സൂപ്പര്‍മാന്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ ഹീറോ 'അനധികൃത' കുടിയേറ്റക്കാരനാകുമ്പോള്‍

സൂപ്പര്‍മാന്റെ പരിചിതമായ ഒറിജിന്‍ സ്റ്റോറി പറയാന്‍ ഗണ്‍ മെനക്കെടുന്നില്ല. പകരം...
സൂപ്പർമാന്‍ (2025) | superman
സൂപ്പർമാന്‍ (2025)Source: News Malayalam 24x7
Published on

ഒരു ശരാശരി സൂപ്പര്‍ ഹീറോ സിനിമയില്‍ നിന്നും ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് അതില്‍ അടങ്ങിയിരിക്കുന്ന രാഷ്ട്രീയമാണ്. അതെ മാന്‍ ഓഫ് സ്റ്റീല്‍ രാഷ്ട്രീയം പറയുന്നു. അയാള്‍ അതിമാനുഷനില്‍ നിന്ന് മനുഷ്യനാകുന്നു. അതും, അമേരിക്കയ്ക്കും ട്രംപിനും അസ്വസ്ഥതയുണ്ടാക്കുന്ന അതിര്‍ത്തികളുടെയും അധിനിവേശത്തിന്റെയും രാഷ്ട്രീയം.

സത്യം, നീതി, അമേരിക്കന്‍ രീതി (Truth, Justice, and the American Way), സൂപ്പര്‍മാന്‍ എന്ന ഡിസി കോമിക്‌സ് കഥാപാത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്ന ആപ്തവാക്യമാണിത്. അമേരിക്കയ്ക്ക് വേണ്ടി 'അമേരിക്കന്‍ രീതി'യില്‍ പോരാടുന്ന ക്രിപ്‌റ്റോണിയന്‍. അതായിരുന്നു സൂപ്പര്‍മാന്‍. ഒരു നല്ല പൗരന്‍. എന്നാല്‍ 2025ല്‍ ട്രംപിന്റെ അമേരിക്കയില്‍ അയാളുടെ പൗരത്വവും ഉദ്ദേശ ശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു.

സൂപ്പര്‍മാന്റെ പരിചിതമായ ഒറിജിന്‍ സ്റ്റോറി പറയാന്‍ ഗണ്‍ മെനക്കെടുന്നില്ല. നേരിട്ട് തനിക്ക് പറയാനുള്ള കഥയിലേക്ക് കടക്കുന്നു. സിനിമ തുടങ്ങുമ്പോള്‍ തന്നെ അതുവരെ നമ്മള്‍ ഈ അമാനുഷിക കഥാപാത്രത്തെപ്പറ്റി ആര്‍ജിച്ച അറിവുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. സൂപ്പര്‍മാനെ നമ്മള്‍ കാണുന്ന ആദ്യ സീനില്‍ അയാള്‍ നെഞ്ചും വിരിച്ച് നില്‍ക്കുകയല്ല. ഒരു അമ്മയുടെ വയറിനുള്ളില്‍ എന്ന പോലെ അന്റാര്‍ട്ടിക്കയിലെ മഞ്ഞില്‍ കിടക്കുകയാണ് അയാള്‍. അസ്ഥികള്‍ ഒടിഞ്ഞ് വന്‍ കുടലിനടക്കം പരിക്കേറ്റ് പരിക്ഷീണനായ സൂപ്പര്‍മാന്‍. പിന്നീട് നമ്മള്‍ കാണുന്നത് ആദ്യകാല വിജയ് സേതുപതി കഥാപാത്രങ്ങളെപ്പോലെ അടിവാങ്ങി കൂട്ടുന്ന സൂപ്പര്‍മാനെയാണ്.

