താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് ഫലം ചരിത്രപരമായിരുന്നു. സംഘടനയുടെ ആദ്യ വനിതചാ പ്രസിഡന്റായി നടി ശ്വേതാ മേനോനെ തെരഞ്ഞെടുത്തു. സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ജോയിൻറ് സെക്രട്ടറി പദങ്ങളിലും വനിതകളെത്തി. അമ്മയുടെ പുതിയ ഭാരവാഹികൾക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാൽ ഉൾപ്പെടെ നിരവധിപ്പേരാണ് രംഗത്തെത്തിയത്.
'അമ്മ'യുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ 'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെ. എന്നായിരുന്നു മോഹൻ ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പുതിയ നേതൃത്വത്തിന് ആശംസകളുമായി നടി രേവതിയും പ്രതികരിച്ചു. പക്ഷപാതം ഇല്ലാതെ സ്ത്രീകളുടെ ശബ്ദം കേൾക്കാൻ സാധിക്കട്ടെയെന്നായിരുന്നു രേവതിയുടെ ആശംസ. ലിംഗ സമത്വവും തൊഴിൽപരമായ മര്യാദയും സുരക്ഷയും ഉള്ള മേഖല ആയി സിനിമയെ മാറ്റാൻ പുതിയ നേതൃത്വത്തിന് സാധിക്കട്ടെ എന്നും രേവതി ആശംസാ സന്ദേശത്തിൽ അറിയിച്ചു.
കടുത്ത മത്സരത്തിനൊടുവിൽ ശ്വേത മേനോൻ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നസെൻറും മോഹൻ ലാലും ഉൾപ്പെടെയുള്ള നടന്മാർ വഹിച്ച പദവിയിലേക്ക് ആദ്യമായി ഒരു വനിത എത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ജോയിൻറ് സെക്രട്ടറി പദങ്ങളിലും വനിതകളെത്തി. അമ്മയിൽ നിന്ന് പിണങ്ങി പോയവർ മടങ്ങി വരണമെന്ന് ശ്വേത മേനോൻ പറഞ്ഞു. മമ്മൂട്ടി, പൃഥ്വിരാജ്,ദുൽഖർ സൽമാൻ, , കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങി പ്രമുഖ നടൻമ്മാരും വോട്ടെടുപ്പിന് എത്താതിരുന്നതും വലിയ ചർച്ചയായി.
അതേ സമയം സിനിമ നിർമ്മാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പ് ജനാധിപത്യ പരമല്ലായിരുന്നു എന്ന് സംവിധായകൻ വിനയൻ വിമർശിച്ചു. അധികാരം നിലനിർത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളും നടന്നു. നിർമാതാവ് ആർ ബി ചൗധരിയെ എത്തിച്ചത് സമസ്ത മേഖലകളിലും ആധിപത്യം ഉണ്ടെന്ന് തെളിയിക്കാൻ.സംഘടനയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞു. അംഗങ്ങളുടെ എണ്ണം ശുഷ്കമായതിന് പിന്നിൽ സംഘടന കൈവിട്ടു പോകരുത് എന്ന ഗൂഢ നീക്കം. ഫെഫ്കയിലെയും അമ്മയിലെയും ചിലർ തെരഞ്ഞെടുപ്പ് ഹാളിൽ വന്നു. പ്രൊഡ്യൂസേഷ്സ് അസ്സോസിയേഷൻ ചില സംഘടനകൾക്കു മുന്നിൽ അടിയറ വയ്കുന്നു എന്ന ആരോപണം നിലനിൽക്കുമ്പോൾ ഈ കാഴ്ച്ച പ്രസക്തമാണ് എന്നും വിനയൻ ആരോപിച്ചു.