മണിരത്നം, ധ്രുവ് വിക്രം Source : X
MOVIES

തഗ് ലൈഫിന്റെ പരാജയത്തിന് ശേഷം പ്രണയ ചിത്രവുമായി മണിരത്‌നം; നായകന്‍ ധ്രുവ് വിക്രം

ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Author : ന്യൂസ് ഡെസ്ക്

തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ പുതിയ സിനിമയുടെ ജോലികള്‍ ആരംഭിച്ച് സംവിധായകന്‍ മണിരത്‌നം. ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.

പ്രണയവും മനുഷ്യ ബന്ധങ്ങളും മനോഹരമായി സിനിയിലൂടെ അവതരിപ്പിക്കുന്നതാണ് മണിരത്‌നം എന്ന സംവിധായകന്റെ പ്രത്യേകത. അത്തരത്തിലൊന്നായിരിക്കും അദ്ദേഹത്തിന്റെ പുതിയ ചിത്രമെന്നാണ് സൂചന. ധ്രുവ് വിക്രമിന്റെ നായികയായി രുക്മിണി വസന്താണ് എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതി തുടങ്ങിയ ഘട്ടത്തില്‍ തന്നെ ധ്രുവ് വിക്രമായിരിക്കും നായകനെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മണിരത്‌നവും ധ്രുവ് വിക്രമും തമ്മില്‍ പലതവണ കൂടികാഴ്ച്ചയും നടത്തിയിരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു റൊമാന്റിക് ആക്ഷന്‍ ഡ്രാമയാണെന്നാണ് സൂചന. ധ്രുവ് പൊലീസ് വേഷത്തിലായിരിക്കും ചിത്രത്തിലെത്തുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എ ആര്‍ റഹ്‌മാനായിരിക്കും സംഗീത സംവിധാനം.

ധ്രുവ് വിക്രമും രുക്മിണിയും മണിരത്‌നത്തിനൊപ്പം ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ധ്രുവിന്റെ പിതാവും നടനുമായ വിക്രം രാവണ്‍, പൊന്നിയിന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങളില്‍ മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം ധ്രുവിന്റെ റീലീസ് ചെയ്യാനിരിക്കുന്ന ചിത്രം സ്‌പോര്‍ട്‌സ് ഡ്രാമയായ ബൈസണ്‍ ആണ്. ഒക്ടോബര്‍ 17നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം. ലാല്‍, പശുപതി, കലൈയരശന്‍, രജിഷ വിജയന്‍, ഹരി കൃഷ്ണന്‍, അഴകം പെരുമാള്‍, അരുവി മദന്‍ എന്നിവരും ചിത്രത്തിലുണ്ട്.

SCROLL FOR NEXT