സൂപ്പർമാന്‍ (2025) | superman
ഇതും ഇറാനാണ്... മനുഷ്യരിലേക്കുള്ള ക്ലോസ് അപ്; അബ്ബാസ് കിരോസ്താമിയുടെ സിനിമാ ജീവിതം

തുടര്‍ന്ന് നമ്മള്‍ കെന്റ് ക്ലാര്‍ക്കിലേക്ക് (സൂപ്പര്‍മാന്റെ പരസ്യ മുഖം) എത്തുന്നു. ലൂയിസ്-കെന്റ് ബന്ധത്തിന്റെ തുടക്കകാലമാണ്. കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്ന സൂപ്പര്‍മാനെയും ആശയക്കുഴപ്പങ്ങള്‍ ഒടുങ്ങാത്ത ലൂയിസിനെയും ആണ് ഇവിടെ കാണുന്നത്. ക്ലാര്‍ക്ക് സൂപ്പര്‍മാനായി ലൂയിസിന് നല്‍കുന്ന അഭിമുഖം സിനിമയിലെ ഒരു സുപ്രധാന രംഗമാണ്. ഇവിടെ സൂപ്പര്‍മാനെ അസ്വസ്ഥമാക്കുന്ന ചില ചോദ്യങ്ങള്‍ ലൂയിസ് ചോദിക്കുന്നു. അതിനെ അയാള്‍ പ്രതിരോധിക്കുമ്പോള്‍ പോലും ഒരു ധാര്‍മിക പ്രതിസന്ധിയിലാണ് നമ്മുടെ സൂപ്പര്‍ ഹീറോ എന്ന് വ്യക്തം. എന്താണ് ആ ധാര്‍മിക പ്രശ്‌നം? അന്തര്‍ ദേശീയവും ദേശീയവും പ്രദേശികവുമായ എല്ലാം സൂപ്പര്‍ ഹീറോകളും നേരിട്ട പ്രശ്‌നം തന്നെ. ഐഡന്റിറ്റി.

കുറച്ചുകാലം മുന്‍പ് ബൊറേവിയ എന്ന രാജ്യം ലെക്‌സ് ലൂഥറിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ജോഹാന്‍പുര്‍ എന്ന അതിര്‍ത്തി പ്രദേശത്തേക്ക് കടന്ന് കയറുന്നത് സൂപ്പര്‍മാന്‍ തടുത്തിരുന്നു. ഇതാണ് പിന്നീട് സൂപ്പര്‍മാന് മുന്നില്‍ വലിയ പ്രതിസന്ധിയായി രൂപപ്പെടുന്നത്. അമേരിക്കയ്ക്ക് പുറത്ത് ഇങ്ങനെ ഒരു ഓപ്പറേഷന് ആര് അനുമതി നല്‍കി? ബൊറേവിയയുടെ വ്യോമ മേഖലയില്‍ കടക്കുന്നതിന് മുന്‍പ് അവിടുത്തെ പ്രസിഡന്റിന്റെ അനുമതി വാങ്ങിയിരുന്നോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് സൂപ്പര്‍മാന് ഒരു ഉത്തരമെയുണ്ടായിരുന്നുള്ളു. താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ മനുഷ്യര്‍ മരിച്ചു വീഴുമായിരുന്നു! എന്നാല്‍ ആ ന്യായം രാഷ്ട്രതന്ത്രത്തില്‍ വിലപ്പോവില്ലെന്ന് നമ്മള്‍ കാണുന്നത് ആണല്ലോ. ഇത് കൊണ്ട് മാത്രം സൂപ്പര്‍മാന്‍ അമേരിക്കയുടെ ശത്രുവാകുമോ? ഒന്നുമില്ലെങ്കിലും അയാള്‍ അവര്‍ക്ക് വേണ്ടി കുറേ ചെയ്തതല്ലേ.... എന്നാല്‍ അവിടെ തെറ്റി. സൂപ്പര്‍ഹീറോകള്‍ ജനങ്ങളുടെ ശത്രുവായി മാറുന്ന പല ആഖ്യാനങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. അവയില്‍ നിന്നും സൂപ്പര്‍മാന്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണ്... അമേരിക്കയ്ക്ക് അയാള്‍ 'രേഖകളില്ലാത്ത കുടിയേറ്റക്കാരന്‍' ആകുന്നു. അങ്ങനെ ശത്രുവും.

