MOVIES

മമ്മൂട്ടി, കടയും തോറും കാതല്‍ കനക്കുന്ന മഹാശാഖി!

''പിന്നോട്ടോടുന്ന പ്രായം എന്ന മട്ടിലെ വിശേഷണമെല്ലാം ഇനി നമുക്ക് നിര്‍ത്താം. അദ്ദേഹം മുന്നോട്ടു പായുന്ന മലയാള സിനിമയുടെ അമരത്തു നിന്ന് അടനയമ്പ് പിടിക്കുകയാണ്''

Author : സുജിത് ചന്ദ്രന്‍

ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായുള്ള പകര്‍ന്നാട്ടത്തിന് മലയാളത്തിന്റെ മഹാനടനെ തേടി ഏഴാമതും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയിരിക്കുന്നു. ശില്‍പപരമായും അതിന്റെ ഉള്ളടരുകളുടെ കനം കൊണ്ടും അഭിനയത്തികവിലും അടുത്തിടെ ഇത്രയും ഭ്രമിപ്പിച്ച, മോഹിപ്പിച്ച, ആനന്ദിപ്പിച്ച വേറൊരു സിനിമയില്ല. ഭീതിയും ദുരൂഹതയും തീരാത്ത ഇരുട്ടും പിന്നെ ഉമ്മറത്ത് ഉലാത്തുന്ന ചാത്തനുമുള്ള കൊടുമണ്‍ മനയില്‍ കറുപ്പിലും വെളുപ്പിലും ഇന്ത്യാവിന്‍ മാപെരും നടികരുടെ പെരുങ്കളിയാട്ടമായിരുന്നു ഭ്രമയുഗത്തില്‍. ആ അതിശയനടനത്തിന് സംസ്ഥാനസര്‍ക്കാരിന്റെയും അംഗീകാരം തേടിയെത്തുമ്പോള്‍ മമ്മൂട്ടിയെപ്പറ്റി നമ്മള്‍ ഇനിയെന്ത് വിശേഷണം ചേര്‍ത്തു പറയാനാണ്. പീഡകന്റെ ക്രൗര്യം, മുറിവേറ്റവന്റെ പക, അധികാരത്തിന്റെ ആനന്ദം, ചതിയുടെ ചിരി, നിലനില്‍പ്പിന്റെ പേടി, തോല്‍വി മണത്തവന്റെ കൗശലം. മാനുഷികമായ സകല ഭാവങ്ങളും ആവിഷ്‌കരിച്ചത് പോരാഞ്ഞ് അദ്ദേഹത്തിന്റെ അഭിനയദാഹം പ്രപഞ്ചവസ്തുക്കള്‍ക്കപ്പുറമുള്ള സങ്കല്‍പങ്ങളെ പകര്‍ത്തുകയാണ്! അപ്രതീക്ഷിതവും അതിസാഹസികവുമായ ഭാവചലനങ്ങള്‍ക്കിടെ കൊടുമണ്‍ പോറ്റി വെറ്റിലക്കറയുള്ള പല്ലുകാട്ടി ബീഭത്സമായി ചിരിക്കുന്നു... നമ്മളത് കണ്ട് നടുങ്ങുന്നു, മനയ്ക്കലെ പടിപ്പുരയ്ക്കിപ്പുറം കടക്കാനാകാതെ നമ്മള്‍ അലയുന്നു. ആ നടുക്കവും അലച്ചിലും നമ്മുടെ ആനന്ദമാകുന്നു.

