മലയാളത്തിൻ്റെ നിത്യ വസന്തം മമ്മൂട്ടിക്ക് ഇന്ന് 74ാം പിറന്നാൾ ദിനം. ഭാവിയെക്കുറിച്ച് ചിന്തിച്ചുകൂട്ടി, ചിന്തിച്ചതിൽ പാതി പതിരാണെന്നു പിന്നീട് തിരിച്ചറിയുന്ന ഒരു സാധാരണക്കാരനിൽ നിന്ന് മമ്മൂട്ടി എന്ന പ്രതിഭാസമായി മാറിയത്, തന്നിലെ നടൻ്റെ അടങ്ങാത്ത ആഗ്രഹങ്ങൾ നയിച്ചപ്പോഴാണ്. ഇപ്പോൾ, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മമ്മൂട്ടി തിരികെ എത്തുന്നതിനുള്ള ബെല്ല് മുഴങ്ങുന്നതും ആ അഭിനിവേശത്തിൻ്റെ തിരിയിളക്കം തന്നെ.
"ഒരു മമ്മൂട്ടി സിനിമകളിൽ അഭിനയിച്ചു ജീവിക്കുമ്പോൾ, രണ്ടാമത്തെ മമ്മൂട്ടി ആദ്യത്തെ മമ്മൂട്ടിയെ നോക്കിയും, വിലയിരുത്തിയും, തിരുത്തിയും മുന്നോട്ടു പോകുന്നു. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനും വിമർശകനും എക്കാലത്തും മമ്മൂട്ടി തന്നെയാണ്. തന്നിലെ അഭിനേതാവിനെ നിരന്തരം തേച്ചുമിനുക്കുന്ന നടനായതുകൊണ്ടാണ് എന്നും പുതുമയുടെ സഹയാത്രികനായി നമുക്ക് മമ്മൂക്കയെ കാണാൻ കഴിയുന്നത്," മലയാളത്തിലെ സീനിയർ സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ വാക്കുകളാണിവ.
സത്യൻ അന്തിക്കാട് ഇങ്ങനെ പറയുമ്പോൾ, രണ്ട് മമ്മൂട്ടിയെ കാണാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടായിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നത് മലയാളത്തിലെ ഓരോ പ്രേക്ഷകനുമാണ്. ഒരാൾ വിസ്മയിപ്പിക്കുമ്പോൾ, മറ്റൊരാൾ എക്കാലത്തും സ്വയം വിമർശകനായി കാലത്തിനൊപ്പം സഞ്ചരിക്കുന്നു. അതുകൊണ്ടു തന്നെയാണ് മലയാള സിനിമ, മമ്മൂട്ടിയുടെ ലോകം എന്ന് പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടിരുന്നതും.
"തേച്ചു മിനുക്കിയെടുത്ത നടനാണ് ഞാൻ. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും," തന്നിലെ അഭിനേതാവിനെക്കുറിച്ച് മമ്മൂട്ടി ഇങ്ങനെ പറഞ്ഞപ്പോഴൊക്കെ തന്നെ തന്നിലുള്ള കലാംശത്തെ പൂർണമായും തിരിച്ചറിഞ്ഞിട്ടുള്ള ഒരു പ്രതിഭാശാലിയെ ആണ് പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. അവിടെ താരപ്രഭയുടെ ശ്വാസം മുട്ടിക്കലുകളിൽ നിന്നും വെല്ലുവിളിയേകുന്ന കഥാപാത്രങ്ങൾക്കായുള്ള അടങ്ങാത്ത അഭിനിവേശം നമ്മൾ കണ്ടു. ഈ പതിറ്റാണ്ടിലെ കാതലും റോക്ഷാക്കും ഭ്രമയഗവും വരെ അത് അടയാളപ്പെടുത്തുന്നു. 80 കളിൽ പുറത്തിറങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങളിലെ മാധവൻ കുട്ടി മുതൽ കഴിഞ്ഞ ഏപ്രിലിൽ പ്രേക്ഷകർ കണ്ട ബസൂക്ക വരെ ആ അഭിനിവേശ തിരയിളക്കം കണ്ടു.
