'ആൺ' ഗർവിൽ വാഴുന്നവരുടെ കരണത്തേറ്റ അടി! 'ഡൊറോത്തി' റിവ്യൂ | DOROTHY REVIEW

മുഖ്യധാര സിനിമയിൽ പലർക്കുമില്ലാത്ത തന്റേടം കാർത്തിക് സുബ്ബരാജിന്റെ ശബ്ദത്തിൽ പ്രകടമാണ് | SPOILER ALERT!!!
'ഡൊറോത്തി' റിവ്യൂ
'ഡൊറോത്തി' റിവ്യൂ
Published on: 
Updated on: 

"സഹിക്കാനും പൊറുക്കാനും ഞാനെന്താ പെണ്ണാണോ? ആണാണ്...ആൺ..പെൺ! എന്ത് കേവലമായ പിറവികളാണ് നമ്മൾ..." കാർത്തിക് സുബ്ബരാജിന്റെ 'ഇരൈവി' എന്ന സിനിമയുടെ ക്ലൈമാക്സിൽ എസ്.ജെ. സൂര്യയുടെ കഥാപാത്രം പറയുന്ന നീണ്ട ഒരു ഡയലോഗിന്റെ ഭാഗമാണിത്. ഈ ആൺ തിമിരിനെപ്പറ്റിയുള്ള സംസാരത്തിന്റെ തുടർച്ചയാണ് കാർത്തിക്കിന്റെ പത്താം പടം, 'ഡൊറോത്തി'. ഇവിടെ സംവിധായകന്റെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിൽ കേൾക്കാം. മുഖ്യധാര സിനിമയിൽ പലർക്കുമില്ലാത്ത തന്റേടം ആ ശബ്ദത്തിൽ പ്രകടമാണ്. ആൺ ഗർവ് ശ്വസിച്ചു ജീവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ 'ഡൊറോത്തി' നിങ്ങളെ അസ്വസ്ഥരാക്കും. സ്വത്വം എന്ന വാക്കിൽ വിറളിപിടിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ സിനിമ നിങ്ങളെ അലോസരപ്പെടുത്തും. ഈ സിനിമ കാണരുത്, നിരോധിക്കണം എന്ന് സമൂഹമാധ്യമങ്ങളിൽ അലമുറയിടുന്നവർ ഇങ്ങനെ അസ്വസ്ഥരാകുന്ന, അലോസരപ്പെടുന്നവരുടെ പ്രതിനിധികളാണ്.

പഴയകാല മധുരയുടെ പശ്ചാത്തലത്തിലാണ് 'ഡൊറോത്തി'യുടെ കഥ നടക്കുന്നത്. ജാതിയും, ജാതിക്കൊലകളും, പുരുഷന്റെ പേക്കൂത്തുകളും ഭരിക്കുന്ന ആ തെരുവുകളിലാണ് നമ്മൾ കാർത്തി എന്ന അഞ്ചാം ക്ലാസുകാരനെ കാണുന്നത്. ദുർബലനായ ഒരു കുട്ടി. അവനിലൂടെയാണ് നമ്മൾ സുബ്ബുവിലേക്ക് എത്തുന്നത്. ഒരു കിണറ് ചൂണ്ടി, "ഇവിടെയാണ് എന്റെ അമ്മയുടേയും സഹോദരിയുടെയും മൃതദേഹങ്ങൾ കിടന്നത്," എന്ന് വളരെ ലാഘവത്തോടെ പറയുന്ന സുബ്ബു. ആ നിമിഷം അവനെ നമ്മൾ ശ്രദ്ധിച്ചുതുടങ്ങുന്നു. ഒരു അഞ്ചാം ക്ലാസുകാരനെപ്പോലെയല്ല അവൻ സുഹൃത്തായ കാർത്തിയോട് സംസാരിക്കുന്നത്. സുഹൃത്തിന് അവൻ പകർന്നു കൊടുക്കുന്ന ഏറ്റവും വലിയ അറിവ് - "ആണുങ്ങൾ കരയരുത്" എന്നതാണ്. എന്തുകൊണ്ട് കരഞ്ഞുകൂടാ? സുബ്ബുവിന് ഉത്തരമുണ്ട്; "പെണ്ണുങ്ങളാണ് കരയുന്നത്. പെണ്ണുങ്ങൾ." അവൻ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്? അവന്റെ ചുറ്റുപാടുകൾ അങ്ങനെ പറയാനാണ് അവനെ പഠിപ്പിച്ചത്. അമ്മയെ, ഭാര്യയെ, സഹോദരിയെ തല്ലാനും കൊന്ന് കിണറ്റിൽ തള്ളാനും മടിക്കാത്ത അച്ഛനും ജ്യേഷ്ഠന്മാരിൽ നിന്നും അവൻ മറ്റൊന്ന് കൂടി പഠിക്കുന്നുണ്ട്. അല്ല, ആ വീട്ടിൽ, ആ നാട്ടിൽ അതിജീവിക്കാനായി അവൻ ഒരു തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നുണ്ട് - ഉള്ള് തുറക്കരുത്. മുഖത്തെ രോമങ്ങളും നടപ്പിലെ ഗൗരവവും അധികാരത്തിന്റെ അടയാളങ്ങളാണ്. അതിൽ വിട്ടുവീഴ്ച പാടില്ല. ഈ തിരിച്ചറിവിന്റെ പുറത്ത് സുബ്ബു ഒരു മുഖമെടുത്ത് അണിയുന്നു. ആണിന്റെ മുഖം.