മമ്മൂട്ടി

ഐതിഹ്യപ്രശസ്തമായ ഒരു കഥാപാത്രത്തെ ഉപജീവിച്ച് ഏത് ദേശത്തും ഏത് കാലത്തും ഏത് സാഹചര്യത്തിലും അധികാരത്തിന് ഒറ്റ പദ്ധതിയേ ഉള്ളൂവെന്ന് ഭ്രമയുഗം ആവര്‍ത്തിക്കുന്നുണ്ട്. ''അധികാരം കയ്യിലുള്ളവര്‍ക്ക് അന്യരുടെ സ്വാതന്ത്ര്യം വച്ചു കളിക്കുന്നത് ഒരു രസാ...' ഈ ഡയലോഗിലുണ്ട് മൊത്തം സിനിമയുടെ സിനോപ്‌സിസ്. കള്ളച്ചൂതിന് പകിടയെറിയുന്നത് ചാത്തന്‍ സേവക്കാരല്ല, ചാത്തന്‍ തന്നെയെന്ന വെളിപാട്. കെട്ടിപ്പൂട്ടി താക്കോല്‍ അരയില്‍ തിരുകി നടന്നാലും ഒന്നൂതിയാല്‍ കെടുന്ന നിലവറക്കുഴിയിലെ ഒറ്റത്തിരിയാണ് എല്ലാ അധികാര സ്വരൂപങ്ങളുമെന്ന മുന്നറിയിപ്പ്. അതു കെടുത്താന്‍ സാധാരണക്കാരന്‍ ഒരുവന്‍, ഒരുനാള്‍ വരുമെന്ന പ്രതീക്ഷ. പതിനെട്ടാം നൂറ്റാണ്ടിന്റെ കാലപരിസരത്തിലാണ് കഥ പറയുന്നതെങ്കിലും നമ്മുടെ കാലത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും അഭിസംബോധന ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം.

അടിമുടി അഭിനയ ദേഹമായ ഒരാള്‍!

മമ്മൂട്ടി അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞു. 'ഓഡിയന്‍സിനെ നമ്മള്‍ എജ്യുക്കേറ്റ് ചെയ്യേണ്ടതില്ല, കണ്ടും കേട്ടും പഠിച്ചും അവര്‍ നമ്മളെ എജ്യുക്കേറ്റ് ചെയ്യുകയാണ്.' അരനൂറ്റാണ്ടിലേറെക്കാലം സിനിമക്കായി സ്വയം സമര്‍പ്പിച്ച ഒരു ലെജെന്‍ഡിന്റെ വാക്കുകളാണിത്. 'എന്തുകൊണ്ട് നമ്മുടെ മമ്മൂട്ടി' എന്നതിന് ഉത്തരം അതിലുണ്ട്. പരീക്ഷണങ്ങള്‍ക്ക് സ്വയം എറിഞ്ഞുകൊടുക്കുന്ന ആവേശം. പിന്നെയും പിന്നെയും തേച്ചുമിനുക്കാനുള്ള അഭിനിവേശം. ചെറുപ്പക്കാരുടെ പ്രതിഭയില്‍ അര്‍പ്പിക്കുന്ന വിശ്വാസം. സ്വയം രാകുന്ന വായ്ത്തലയില്‍ സ്വന്തം കാതല്‍ കടയുന്നൊരു വടവൃക്ഷമാണ് മമ്മൂട്ടി. കടഞ്ഞുകടഞ്ഞ് കാതല്‍ മാത്രം ശേഷിച്ചൊരു വടവൃക്ഷം. കടയുംതോറും ശിഖരങ്ങള്‍ പടര്‍ന്ന് ആ മഹാശാഖി വനമായി വലുതാകുന്നു. അനുഭവങ്ങളുടെ ചിദാകാശത്ത് പല കാലങ്ങളെ വിരിച്ചിടുന്നു.