ആ സിനിമാ യാത്രയിൽ, ഒറ്റവാക്കുകൊണ്ട് മമ്മൂട്ടി എന്ന നടനേയും താരത്തേയും അടയാളപ്പെടുത്താം. സിനിമയോട് കലഹിക്കുന്ന മമ്മൂട്ടി. അയാൾ ചെയ്തു ഫലിപ്പിക്കാത്ത വേഷങ്ങളില്ല, പകർന്നാടാത്ത നടനഭാവങ്ങളില്ല! എന്നിട്ടും തന്നിനെ നടനോട് നിരന്തരം സ്വയം മത്സരിച്ച്, പരീഷണങ്ങൾക്കും പുതുമകൾക്കും അന്വേഷണം നടത്തി, സാങ്കേതിക തികവിൻ്റെ വളർച്ചകളെ സാധ്യതകളാക്കി മാറ്റി, കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അയാൾ കലഹിക്കുകയാണ്.
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നു കുറിച്ച് പത്രത്തിൽ പരസ്യം നൽകിയ നിയമ ബിരുദധാരിയായ പാണപറമ്പിൽ ഇസ്മയിൽ മുഹമ്മദ് കുട്ടിയെന്ന വൈക്കംകാരനിൽ നിന്ന്, 400 ൽ അധികം സിനിമകളിൽ അഭിനിയിച്ച, ഏറ്റവും താരമൂല്യമുള്ള, രാജ്യം അംഗീകരിച്ച നടനിലേക്കുള്ള പ്രയാണം. അതാണ് ഇന്നും മമ്മൂട്ടി എന്ന നടരാജാവിലേക്കുള്ള ദൂരം. പ്രേക്ഷക മനസിനെ അത്രയേറെ സ്പർശിക്കാൻ താരപ്പകിട്ടിൽ നിന്നും തന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവന്ന് അയാൾ ഏറെ ദൂരം സഞ്ചരിച്ചു.
ശബ്ദംകൊണ്ടും നോട്ടംകൊണ്ടും വൈകാരിക ഭാവ പ്രകടനങ്ങൾകൊണ്ടും നന്മ വിതറുന്ന നായകന്മാരെ പകർന്നാടിയ നടൻ, പുറം കാഴ്ചയുടെ ധാരണകളെ പൊളിച്ചെഴുതി മുഴുനീള വിപരീത കഥാപാത്രമാകാനും കലഹിച്ചു. പ്രതികാരത്തിൻ്റെ മറ്റൊരു തലത്തിൽ സ്വയം വില്ലനായി മാറിയ റോഷാക്കിലെ ലൂക്കിൽ ആ അംശങ്ങളെ കണ്ടു. പുഴുവിലെ കുട്ടനും വിധേയനിലെ ഭാസ്കര പട്ടേലറും പാലേരി മാണിക്യത്തിലെ മുരിക്കുംകുന്നത് അഹമ്മദ് ഹാജിയും ഇരുത്തം വന്ന സ്വഭാവിക അഭിനയംകൊണ്ട് അയാൾ വിസ്മയം സൃഷ്ടിച്ചു.
കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനായപ്പോഴാണ് ആരാധിച്ചവർക്കുപോലും വെറുപ്പും നീരസവും വിദ്വേഷവും തോന്നിപ്പിച്ച കൂടെവിടെയിലെ ക്യാപ്റ്റൻ തോമസിനെ അദ്ദേഹം രേഖപ്പെടുത്തിയത്. സാധു മനുഷ്യനിൽ നിന്നുമുള്ള ഭാവമാറ്റങ്ങൾ കൊണ്ടു ഞെട്ടിച്ച മുന്നറിയിപ്പിലെ സി.കെ. രാഘവൻവരെയുള്ള പകർന്നാട്ടങ്ങൾ. മമ്മൂട്ടിയെന്ന നടൻ തിരിച്ചറിയുന്നുണ്ട്, താരപ്രഭയിൽ നിന്നും താഴേക്കിറങ്ങി വരുമ്പോഴാണ് അത്ഭുതവും അതിശയവും ആവേശവും ആകാംഷയും ജനിക്കുന്നതെന്ന്.
