ഉഷ ഹസീന, കുക്കു പരമേശ്വരന്‍ 
MOVIES

മെമ്മറി കാര്‍ഡ് വിവാദം: കേസ് പിന്‍വലിക്കില്ല, 'അമ്മ' നടപടി സ്വീകരിച്ചാല്‍ പിന്മാറാമെന്ന് കുക്കു പരമേശ്വരനും ഉഷ ഹസീനയും

'അമ്മ' തെരഞ്ഞെടുപ്പില്‍ കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ശ്വേത മേനോന്‍ സംഘടനയിലെ ആദ്യ വനിതാ പ്രസിഡന്റായി.

Author : ന്യൂസ് ഡെസ്ക്

താരസംഘടനയായ 'അമ്മ' ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ കേസുകള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ നടിമാരായ കുക്കു പരമേശ്വരനും ഉഷ ഹസീനയും. മെമ്മറി കാര്‍ഡിന്റെ പേരിലുള്ള വാക്ക് പോരാണ് പൊലീസ് പരാതിയില്‍ എത്തിയത്. 'അമ്മ' ഭരണസമിതി തക്കതായ നടപടി സ്വീകരിച്ചാല്‍ മാത്രം പരാതി പിന്‍വലിക്കാമെന്ന നിലപാടിലാണ് ഇരുവരും.

കുക്കു പരമേശ്വരന്‍ സംഘടനയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇറങ്ങിയതിന് പിന്നാലെ നടി പൊന്നമ്മ ബാബുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 'അമ്മ'യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്‌തോ എന്നതില്‍ ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. സംഭവത്തില്‍ നടി ഉഷ ഹസീന കുക്കുവിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

അതിന് പിന്നാലെ കുക്കു പരമേശ്വരനും പൊലീസില്‍ പരാതി നല്‍കി. യൂട്യൂബ് ചാനലുകളിലൂടെ തന്നെ അധിക്ഷേപിക്കുകയും ഇല്ലാത്ത മെമ്മറി കാര്‍ഡിന്റെ പേരില്‍ വേട്ടയാടുന്നുവെന്നുമായിരുന്നു പരാതി.

അതേസമയം ഇന്നലെ നടന്ന 'അമ്മ' തെരഞ്ഞെടുപ്പില്‍ കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ശ്വേത മേനോന്‍ സംഘടനയിലെ ആദ്യ വനിതാ പ്രസിഡന്റായി.

SCROLL FOR NEXT