MOVIES

രാജാവായി, വാളെടുത്ത് മലയാളത്തിന്റെ മോഹന്‍ലാല്‍, വൃഷഭയുടെ ടീസര്‍ പുറത്ത്

ഇതിഹാസ തുല്യമായ വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നും ടീസര്‍ സൂചിപ്പിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസര്‍ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ആശീര്‍വാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആക്ഷന്‍, വൈകാരികത, പ്രതികാരം എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഒരു അച്ഛന്‍ - മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

മോഹന്‍ലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ കരിയറില്‍ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ തുല്യമായ വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നും ടീസര്‍ സൂചിപ്പിക്കുന്നു. നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യം.

മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എസ്ആര്‍ക്കെ, ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങള്‍ രചിച്ചത്.

മോഹന്‍ലാലിന്റെ ദിനത്തില്‍ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസര്‍ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് റിലീസ് ചെയ്ത പോസ്റ്ററും വലിയ ശ്രദ്ധയാണ് നേടിയത്. യോദ്ധാവിന്റെ രൂപത്തില്‍ രാജകീയമായ ലുക്കിലാണ് ഈ പോസ്റ്ററുകളില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വല്‍ ഇഫക്റ്റുകള്‍, എഡിറ്റിംഗ്, സൌണ്ട് ഡിസൈന്‍ എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. 2025 ദീപാവലി റിലീസായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന 'വൃഷഭ', തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസിനെത്തും.

ഛായാഗ്രഹണം - ആന്റണി സാംസണ്‍, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈന്‍- റസൂല്‍ പൂക്കുട്ടി, ആക്ഷന്‍ - പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, നിഖില്‍, പിആര്‍ഒ- ശബരി.

SCROLL FOR NEXT