കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കാരൈക്കുടിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ബേസിൽ ജോസഫ് നായകനായ 'ഫാലിമി' എന്ന സൂപ്പർ ഹിറ്റിന് ശേഷം നിതീഷ് സംവിധാനം ചെയ്യുന്ന മലയാളം ചിത്രമാണിത്.
മമ്മൂട്ടി കമ്പനിയുടെ ഒൻപതാം നിർമാണ സംരംഭമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ 'വാഴ 2' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധക്കപ്പെട്ട സോഷ്യൽ മീഡിയ താരം ഹാഷിറും അഭിനയിക്കുന്നതായാണ് റിപ്പോർട്ടുകൾ. സിനിമയെ സംബന്ധിക്കുന്ന കൂടുതൽ അപ്ഡേറ്റുകൾ ഉടൻ പുറത്തുവിടുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്.
ഈ സിനിമ ഒരു ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കുമെന്ന് നിതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള-തമിഴ്നാട് ബോർഡർ പശ്ചാത്തലമാക്കി ഒരു ഫൺ ഗ്യാങ്സ്റ്റർ സിനിമയാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയില്ലെന്നും ഒൻപത് വയസുള്ള ഒരു കുട്ടിയാകും മമ്മൂട്ടിക്കൊപ്പം സ്ക്രീനിൽ പ്രധാന റോളിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. 'രാജമാണിക്യം', 'കളങ്കാവൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന ചിത്രമാകുമിത് എന്നാണ് സൂചന.
ജീവ നായകനായ 'തലൈവർ തമ്പി തലൈമയിൽ' എന്ന തമിഴ് സിനിമയാണ് നിതീഷ് സഹദേവ് ഒടുവിൽ സംവിധാനം ചെയ്തത്. മിന്നുന്ന വിജയമാണ് ഈ ചിത്രം തമിഴ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. 30 കോടിക്ക് മുകളിൽ കളക്ട് ചെയ്ത ചിത്രം പൊങ്കൽ വിന്നർ ആയാണ് തിയേറ്റർ വിട്ടത്. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ശേഷവും മികച്ച അഭിപ്രായമാണ് 'തലൈവർ തമ്പി തലൈമയിൽ' നേടിയത്.