'കളങ്കാവൽ' സിനിമയിലെ നടിമാരും മമ്മൂട്ടിയും Source: Youtube / Mammootty Kampany
MOVIES

'കളങ്കാവലി'ൽ പുരുഷ കഥാപാത്രങ്ങൾ കുറവാണ്, ബാക്കി മുഴുവൻ സ്ത്രീകൾ: മമ്മൂട്ടി

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രമാണ് 'കളങ്കാവൽ'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രമാണ് 'കളങ്കാവൽ'. ഡിസംബർ ആദ്യ വാരം എത്തുന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസമാണ് നടന്നത്. സിനിമയിൽ പ്രതിനായക വേഷത്തിലാകും മമ്മൂട്ടി എത്തുക. വിനായകൻ ആണ് സിനിമയിലെ നായകനെന്നും മമ്മൂട്ടി തന്നെ പ്രീ റീലിസ് ഇവന്റിൽ വ്യക്തമാക്കിയിരുന്നു. സിനിമയിൽ പുരുഷ കഥാപാത്രങ്ങൾ കുറവാണെന്നും ബാക്കി മുഴുവൻ സ്ത്രീ കഥാപാത്രങ്ങളാണെന്നും നടൻ പറഞ്ഞു.

"ഇത്രയും സ്ത്രീകൾ ഒരുമിച്ച് അഭിനയിച്ച ഒരു സിനിമയുണ്ടെന്ന് തോന്നുന്നില്ല. ഇല്ലെന്ന് അല്ല. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമില്ലെന്ന് പറയുന്നതിന് പകരം നമ്മൾ സ്ത്രീകൾ മാത്രമുള്ള ഒരു സിനിമ എടുത്തതാണ്. ഇവർ എല്ലാവരും ഈ സിനിമയോട് സഹകരിച്ചു," മമ്മൂട്ടി പറഞ്ഞു.

സിനിമയുടെ പ്രീ റിലീസ് ടീസറും ചടങ്ങിൽ പുറത്തിറക്കി. ഗംഭീര മുഹൂർത്തങ്ങൾ ചേർത്ത് ആരാധകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ കഥാപാത്രത്തെപ്പറ്റിയുള്ള മമ്മൂട്ടിയുടെ വാക്കുകൾ ഉദ്വേഗം ഇരട്ടിയാക്കി.

"എന്നെ സംബന്ധിച്ച് സിനിമയല്ല പരീക്ഷണം, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഈ സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല," എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ഡിസംബർ അഞ്ചിന് ആണ് മമ്മൂട്ടി-വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'കളങ്കാവൽ' തിയേറ്ററുകളിലേക്ക് എത്തുന്നത്. ജിതിന്‍ കെ ജോസ് ആണ് സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. യു എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

SCROLL FOR NEXT