'സൂപ്പര്‍മാനിലൂടെ' ആരാധകരെ ആവേശത്തിലാക്കിയ ഡിസി പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ഡിസിയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂപ്പര്‍ഗേളിന്റെ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ബുധനാഴ്ച്ച ഡിസിയുടെ തലവനും സൂപ്പര്‍മാന്‍ സംവിധായകനുമായി ജെയിംസ് ഗണ്‍ ആണ് ഫസ്റ്റ് ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
മിലി അല്‍കോക് ആണ് സൂപ്പര്‍ഗേളായി ചിത്രത്തിലെത്തുന്നത്. 'ലുക്ക് ഔട്ട്, 2026' എന്ന ക്യാപ്ക്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. എച്ച്ബിഒ സീരീസായ 'ഹൗസ് ഓഫ് ദ ഡ്രാഗണില്‍' റെയ്‌നിറ ടാര്‍ഗേറിയന്റെ ചെറുപ്പകാലം അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ താരമാണ് മിലി.
'സൂപ്പര്‍ഗേള്‍' ഡിസിയുടെ അടുത്ത പ്രധാന സിനിമയായിരിക്കുമെന്ന് ജെയിംസ് ഗണ്‍ അറിയിച്ചു. 2024 ജനുവരിയിലാണ് മിലിയെ ഔദ്യോഗികമായി കാര സോര്‍ എല്‍ എന്ന സൂപ്പര്‍മാന്റെ കസിനായ കഥാപാത്രമായി കാസ്റ്റ് ചെയ്തത്.
സൂപ്പര്‍മാന്റെയും സൂപ്പര്‍ഗേളിന്റെയും ജീവിത സാഹചര്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് ജെയിംസ് ഗണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 'സ്‌നേഹവും പിന്തുണയും നിറഞ്ഞ അന്തരീക്ഷത്തിലാണ് സൂപ്പര്‍മാന്‍ വളര്‍ന്നതെങ്കിലും സൂപ്പര്‍ഗേളിന്റെ പാത വ്യസ്തമാണ്. അവള്‍ ഇരുണ്ടതും ഏകാന്തവുമായ ഒരു ചെറുപ്പത്തിലൂടെയാണ് കടന്നുവന്നത്', എന്നാണ് ഗണ്‍ പറഞ്ഞത്.
2023 ജനുവരിയിലാണ് 'സൂപ്പര്‍ഗേള്‍ : വുമണ്‍ ഓഫ് ടുമാറോ' പ്രഖ്യാപിച്ചത്. ഇത് 2021-2022 കോമിക് പുസ്തക മിനിസീരീസില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് നിര്‍മിക്കുന്നത്. നിലവില്‍ പുറത്തുവന്നിരിക്കുന്ന ടീസര്‍ പോസ്റ്റര്‍ സിനിമയുടെ അന്തിമ പേര് നിശ്ചയിച്ചിട്ടില്ല.
വാര്‍ണര്‍ ബ്രദേഴ്‌സും ഡിസിയും ചേര്‍ന്ന് ചിത്രം 2026 ജൂണ്‍ 26ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 'ഐ', 'ടോണിയ', 'ക്രുല്ല' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ക്രെയ്ഗ് ഗില്ലസ്പിയായിരിക്കും ഈ സിനിമയ്ക്ക് നേതൃത്വം നല്‍കുക.