നടന്ന, നടന്നുകൊണ്ടിരിക്കുന്ന ചില യഥാർഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്കുമാർ പെരിയസാമി 'ഓം: ഓപ്പറേഷൻ മോൾ' എന്ന തന്റെ മൂന്നാം ചിത്രം ഒരുക്കിയിരിക്കുന്നത്. ആഴമേറിയ ഒരു വിഷയത്തെയാണ് ചിത്രം അഭിസംബോധന ചെയ്യുന്നത്. എന്നാൽ, അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നുമില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥ, ചാരൻ, സ്മഗ്ലർ എന്നിവരിലൂടെ കോടികളുടെ രക്ത ചന്ദന കടത്തിന്റെ കഥ പറയുന്ന ചിത്രം, തുടക്കത്തിൽ തിടുക്കത്തിൽ ഓടിയും നല്ലൊരു ഇന്റർവൽ ബ്ലോക്കിൽ ശ്വാസം കണ്ടെത്തിയും പിന്നങ്ങോട്ട് ഇഴഞ്ഞും പതറിയുമാണ് മുന്നോട്ടുനീങ്ങുന്നത്. മമ്മൂട്ടി, സായ് പല്ലവി എന്നിവരുടെ സോളിഡ് പെർഫോർമൻസാണ് ഈ ധനുഷ് ചിത്രത്തിന്റെ ഹൈലൈറ്റ്. പിന്നെ, മാസ് മൊമന്റുകൾ സൃഷ്ടിക്കുകയും ഇമോഷണൽ സീനുകളെ ഉയർത്തുകയും ചെയ്യുന്ന സായ് അഭ്യങ്കറുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും.
സിനിമയുടെ പ്ലോട്ട് കേട്ട് പരിചയമുള്ളത് തന്നെയാണ്. ഒരു സ്മഗ്ലിങ് നെറ്റ്വർക്കിന് പിന്നാലെ പോകുന്ന പൊലീസ് ഉദ്യോഗസ്ഥയായ നായിക. അവരെ സഹായിക്കുന്ന നായകൻ. ഇവർക്ക് എതിർ വശത്ത് വലിയ ഒരു ക്രിമിനൽ സംഘം. ഈ പതിവ് കഥയിൽ വേറിട്ട് നിൽക്കുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന ബർമ കാർത്തികേയൻ എന്ന സ്മഗ്ലറാണ്. എന്തുകൊണ്ട് മമ്മൂട്ടിയെ രാജ്കുമാർ പെരിയസാമി ഈ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തു? അതിന്റെ ഉത്തരം കാർത്തികേയന്റെ ഇൻട്രോ മുതൽ വ്യക്തമാണ്. അയാൾ വലിയ രീതിയിൽ ഫൈറ്റ് ചെയ്യുന്നില്ല, മാസ് ഡയലോഗ് പറയുന്നില്ല, തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നില്ല. പക്ഷേ, അയാൾ അന്താരാഷ്ട്ര തലത്തിൽ വ്യാപിച്ച് കിടക്കുന്ന ഒരു ക്രൈം നെറ്റ്വർക്കിന്റെ പ്രധാന കണ്ണിയാണ്. ഇവിടെയാണ് പെരിയസാമി എന്ന സംവിധായകൻ മമ്മൂട്ടി എന്ന നടനിലേക്ക് എത്തുന്നത്. സ്ക്രീനിലേക്ക് വരുന്ന നിമിഷം മുതൽ തന്റെ സാന്നിധ്യം കൊണ്ട് മമ്മൂട്ടി പ്രേക്ഷകരെ ആകർഷിക്കുന്നു. പിന്നങ്ങോട്ട് ഓരോ ഫ്രെയിമിലും നോട്ടങ്ങൾ കൊണ്ട് ആ കഥാപാത്രത്തിന്റെ ഉള്ള് എന്താണെന്ന് കാട്ടി തരുന്നു. ആ കഥാപാത്രത്തെ വലിയ സീക്വൻസുകൾ സൃഷ്ടിച്ച് വലുതാക്കേണ്ട കാര്യമില്ലെന്ന് അർഥം. നടൻ മാത്രം മതി. അയാളുടെ ക്ലോസപ്പുകളും.