ഒരു മനുഷ്യന്‍ കുടിയേറ്റക്കാരനാകുന്നത് മോശപ്പെട്ട കാര്യമല്ല. അതിന് സാമൂഹിക-രാഷ്ട്രീയ- സാമ്പത്തിക കാരണങ്ങളുണ്ട്. എന്നാല്‍ അഭയം തേടിയ രാജ്യത്തില്‍ അയാളെ അനഭിമാതനാക്കുന്നത് അവിടുത്തെ രാഷ്ട്രീയമാണ്. ട്രംപിന്റെ കുടിയേറ്റ നയം തന്നെ ഉദാഹരണം. 'അനധികൃതം' എന്ന വാക്ക് കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ ചാര്‍ത്തി ട്രംപ് നല്‍കി. അവര്‍ അപകടകാരികള്‍ ആണെന്ന് പറഞ്ഞു പരത്തി. 9/11 ശേഷം ഉടലെടുത്ത ഭീതിയും പ്രാചീനമായ അമേരിക്കന്‍ അഭിമാനബോധവും അതിന് ഇന്ധനമായി. കുടിയേറുന്നവര്‍ ഒരു പ്രബല വിഭാഗമായി മാറുമോ എന്ന ഭയമാണ് ഇതുവഴി ജനങ്ങളില്‍ ഉണ്ടായത്. ഭയം ആരെയും സംശയിക്കാന്‍ പ്രേരിപ്പിക്കും. സൂപ്പര്‍മാന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്.

സൂപ്പര്‍മാന്‍ ഭൂമിയെ ( ഇവിടെ അമേരിക്കയെ) അടക്കി വാഴാന്‍ വന്ന ആളാണെന്നും അയാളിലൂടെ ക്രിപ്‌റ്റോണിയന്‍സ് പെറ്റു പെരുകുമെന്നും പ്രചരിക്കുന്നു. ഈ പ്രൊപ്പഗണ്ടയ്ക്ക് തെളിവാക്കുന്നത് സൂപ്പര്‍മാന്റെ യഥാര്‍ഥ മാതാപിതാക്കള്‍ അയാള്‍ക്കൊപ്പം ഭൂമിയിലേക്ക് അയച്ച സന്ദേശമാണ്. ഇതിലൂടെ മുന്‍ സിനിമകളിലും കോമിക്‌സുകളിലും താന്‍ ഉയര്‍ത്തി പിടിക്കുന്നതായി സൂപ്പര്‍മാന്‍ പറഞ്ഞ മൂല്യങ്ങള്‍ ജെയിംസ് ഗണ്‍ ചിത്രത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. 2025ല്‍ ഈ വിചാരണയ്ക്ക് മാനങ്ങള്‍ ഏറും. ഇത്തരം രാഷ്ട്രീയ വായനകള്‍ക്ക് സഹായിക്കുന്ന ഒരുപാട് ബിംബങ്ങള്‍ സിനിമയില്‍ കാണാം.

സൂപ്പർമാന്‍ (2025) | superman
ഇല്യുമിനാറ്റിയല്ല, ഗ്രാന്‍ഡ് മാസ്റ്റർ; സിനിമയിലെ കൂബ്രിക്ക് കോഡ്

ഉദാഹരണത്തിന് ജൊഹാന്‍പൂരിലെ അധിനിവേശം. അതിന് ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശമായോ റഷ്യയുടെ യുക്രെയ്‌നിലേക്കുള്ള കടന്നുകയറ്റമായോ കാണാവുന്നതാണ്. ഭരണമാറ്റത്തിലൂടെ ജൊഹാന്‍പൂരിലെ ജനങ്ങളുടെ രക്ഷയാണ് ബൊറേവിയന്‍ പ്രസിഡന്റ് പൊതു സമൂഹത്തിന് മുന്നില്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് തന്നെയല്ലേ ഇറാനെ ആക്രമിക്കും മുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് (സാന്‍, സന്ദേഗി, ആസാദി). ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ബൊറേവിയയ്ക്ക് ഇസ്രയേലിന്റെയും അമേരിക്കന്‍ ഭരണതലത്തില്‍ പോലും പിടിപാടുള്ള ബില്ല്യണയര്‍ ഇനോവേറ്റര്‍ ലൂഥറിന് ഇലോണ്‍ മസ്‌ക്കിന്റെയും ഛായ തോന്നിയാല്‍ അത് തീര്‍ത്തും യാദൃച്ഛികം എന്ന് പറയാന്‍ സാധിക്കില്ല.