'ഡൊറോത്തി' റിവ്യൂ
"1800 ജൂനിയർ ആർട്ടിസ്റ്റുകൾ, ഡ്യൂപ്പില്ലാതെ ആക്ടേഴ്സ്, വിഷ്വലിൽ ഭ്രമിച്ച് ഞാൻ"; 'വേട്ടുവം' ഛായാഗ്രഹകൻ രൂപേഷ് ഷാജി | അഭിമുഖം

മറുവശത്ത്, കാർത്തി സുഹൃത്ത് പറഞ്ഞുകൊടുത്ത ആൺവഴിയിലൂടെ തന്നെ നടക്കുന്നു. സുബ്ബുവിന്റെ അച്ഛന്റെ വാക്കുകളാണ് യൗവനത്തിൽ അവന്റെ തിരുക്കുറൽ ആകുന്നത് - പെണ്ണിന് വേണ്ടി കണ്ണീർ ഒഴുക്കി സമയം കളയരുത്. അതവൻ അക്ഷരംപ്രതി അനുസരിക്കുന്നുണ്ട്; ഒരു ഘട്ടം വരെ.

സുബ്ബുവിന് അവന്റെ ഉള്ളിൽ തികട്ടിവരുന്ന കരച്ചിൽ അടക്കാൻ സാധിക്കുന്നില്ല. ആത്മമിത്രമല്ല, അച്ഛനല്ല, ജ്യേഷ്ഠന്മാരല്ല, മൂന്ന് പെണ്ണുങ്ങളാണ് അവന് കരയാനായി ഇടം നൽകുന്നത്- നീ കരഞ്ഞോളൂ, നീ നീയായി ഇരിക്കെന്ന് അവർ അവനോട് പറയുന്നു. കാർത്തിയുടെ അമ്മ, സുഹൃത്ത് ധനം, പിന്നെ ഡൊറോത്തിയും. 'ബൊമ്മ' എന്നാണ് പടത്തിൽ ഡൊറോത്തിയെ പരിചയപ്പെടുത്തുന്നത്. അവളുടെ അഴകിലേക്കാണ് എല്ലാവരുടേയും ശ്രദ്ധപോകുന്നത്. കാർത്തിയുടേയും. പക്ഷേ സുബ്ബു അവളിൽ കാണുന്നത് എന്തും തുറന്നുപറയാൻ പറ്റുന്ന ഒരു കൂട്ടുകാരിയെയാണ്. ആ കൂട്ട് അവൻ ആസ്വദിക്കുന്നുണ്ട്. അവനത് ധൈര്യം നൽകുന്നുണ്ട്. ആൺ ഗൗരവം അവളെ അവനിൽ നിന്ന് പറിച്ചെടുക്കുന്നിടം വരെ. അവന്റെ ഉള്ളിലെ കരച്ചിൽ പുറത്തേക്ക് വരുന്നു. പിന്നാലെ അത് രോഷമാകുന്നു. അവൻ അവനായി മാറുന്നു. ചുറ്റുമുള്ള പുരുഷന്മാർക്ക്, അവരുടെ കുടുംബ ഗൗരവത്തിന് അത് വലിയ പ്രശ്നമാകുന്നു. അനന്തരഫലമോ? അവൻ ആരായി മാറുന്നുവോ അതിനേക്കാൾ അവൻ മരിക്കുന്നതാണ് നല്ലതെന്ന് അവർ കരുതുന്നു. അവർക്കത് അഭിമാനക്കൊലയാണ്. കാർത്തിക്കത് കരുണക്കൊലയാണ്.

