തന്റെ ആദ്യ ക്രെഡിറ്റഡ് വേഷത്തിനായി അയാൾ പാലക്കാട് കോട്ടമൈതാനത്ത് ഉച്ചവെയിലിൽ തൊഴിലാളി ജാഥ നടത്തി. പക്ഷേ സാമ്പത്തിക പ്രശ്നം കാരണം ജനശക്തിയുടെ 'ദേവലോകം' രണ്ടാഴ്ചത്തെ ഷൂട്ടിങ്ങിനു ശേഷം നിലച്ചു. എംടി കോഴിക്കോടേക്ക് മടങ്ങി.
വായിച്ച വരികളും കണ്ട മുഖങ്ങളും മറക്കാത്ത എംടി മുഹമ്മദ്കുട്ടിയേയും മറന്നില്ല. 1980ൽ 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന തന്റെ തിരക്കഥയിൽ ഒരു കഥാപാത്രത്തിന് മമ്മൂട്ടി നന്നാകും എന്ന് എംടിക്ക് തോന്നി. ചെറിയ വേഷമാണ്. പക്ഷേ ഇത്തരക്കാർക്ക് ഒരു പ്രശ്നമുണ്ട്. വാതിൽ തുറന്നുകിട്ടേണ്ട കാര്യമേയുള്ളൂ. വിരുന്ന് മേശ താനെ ഒരുങ്ങും. 'വിൽക്കാനുണ്ട് സ്വപ്ന'ത്തിലെ മമ്മൂട്ടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത് കിട്ടിയ അവസരം കെ.ജി. ജോർജിനൊപ്പം. 'മേള'. മേളയിലും നായകനല്ല. പ്രതിനായകനുമല്ല. ഒരു സർക്കസ് കമ്പനിയിലെ ബൈക്ക‍് റൈഡർ. പക്ഷേ മമ്മൂട്ടിയിൽ ജോർജ് തന്റെ കഥാപാത്രത്തെ കണ്ടു. ഒറ്റയടിക്ക് ആരെയും കയ്യടിപ്പിക്കുന്ന പ്രകടനമായിരുന്നില്ല ആ സിനിമയിൽ മമ്മൂട്ടി കാഴ്ചവച്ചത്. പക്ഷേ 'ജോർജ് ചിട്ട'യിൽ മമ്മൂട്ടി അച്ചടക്കത്തോടെ അഭിനയിച്ചു. പക്ഷേ ആ ഇതിഹാസ സംവിധായകൻ ഒന്നുറപ്പായിരുന്നു. ഈ വീഞ്ഞ് പഴകും. പുളിപ്പ്, രുചിയാകും. മലയാളി മത്ത് പിടിക്കും. അത് ശരിയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളി മൂക്കറ്റം ആ വീഞ്ഞ് മോന്തി. മത്ത് ആയി.
മമ്മൂട്ടി ഏതു പരീക്ഷണശാലയ്ക്കും ചേരുന്ന രാസവസ്തുവാണ്. ടി.വി. ചന്ദ്രന്റെ മാജിക്കൽ റിയലിസത്തിനും അടൂരിന്റെ റിയലിസത്തിനും അയാൾ വഴങ്ങി. അവിടെ നിന്ന് ജോഷിയുടെ സെറ്റിലേക്കുള്ള ദൂരത്തിനിടയിൽ അയാൾ മറ്റൊരാളായി ഫാസിൽ കഥാപാത്രത്തിന്റെ വേദനയുടെ ഭാരം ഇറക്കിവച്ചു. പട്ടണത്തിൽ ഭൂതമാകാനും കുഞ്ഞച്ചനാകാനും ഗുലാനാകാനും ഉരഗം കണക്കിന് അയാൾ തോലുരിഞ്ഞു. പല ദേശ ഭാഷകളിൽ പെരുമാറുന്ന കഥാപാത്രങ്ങളെ മമ്മൂട്ടി തന്റെ വരുതിയിലാക്കി. അത് അത്ര എളുപ്പമുള്ള കാര്യമല്ല.
'മെത്തേഡ് ആക്ടിങ്' എന്നാണ് മമ്മൂട്ടിയുടെ അഭിനയ രീതിയെ വിശേഷിപ്പിച്ചുകാണാറുള്ളത്. എന്നാല്‍ അഭിനയത്തില്‍ അങ്ങനെ തെക്ക്-വടക്കന്‍ ചിട്ടകള്‍ മമ്മൂട്ടി പിന്തുടരാറില്ല എന്നാണ് തോന്നുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ ഒരു തസ്കരനെ പോലെയാണ് മമ്മൂട്ടി. കഥാപാത്രങ്ങള്‍ക്കുള്ളില്‍ അയാള്‍ പതുങ്ങിയിരിക്കും. തന്റെ ശ്വാസോച്ഛ്വാസം പോലും വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കും. അങ്ങനെ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്. അതില്‍, ജനപ്രിയ സിനിമകളില്‍ ഒന്ന് എടുത്ത് നോക്കാം. പപ്പയുടെ സ്വന്തം അപ്പൂസ്.