സിനിമയുടെ റിലീസിന് മുന്‍പുള്ള സംവിധായകന്റെ വാക്കുകളും ഇവിടെ കൂട്ടി വായിക്കണം: 'സൂപ്പര്‍മാന്‍ ഒരു കുടിയേറ്റക്കാരനാണ്.' ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. റിലീസിന് ശേഷം ഇത് മാനവികതയുടെ സിനിമയാണ് എന്ന് ഡിസി സ്റ്റുഡിയോയുടെ സഹ മേധാവി കൂടിയായ ഗണ്‍ പറയുന്നുണ്ട്. ഇത് ഒരുതരത്തില്‍ കുടിയേറ്റം എന്ന വാക്കിനെ മാറ്റി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ്.. പക്ഷേ, സിനിമയ്ക്കുള്ളിലെ ചിഹ്നങ്ങള്‍ മാന്‍ ഓഫ് സ്റ്റീല്‍ ഒരു കൂടിയേറ്റക്കാരനാണ് എന്നും അയാള്‍ നേരിടുന്നത് കുടിയേറ്റക്കാരന്റെ പ്രശ്‌നങ്ങള്‍ ആണെന്നും വിളിച്ചു പറയുന്നു. അതെല്ലാ കാലത്തും അങ്ങനെ തന്നെ ആയിരുന്നു. ആ കഥാപാത്രത്തിന്റെ അത്തരം ഒരു മാനം വെളിയിലേക്ക് വന്നില്ലെന്ന് മാത്രം.

ടൈംസ് സ്‌ക്വയറില്‍ ഏലിയന്‍സിനെ എതിരിടാന്‍ അവഞ്ചേഴ്‌സ് അണിനിരന്നപ്പോള്‍ തന്നെ ഈ ക്രിപ്‌റ്റോണിയന്‍ അപരവത്കരിക്കപ്പെട്ടിരുന്നു. അമേരിക്കന്‍ മൂല്യങ്ങള്‍ എന്ന ക്രിപ്‌റ്റോണൈറ്റിന് മുന്നില്‍ സൂപ്പര്‍മാനെ സ്രഷ്ടാക്കള്‍ തളച്ചിടുകയായിരുന്നു.

ആദ്യത്തെ സൂപ്പര്‍മാന്‍, ഡിസിയുടെ 1938ലെ ആക്ഷന്‍ കോമിക്‌സ് മാസികയിലാണ് പ്രത്യക്ഷപ്പെടുന്നത്. ജെറി സീഗല്‍ എഴുതി, ജോ ഷസ്റ്റര്‍ വരച്ച ഈ സൂപ്പര്‍മാന്‍ ഒരു അരാജകവാദിയായിരുന്നു. പലവിധത്തിലും ആധുനികനെങ്കിലും അനിയന്ത്രിതനായ കഥാപാത്രം. അവിടെ നിന്ന് മെരുക്കിയാണ് അയാളെ അമേരിക്കയുടെ വഴിയേ നടത്തിച്ചത്. ജെയിംസ് ഗണ്‍ സൂപ്പര്‍മാന്‍ റീബൂട്ട് ചെയ്യുമ്പോള്‍ അയാള്‍ ഇതില്‍ നിന്നൊക്കെ മാറുന്നു. തങ്ങളുടെ സൂപ്പര്‍ ഹീറോ വോക്ക് ആയി എന്നാണ് ഒരു വിഭാഗം പറയുന്നത്. പഞ്ചാര പഞ്ചുകള്‍ സൂപ്പര്‍ മാനെ ലോലനാക്കി എന്നാണ് മറ്റൊരു പക്ഷം. പൊളിറ്റിക്കല്‍ ആയി എന്ന വാദവും ശക്തമാണ്. താനും മനുഷ്യനെപ്പോലെ പ്രണയിക്കുന്ന, വേദനിക്കുന്ന, എന്തു ചെയ്യണം എന്നറിയാതെ രാവിലെ എഴുന്നേല്‍ക്കുന്ന ആളാണ് എന്ന് വിളിച്ചു പറയുന്ന സൂപ്പര്‍മാന്‍ ഈ വാദങ്ങളൊക്കെ ശരിവയ്ക്കുന്നു.