'പേട്രിയറ്റ്' ലൊക്കേഷനില്‍ മമ്മൂട്ടി

ഒടുങ്ങാത്ത അഭിനിവേശം കൊണ്ട് നടനായ ഒരാളെന്നാണ് മമ്മൂട്ടി തന്നെപ്പറ്റി ആവര്‍ത്തിച്ചു പറയാറ്. കെ.എസ്.സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകളിലെ ഡയലോഗില്ലാത്ത പന്ത്രണ്ട് സെക്കന്റ് എക്‌സ്ട്രാ വേഷം കഴിഞ്ഞ് കാലത്തിരശ്ശീലയില്‍ അര നൂറ്റാണ്ടിന്റെ റീലോടി. ഇക്കാലം കൊണ്ട് നാനൂറ്റമ്പതിലേറെ കഥാപാത്രമൂശകളിലേക്ക് ആ അഭിനയദേഹം ഉരുകിവീണു. സ്വയമുടച്ച് വീണ്ടും വീണ്ടും പണിതു. ഇപ്പോഴും അതേ അഭിനിവേശം. അനുഭവക്കരുത്തിന്റെ സത്ത, ഘനം, സരളത. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ നാനൂറ്റന്‍പതിലേറെ സിനിമകള്‍. ആകെ ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, ഡി-ലിറ്റ് ബിരുദങ്ങള്‍, പദ്മശ്രീ... മമ്മൂട്ടിയുടെ കയ്യിലെത്തുമ്പോള്‍ പുരസ്‌കാരങ്ങളുടെ ഘനവും ഗരിമയും കൂടുന്നു. കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി സംസ്ഥാന പുരസ്‌കാരം നേടിയ എല്ലാ നടന്‍മാരും അവസാന റൗണ്ടില്‍ മമ്മൂട്ടിയോട് മത്സരിച്ചാണ് പുരസ്‌കൃതരായത്. നിങ്ങളാരുമാകട്ടെ, ഏത് പ്രായത്തിലുള്ള അഭിനേതാവുമാകട്ടെ, നിങ്ങള്‍ക്ക് ഒന്നാം സ്ഥാനത്തിന് വേണ്ടി എഴുപത്തിനാലുകാരനായ ഈ മഹാമേരുവിനോട് മത്സരിക്കേണ്ടിവരും! അന്നേരവും സ്വയം ഉടച്ചെഴുതി സ്വയം പുത്തനാക്കിക്കൊണ്ടിരിക്കുന്നു മമ്മൂട്ടി..!

ആത്മനിന്ദയുടെയും പകയുടേയും കുശിനിക്കാരന്‍

കൊടുമണ്‍ പോറ്റിയുടെ കുശിനിക്കാരന്റെ വേഷമിട്ട സിദ്ധാര്‍ത്ഥ് ഭരതന്‍ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. താരതമ്യമേതുമില്ലാത്ത മഹാനടികരെ ഒഴിവാക്കിയെണ്ണിയാല്‍ ഭ്രമയുഗത്തിന്റെ കാഴ്ചക്കിപ്പുറം ഉള്ളില്‍ കിടന്ന് വളരുന്ന കഥാപാത്രം ആ വെപ്പുകാരനാണ്. ആത്മനിന്ദയും അപമാനവും ഗതികേടുകളുടെ ജീവിതത്തല്ലും കൊണ്ടുകൊണ്ട് അകാലവാര്‍ദ്ധക്യം ബാധിച്ച നിരാശയുടെ ഒരു പഴങ്കൂടാരം. വിധിഹിതം പോലെ ചാത്തന് അടിമവേലയെടുക്കുന്ന മനയ്ക്കലെ ആ കുശിനിക്കാരനാണ് ഭ്രമയുഗത്തില്‍ ഏറ്റവുമധികം ഉള്ളടരുകളുള്ള പാത്രനിര്‍മിതി. പടിപ്പുര കടന്നെത്തുന്ന അപ്രതീക്ഷിത അതിഥികള്‍ക്ക് വിരുന്നൊരുക്കാനും കുഴി വെട്ടാനും നിയുക്തനാക്കപ്പെട്ട ശാപജന്മം. ജാരസന്തതിയെന്ന അപകര്‍ഷത, നിസ്സംഗതയുടെ മുഖപടത്തിന് അകമേ എരിയുന്ന അധികാരവാഞ്ഛയുടെ ജനിതക സ്വരൂപം, പോകെപ്പോകെ പകയുടെ കനല്‍ച്ചൂട്... അയാളെ കാണിക്കുന്ന ഫ്രയിമുകളില്‍ നിന്ന് എന്തെല്ലാം പ്രസരിക്കുന്നു! ആ മുരടന്‍ വിരലുകളുടെ ക്ലോസപ്പുകളില്‍ വെളിവാകുന്നുണ്ട് അയാളുടെ മുന്‍ജീവിതം. കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴയെന്ന വിശേഷണം മനയിലെ ഈ വെപ്പുകാരനാവും ഏറെ ചേരുക.