'ഡൊറോത്തി' റിവ്യൂ
'സാവിത്രി' ആകാന്‍ കൊതിച്ച 'സില്‍ക്ക്'; ഇന്ത്യന്‍ സിനിമയിലെ നൊമ്പരത്തിപ്പൂവ്

കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെ, എഴുത്തുകാരന്റെ മാസ്റ്റർപീസ് ആണ് 'ഡൊറോത്തി'. അതിൽ സംശയമില്ല. തന്റെയുള്ളിലെ വ്യതിരിക്തമായ രണ്ട് ചിന്തകളെ മുഖ്യ കഥാപാത്രങ്ങൾക്ക് വീതിച്ചു നൽകുകയാണ് സംവിധായകൻ. അവരുടെ പേരിൽ തന്നെ അതിന്റെ സൂചനയുണ്ട്. കാർത്തി - സുബ്ബു! ഈ ലോകത്തിലെ ഏറ്റവും വലിയ വയലൻസുകളിൽ ഒന്നെന്താണെന്ന് അറിയാമോ? ഒരു വ്യക്തിയെ അയാളായി നിലനിൽക്കാൻ സമ്മതിക്കാതിരിക്കുക. ആ വയലൻസിന്റെ ഇരകളാണ് സുബ്ബുവും കാർത്തിയും. അവരതിനെ അതിജീവിക്കുന്നതെങ്ങനെയെന്നാണ് ഈ സിനിമ സംസാരിക്കുന്നത്.

'ഡൊറോത്തി' റിവ്യൂ
പ്രതിഭയ്‌ക്ക് എക്സപയറി ഡേറ്റ് ഇല്ല! മൂന്ന് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും അടൂരും; 'പദയാത്ര' ട്രെയ്‌ലർ നൽകുന്ന പ്രതീക്ഷകൾ

സുബ്ബുവായി എത്തുന്ന സനന്തും കാർത്തിയെ അവതരിപ്പിക്കുന്ന റിഷികാന്തും നിങ്ങളെ അത്ഭുതപ്പെടുത്തും. സുബ്ബിന്റെ ശരീര ഭാഷയിലെ മാറ്റങ്ങൾ തന്മയത്വത്തോടെയാണ് സനന്ത് സ്ക്രീനിൽ കൊണ്ടുവന്നിരിക്കുന്നത്. രജനികാന്ത് ഫാൻ ആയ കാർത്തിയിൽ ഇടയ്ക്ക് നമുക്ക് രജനി മാനറിസങ്ങൾ കാണാം. അതും ചില വൈകാരികമായ രംഗങ്ങളിൽ. ഡൊറോത്തിയായുള്ള കീർത്തി സുരേഷിന്റെ കാസ്റ്റിങ്ങും കൃത്യമായിരുന്നു. ഇതിനെല്ലാം ഉപരിയായി, 'ഡൊറോത്തി'യുടെ ആത്മാവ് ഇളരാജയുടെ പശ്ചാത്തല സംഗീതമാണ്; ജീവനാഡി. കാർത്തി കുറേ കാലത്തിന് ശേഷം സുബ്ബുവിനെ കാണുന്ന മനോഹരമായ ഒരു രംഗമുണ്ട്. അവിടെ 'വീട്' എന്ന ബാലുമഹേന്ദ്ര സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ How else to name it എന്ന സ്കോർ ഇങ്ങനെ പതിയെ വരും. നിങ്ങൾക്കവിടെ കണ്ണുനീർ അടക്കാൻ പറ്റില്ല. എന്താണ് ആ പാട്ടിന്റെ ഫീൽ? പ്രണയം, സൗഹൃദം, വിരഹം, സന്തോഷം, വേദന, കാത്തിരിപ്പ്..ഇതെല്ലാം ഉള്ളൊരു വീടാണത്. ഇളയരാജ എന്ന മാന്ത്രികൻ നിറങ്ങൾ കൊണ്ട് പണിത വീട്. അവിടെ വേർതിരിവില്ല. ചുവപ്പിന് ചുവപ്പായി നിൽക്കാം. മഞ്ഞയുമായി കലരാം. പുതിയൊരു വർണമാകാം. നമുക്ക് ആ അഴകിനെ രസിക്കാം.

News Malayalam 24x7
newsmalayalam.com