അതേസമയം, ഒരാളുടെ തെരഞ്ഞെടുപ്പുകളും, ചെയ്തികളുമാണ് അയാളെ നിര്‍വചിക്കുന്നത് എന്ന പുതിയ ആപ്തവാക്യത്തിലൂടെ സിനിമ ആകെ പറഞ്ഞ രാഷ്ട്രീയത്തിനെ ഒന്ന് മയപ്പെടുത്താനുള്ള ശ്രമവും കാണാം. നന്നായി പെരുമാറിയാല്‍ കുടിയേറുന്നവര്‍ക്ക് ഇവിടെ പെഴച്ചുപോകാം എന്നൊരു ധ്വനി. ഈ ബാലന്‍സിങ്ങും ഒരു തരത്തില്‍ രാഷ്ട്രീയമാണ്. കുടിയേറ്റം എന്ന വിഷയത്തെ നിഷ്പക്ഷമായി നോക്കി കാണുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഇത്തരക്കാരും കുടിയേറ്റ വിരുദ്ധര്‍ക്കാണ് ശക്തിപകരുന്നത് എന്നതാണ് യാഥാര്‍ഥ്യം.

ഇനി സൂപ്പര്‍മാന്‍ എന്ന ചിത്രത്തിന്റെ സിനിമാറ്റിക്ക് സവിശേഷതകള്‍ പരിശോധിച്ചാല്‍ ഇത് ജെയിംസ് ഗണ്ണിന്റെ തന്നെ ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി പടങ്ങള്‍ക്ക് താഴെ നില്‍ക്കുന്ന സിനിമയാണ്. ക്രിസ്റ്റഫര്‍ റീവിന്റെ സ്റ്റാര്‍ പവറോ, ഹെന്റി കവല്ലിന്റെ തീക്ഷ്ണമായ നോട്ടമോ അല്ല ഡേവിഡ് കോറന്‍സ്വെറ്റിന്റെ സൂപ്പര്‍മാനില്‍ കാണാന്‍ സാധിക്കുക. സൂപ്പര്‍മാനെ മനുഷ്യനാക്കാനുള്ള പ്രക്രിയയില്‍ ഈ ഴോണറിന്റെ പല അനുഭൂതികളും സിനിമയ്ക്ക് നഷ്ടമായി. ഗ്രൂട്ടിന് പകരം എന്നവണ്ണം ഗണ്‍ സിനിമയില്‍ കൊണ്ട് വരുന്ന സൂപ്പര്‍ ഡോഗ് ക്രിപ്‌റ്റോ ആണ് പലപ്പോഴും സിനിമയില്‍ രോമാഞ്ചം സീനുകള്‍ സമ്മാനിക്കുന്നത്. ക്രിപ്‌റ്റോ സിനിമയില്‍ അകംപുറം 'സൂപ്പര്‍' ആണ്. മാനുഷികമായ വേവലാതികള്‍ ഈ സൂപ്പര്‍ ഡോഗിനെ അലട്ടുന്നില്ല. ഗ്രീന്‍ ലാന്റെണും മിസ്റ്റര്‍ ടെറിഫിക്കും അടക്കം പല സൂപ്പര്‍ ഹീറോസും വന്നു പോകുമ്പോഴും ഈ നായ മാത്രമാണ് ഴൊണറിനോട് നീതി പുലര്‍ത്തിയത്. പിന്നെ ക്ലാര്‍ക്കിന്റെയും ലൂയിസിന്റെയും ചുണ്ടുകള്‍ക്കിടയില്‍ കത്രിക വെച്ച് സിബിഎഫ്‌സിയും തങ്ങളുടെ സൂപ്പര്‍ പവര്‍ കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com