കാർത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി'യെ പ്രശംസിച്ച് സംവിധായകൻ മാരി സെൽവരാജ്. ചിത്രം അതിയായ സംതൃപ്തി നൽകിയെന്നാണ് മാരി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കാർത്തിക് സുബ്ബരാജിനും സിനിമയുടെ സംഗീതം ഒരുക്കിയ ഇളയരാജയ്ക്കും മുഴുവൻ ടീമിനും സംവിധായകൻ ആശംസകൾ അറിയിച്ചു.
"ഇന്നാണ് ഞാൻ 'ഡൊറോത്തി' കണ്ടത്. അൽപ്പം വൈകിപ്പോയി. എങ്കിലും ഈ ചിത്രം അതിയായ സംതൃപ്തി നൽകി. ഈ മനുഷ്യരുടെ ജീവിതകഥകൾ സിനിമയാകണമെന്ന് നാം എത്രയോ ആത്മാർത്ഥമായി ആഗ്രഹിക്കാറുള്ളതാണ്! അവരുടെ കഥകൾ, അവരുടെ കണ്ണീരും ആഗ്രഹങ്ങളും മോഹങ്ങളും വഞ്ചനകളും സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം തികച്ചും സ്വാഭാവികതയോടെ വെള്ളിത്തിരയിൽ പകർത്തിവയ്ക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം.
ഈ സന്തോഷത്തിന് കാരണക്കാരനായ സംവിധായകൻ കാർത്തിക് സുബ്ബരാജിനും, സിനിമയുടെ നെടുന്തൂണായി നിലകൊള്ളുകയും ഇതെല്ലാം സാധ്യമാക്കുകയും ചെയ്ത നമ്മുടെ രാജാസാറിന്റെ (ഇളയരാജ) സംഗീതത്തിനും, ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും എന്റെ സ്നേഹവും ആശംസകളും!," മാരി സെൽവരാജ് എക്സിൽ കുറിച്ചു.
കാർത്തിക്കിന്റെ പത്താം ചിത്രമായ 'ഡൊറോത്തി' സെപ്റ്റംബർ 25നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകർക്കിടയിൽ വലിയ ചലനമാണ് ചിത്രം സൃഷ്ടിക്കുന്നത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു സിനിമയുടെ വേൾഡ് പ്രീമിയർ. സെന്റർപീസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കിയത്.
മാരി സെൽവരാജിന്റെ പുതിയ ചിത്രം 'മഞ്ചനത്തി'യുടെ സംഗീത സംവിധാനവും ഇളയരാജയാണ്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. കതിർ, പ്രിയങ്ക മോഹൻ, കയാദു ലോഹർ, വിധു, പൂർണിമ രവി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. 2027 ആദ്യവാരത്തോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.