പരാജയങ്ങളുടെ പടുകുഴിയിൽ വീണ് ബോക്സോഫീസിൽ ഇനി തിരിച്ചു വരവില്ലെന്നു പറഞ്ഞിടത്ത് ന്യൂ ഡെൽഹിയും ഹിറ്റ്ലറും ഐക്കോണിക് വിജയങ്ങളാക്കി മാറ്റിയ ചരിത്രമാണ് ആ മഹാ നടൻ്റേത്. അത്, എല്ലാക്കാലത്തും ഇതര ഭാഷകളിലെ മാറ്റങ്ങളും സാങ്കേതിക വശത്തിൻ്റെ വളർച്ചയും നിരീഷിച്ച്, താനും തൻ്റെ സിനിമയും അപ്ഡേറ്റ് ചെയ്ത ഒരു മനുഷ്യൻ്റെ സിനിമാ ചരിത്രമാണ്. കോവിഡിനു ശേഷം മമ്മൂട്ടി എന്ന താരം, നടനായി സഞ്ചരിച്ച ദൂരം, സൂഷ്മമായ തെരഞ്ഞെടുപ്പുകളുടെയും സിനിമാ മാറ്റങ്ങളുടെയും തോളേറിയുള്ളതായിരുന്നു.
ശരീരം എന്ന പോലെ ശബ്ദത്തെയും തൻ്റെ അഭിനയത്തിൻ്റെ ഉപകരണമാക്കി മാറ്റിയപ്പോൾ, ശബ്ദത്തിൽ ഭാവ വ്യത്യാസങ്ങളെ സൃഷ്ടിച്ച് ആഴപ്പരപ്പുകളും അടരുകളും അയാൾ അളന്നെടുത്തു. വിധേയൻ, രാജമാണിക്യം, അമരം, ഡാനി, പ്രാഞ്ചിയേട്ടൻ, പാലേരി മാണിക്യം, പുത്തൻപണം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാള സിനിമയിൽ ഭാഷാ വൈവിധ്യത്തിനു ഇടമൊരുക്കി. സംഭാഷണങ്ങൾക്കിടയിലെ നിശ്വാസങ്ങളും നിശബ്ദതകളും നീട്ടിക്കുറുക്കലുകളും ശബ്ദത്തിൻ്റെ ഉയർച്ച താഴ്ചയുമെല്ലാം ജീവിതത്തെ വൈകാരികമാക്കി മാറ്റി.
തിരശീലയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ പുതിയതൊന്നും ഏറെയില്ലെന്നുള്ള തിരിച്ചറിവിലാണ് പുതുമയ്ക്കും പരീക്ഷണത്തിനുമായി മമ്മൂട്ടി സിനിമകൾ ഈ പതിറ്റാണ്ട് മാറിയത്. പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി പോലും ആ സംസ്കാരത്തിനാണ് തുടക്കം കുറിച്ചത്. ഇന്നും സിനിമയ്ക്കായി, മികച്ച കഥാപാത്രങ്ങൾക്കായി ആഗ്രഹിക്കുന്ന എഴുപത്തി നാലുകാരൻ ആവേശം കൊളളുന്നത് അവിടെയാണ്.
പാടി പതിഞ്ഞുപോയ, കേട്ടുപഴകിപ്പോയ പാണൻ്റെ പാട്ട് പോലെയാണ് മലയാളികൾക്ക് മമ്മൂട്ടി. ദാ ഒരു ഇടവേള സംഭവിച്ചിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളുമായി മാറി നിന്നിടത്തു നിന്നും അയാൾ തിരികെ വന്നിരിക്കുകയാണ്. ഇനിയും ഏറെ വിസ്മയക്കാഴ്ചകൾക്ക്, പകന്നാട്ടങ്ങൾക്ക് വേദിയൊരുക്കാൻ ഒരു തിരിച്ചു വരവ് അനിവാര്യമാണ്. മമ്മൂട്ടിയുടെ തന്നെ ഹിറ്റ്ലർ സിനിമയുടെ ക്ലൈമാക്സിലെ കുറിപ്പ് പോലെ- "ഒന്നും ഉപേഷിച്ച് പോകാൻ അയാൾക്കാവില്ല, ശാഠ്യങ്ങളും, ശീലങ്ങളും, ഒന്നും."
മലയാളത്തിൻ്റെ പ്രിയ മമ്മൂക്ക. ന്യൂസ് മലയാളത്തിൻ്റെ പിറന്നാൾ ആശംസകൾ. ഇനിയും കാണാൻ കാത്തിരിക്കുന്നു, ആ മമ്മൂട്ടിക്കാഴ്ചകൾക്കായി...