ഗുണ എന്ന സിനിമയിലെ കണ്‍മണി അന്‍പോട് എന്ന ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഇളയരാജ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ വിജയം കണക്കിലെടുത്ത് ഇളയരാജ രണ്ട് കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനോട് നഷ്ടപരിഹാരമായി ചോദിച്ചതെന്നാണ് സൂചന. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നിര്‍മാതാക്കള്‍ 60 ലക്ഷം രൂപ ഇളയരാജയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ഞുമ്മല്‍ ബോയ്‌സില്‍ കണ്‍മണി അന്‍പോട് എന്ന ഗാനം തുടക്കത്തിലും സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു സീനിലും ഉപയോഗിച്ചിട്ടുണ്ട്. അതിന് വലിയ രീതിയില്‍ പ്രശംസയും ലഭിച്ചിരുന്നു.
ALSO READ : 'പൊതുവെ സെറ്റില്‍ ദേഷ്യപ്പെടാറില്ല, പക്ഷെ തങ്കലാനില്‍ പിടിവിട്ടുപോയി'; പാ രഞ്ജിത്ത്
ഇതാദ്യമായല്ല ഇളയരാജ ഇത്തരത്തില്‍ വക്കീല്‍ നോട്ടീസ് അയക്കുന്നത്. 1983-ല്‍ പുറത്തിറങ്ങിയ തങ്ക മകന്‍ എന്ന ചിത്രത്തിലെ വാ വാ പക്കം വാ എന്ന ഗാനം ഉപയോഗിച്ചതിന് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കൂലിയുടെ നിര്‍മാതാക്കള്‍ക്കെതിരെയും ഇളയരാജ ഈ വര്‍ഷം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 2017ല്‍ തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സ്‌റ്റേജില്‍ അവതരിപ്പിച്ചതിന് മുതിര്‍ന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്‌മണ്യത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.