ഇതൊരു ധനുഷ് ചിത്രമാണെന്ന കാര്യം ഫൈറ്റും ബാക്ക്ഗ്രൗണ്ട് സ്കോറുമാണ് പലപ്പോഴും ഓർമിപ്പിക്കുന്നത്. ഏഴ് വർഷത്തിന് ശേഷം തമിഴിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് മമ്മൂട്ടി. അതേസമയം, 32 വർഷത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം എത്തിയ നസീറുദ്ദീൻ ഷായ്ക്ക് കാര്യമായ സംഭാവനകൾ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അത്ര പ്രാധാന്യം തോന്നിക്കാത്ത ഒരു പ്രധാന കഥാപാത്രം മാത്രമാണ് ഷാ ഈ ചിത്രത്തിൽ.
മറുവശത്ത്, നിത്യ റെഡ്ഡി എന്ന പൊലീസ് ഉദ്യോഗസ്ഥയായി എത്തുന്ന സായ് പല്ലവിയും ധനുഷും സോളിഡായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. രക്തചന്ദന കൊള്ളക്കാരിൽ നിന്ന് വ്യക്തിജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ നേരിട്ടിട്ടുള്ള കഥാപാത്രത്തെ ഗൗരവം ചോരാതെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ ധനുഷിനൊപ്പം പ്രധാന്യത്തോടെയാണ് സായ്യുടെ കഥാപാത്രത്തെ സംവിധായകൻ പ്ലേസ് ചെയ്തിരിക്കുന്നത്. 'വിരുമാണ്ടി' സ്റ്റൈൽ സീക്വൻസിൽ ധനുഷിന് ഒരുപടി മുകളിൽ സായ്യുടെ ആക്ഷൻ ഉയർന്നുനിൽക്കുന്നുവെന്ന് പറയാം.
ധനുഷിന് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലുള്ളത്. ആ എളുപ്പം ഒഴപ്പാനുള്ള വഴിയായിട്ടല്ല നടൻ കണ്ടത്. താരത്തെ പുറത്തിറക്കേണ്ട ഇടങ്ങളിൽ താരത്തെയും നടനെ എടുത്തുകാട്ടേണ്ടിത് നടനേയും കാട്ടിയാണ് ധനുഷ് ചിത്രത്തിലുടനീളം സ്ക്രീനിലേക്ക് വരുന്നത്.
എന്നാൽ, ഒരു പക്ക ധനുഷ് ചിത്രം എന്ന തരത്തിലല്ല രാജ്കുമാർ പെരിയസാമി 'ഓം' ഒരുക്കിയിരിക്കുന്നത്. കൊമേഷ്യൽ സിനിമയുടെ ഫ്ലേവറുകൾ എല്ലാം ചേർക്കാൻ പറ്റുന്ന കഥയെ, വേറിട്ട വഴിയെ ആണ് സംവിധായകൻ കൊണ്ടുപോകുന്നത്. ആ വഴി, 2015ൽ തിരുപതിയിലെ ശേഷാചലം കാടുകളിൽ നടന്ന, 20 തമിഴ്നാട് സ്വദേശികളുടെ ജീവനെടുത്ത പൊലീസ് ഏറ്റുമുട്ടലിലാണ് ചെന്നവസാനിക്കുന്നത്. ആ സംഭവത്തെ രാജ്കുമാർ പെരിയസാമി തന്റെ കഥയുടെ പ്രധാന ടേണിങ് പോയിന്റാക്കുന്നു. പ്രധാന കഥാപാത്രങ്ങളെ അതുമായി ഇമോഷണലി കൂട്ടിക്കെട്ടുന്നു. ഇന്ദ്രൻസിന്റെ പ്രകടനം ആ ഇമോഷൻ ഇരട്ടിപ്പിക്കുന്നു. സായ് അഭ്യങ്കർ എന്ന 22കാരൻ സംഗീത സംവിധായകൻ ആ ഇമോഷനെ പക്വതയോടെയാണ് പരിചരിക്കുന്നത്. ആ പക്വത ധനുഷിന് വേണ്ടി ഒരുക്കിയ ആക്ഷൻ സീക്വൻസിലും കാണാം. ആ ആക്ഷൻ രംഗത്തെ ഉയർത്തുന്നത് തന്നെ സായ്യുടെ ഇസൈ ആണ്.
ഒരു ശരാശരി സിനിമാനുഭവം മാത്രമാണ് 'ഓം: ഓപ്പറേഷൻ മോൾ'. മമ്മൂട്ടി, സായ് പല്ലവി, സായ് അഭ്യങ്കർ എന്നിവരാണ് ഈ രാജ്കുമാർ പെരിയസാമി - ധനുഷ് ചിത്രത്തെ അതിനും താഴേക്ക് വീഴാതെ രക്ഷിക്കുന്നത്.