യുഗങ്ങളായി തോരാത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന നരകം പോലൊരു അടുക്കള. അവിടെ കാലന്‍ കോഴിയുടെ കഴുത്തറുത്ത്, ഭീമന്‍ മത്തങ്ങ വെട്ടിപ്പിളര്‍ന്നിട്ട്, ചേനയും കാച്ചിലും തുണ്ടം കഷണിച്ച്, ഇലച്ചാറുകള്‍ അരച്ചൊഴിച്ച്, തേങ്ങാപ്പൂളും ചോണണനുറുമ്പുകളേയും നെയ്യില്‍ താളിച്ച് അയാള്‍ പൈശാചികമായൊരു കറിക്കൂട്ടൊരുക്കുന്നു. പ്രാചീന റാക്കുഭരണികളില്‍ നിന്ന് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളില്‍ ലഹരി പകര്‍ന്നൊഴിച്ചു വയ്ക്കുന്നു. നിലവറയിലെ കെടാവിളക്കൂതി ചാത്തന്റെ ജീവനെടുക്കാന്‍ ചകിതമായ കണ്ണുകള്‍ മടിക്കെട്ടില്‍ താക്കോല്‍ പരതുന്നു. നിരാശ കൂടുകെട്ടിയ അയാളുടെ കൃഷ്ണമണികളില്‍ പക എരിയുന്നു... എന്തൊരു പരകായപ്രവേശമായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍! ഇനി ഈ പ്രതിഭയെ ഇതില്‍ക്കുറഞ്ഞ തോതില്‍ ഉപയോഗിച്ചാല്‍ നമ്മുടെ സിനിമയോട് കാലം കണക്കുചോദിക്കും.

ആകെ അഞ്ച് ആക്ടര്‍മാരും അതില്‍ത്തന്നെ മൂന്ന് പേര്‍ മാത്രം പ്രധാന കഥാപാത്രങ്ങളാകുന്ന ഒരു സിനിമയാണ് ഭ്രമയുഗം. കഥാപരിസരം കാടും പടര്‍പ്പും മൂടിയ പ്രാചീനമായൊരു മനയും പിന്നെയൊരു വെള്ളച്ചാട്ടവും മാത്രം. സ്‌ക്രീനില്‍ നിന്നൊരു നിമിഷം കണ്ണെടുക്കാനാകാത്ത വിധം രണ്ടര മണിക്കൂര്‍ സിനിമയെ പ്രേക്ഷകാബോധത്തില്‍ പിടിച്ചുകെട്ടുന്ന ചലച്ചിത്ര നിര്‍മിതി. പിന്നെ, തിരശ്ശീലയ്ക്ക് പുറത്തേക്ക് ഒരു സങ്കല്‍പലോകം വിരിയുന്ന ശബ്ദവിന്യാസത്തിന്റെ ഇന്ദ്രജാലം. ഭൂതകാലത്തിനും ഭ്രമയുഗത്തിനും ശേഷം ഡീയസ് ഈറെയിലൂടെയും തുടരുന്ന സിനിമാനുഭവത്തിന്റെ ഈ ചാത്തന്‍ സേവയ്ക്ക് രാഹുല്‍ സദാശിവനും നന്ദി.

മമ്മൂട്ടിയുടെ ഓരോ സിനിമയും നമ്മുടെ നല്ല സിനിമയുടെ ബെഞ്ച് മാര്‍ക്കുകള്‍ ആകുന്ന കാലമാണിത്. ഓരോന്നും പഴയതിനെ തിരുത്തുന്നു. പിന്നോട്ടോടുന്ന പ്രായം എന്ന മട്ടിലെ വിശേഷണമെല്ലാം ഇനി നമുക്ക് നിര്‍ത്താം. അദ്ദേഹം മുന്നോട്ടു പായുന്ന മലയാള സിനിമയുടെ അമരത്തു നിന്ന് അടനയമ്പ് പിടിക്കുകയാണ്. ഇനിയും രാകി, ഇനിയും മിനുങ്ങി, ഇതിലേറെ തിളങ്ങി ഇങ്ങനെ തുടരുക... സ്വന്തം ബെഞ്ച് മാര്‍ക്ക് പുതുക്കിക്കൊണ്ടേയിരിക്കുന്നതിന്, അതിശയിപ്പിച്ചുകൊണ്ടേയിരിക്കുന്നതിന്... നന്ദി മമ്മൂക്ക.

SCROLL FOR NEXT