അത്യാസന നിലയില്‍ കിടക്കുന്ന മകനെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്ന ബാലചന്ദ്രന്‍. അല്‍പ്പം മദ്യപിച്ചിട്ടുണ്ട്. കയ്യില്‍ കുറച്ച് ഫ്രൂട്സും. സുഹൃത്തുകൂടിയായ ഡോക്ടർ മകന്റെ രോഗം വിശദീകരിക്കുമ്പോള്‍ അയാള്‍ ഇല്ലാതാകുന്നു. അയാളുടെ തൊണ്ടയിടറുന്നു. കയ്യിലെ പഴങ്ങള്‍ താഴേക്ക് വാഴുന്നു. അതയാള്‍ പെറുക്കിയെടുക്കാന്‍ ശ്രമിക്കുന്നു. ബാലന്റെ മനസ് ശരീര ചലനങ്ങളില്‍ വ്യക്തം. അവിടെ മമ്മൂട്ടിയില്ല. ബാലചന്ദ്രന്‍ മാത്രം. അയാള്‍ കരയുമ്പോള്‍ കാണിയുടെ കവിളും സ്വന്തം കണ്ണുനീരാല്‍ പൊള്ളി.
സുകൃതത്തിലെ രവിശങ്കറിന്റെ കാര്യമെടുത്താല്‍ ആദ്യം നമ്മള്‍ അയാളെ കാണുന്നത്. മരണത്തെ സ്വീകരിക്കാന്‍ തയ്യാറായി കാത്തിരിക്കുന്ന ഒരാളായാണ്. പിന്നെപ്പോഴോ അയാള്‍ക്ക് ജീവിതം തിരികെകിട്ടുന്നു. ഒടുവില്‍ പത്രം ഓഫീസില്‍ മുന്‍കൂർ തയ്യാറാക്കി വച്ചിരുന്ന തന്റെ ചരമവാർത്തയ്ക്ക് വേണ്ട തിരുത്തല്‍ വരുത്തി അയാള്‍ നടന്നു നീങ്ങുന്നു. യാത്രകള്‍ ഒടുങ്ങാത്ത റെയില്‍ പാളത്തിലൂടെ. ഒരു കഥാപാത്രത്തിന്റെ പല തലങ്ങളിലൂട ഈ സിനിമയില്‍ മമ്മൂട്ടി കടന്നുപോകുന്നത് കാണാം.
അനായാസമായി പലതിനേയും സ്വീകരിക്കാനും ഉപേക്ഷിക്കാനും ആ നടന് സാധിച്ചു. അതുകൊണ്ടാണ് പഴശിക്കും പൊന്തന്‍മാടയ്ക്ക് ഒരു ശരീരത്തില്‍ പല ഭാവങ്ങള്‍ നല്‍കാന്‍ അയാള്‍ കഴിഞ്ഞത്. ഭാസ്കര പട്ടേലരും നത്ത് നാരായണനും ഒരാളല്ല. ഉള്ളില്‍ മമ്മൂട്ടി പതുങ്ങിരുന്നു എന്ന് മാത്രം.
പരിമിതികൾ മനസിലാക്കി എന്നതാണ് മമ്മൂട്ടിയുടെ വിജയം. എന്നാൽ അവയെ ഭയപ്പാടോടെ നോക്കി പകച്ചുനിന്നുമില്ല. കോമഡിയും ഡാൻസും ഫൈറ്റും മമ്മൂട്ടിക്ക് വഴങ്ങില്ലെന്ന് പറയുന്നവരുണ്ട്. പക്ഷേ അതേ ആളുകളെ അയാൾ ചിരിപ്പിച്ചു. പറ്റുന്നപോലെ ഡാൻസ് കളിച്ചു. ഒന്ന് കളിയാക്കിയേക്കാം എന്ന് വിമശകർ വിചാരിക്കുന്ന നിമിഷം അഭിനയതതിന്റെ ഒരു തുണ്ട് കൽക്കണ്ടം വായിൽവച്ചുതന്നെ നാവടിക്കിപ്പിച്ചു.
'പെട്ടി, കുട്ടി, മമ്മൂട്ടി' എന്ന ടെംപ്ലേറ്റിനുള്ളിൽ ആ നടനെ പരിഹസിച്ചിരുത്താനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് നമ്മൾ കാണുന്നതെന്താണ്? അവരെയെല്ലാം അയാൾ മമ്മൂട്ടി കമ്പനിയാക്കി. അയാളുടെ കയ്യിലെ അടുത്ത ചീട്ടെന്താണ് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നവരാക്കി. ആ നടനിലൂടെയാണ് മലയാള സിനിമ വളർന്നുകൊണ്ടിരിക്കുന്നത്. പുതു സിനിമകൾ, പുതു സംവിധായകർ, പുത്തൻ ഴോണറുകൾ. അയാൾ വഴിവെട്ടുകയാണ്. മലയാള സിനിമയ്ക്ക് നടന്നുകയറാൻ.
അതുകൊണ്ടാകണം തങ്ങളുടെ പ്രിയ നടൻ രോഗത്തിന് മുന്നിൽ കാലിടറി എന്ന് കേട്ടപ്പോൾ മലയാളക്കര ഒന്നാകെ കരഞ്ഞത്. അയാൾ തിരിച്ചെത്തുന്നുവെന്ന വാർത്തയ്ക്ക് കയ്യടിച്ചത്. അവർക്ക് ഉറപ്പുണ്ട്. അയാൾ തിരിച്ചുവരുന്നത് വെറുതെയല്ല. പുതിയ പുതിയ പുതുമകൾ അവതരിപ്പിക്കാനാണ്. ഇനിയും ആ മഹാനടന്റെ കഥാപാത്രങ്ങളിൽ മലയാളി മത്ത് പിടിച്ചിരിക്കും. ഡാനിയെപ്പോലെ ഫോർത്ത് വാൾ ബ്രേക്ക് ചെയ്ത് അയാൾ ഓർമിപ്പിക്കും വരെ- "അറിയാല്ലോ മമ്മൂട്ടിയാണ്".