മോഹൻലാൽ ചിത്രം 'ഉദയനാണ് താരം' Source: X
MOVIES

രണ്ടാം വരവിന് 'ഉദയനാണ് താരം'; റീ റിലീസ് ഡേറ്റ് പുറത്തുവിട്ട് മോഹൻലാൽ

4K ദൃശ്യമികവിലാണ് 'ഉദയനാണ് താരം' രണ്ടാം വരവിന് ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് 'ഉദയനാണ് താരം'. സിനിമയ്ക്കുള്ളിൽ സിനിമയുടെ കഥ പറഞ്ഞ ചിത്രം റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ശ്രീനിവാസൻ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമിച്ചത്. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു.

4K ദൃശ്യമികവിലാണ് 'ഉദയനാണ് താരം' രണ്ടാം വരവിന് ഒരുങ്ങുന്നത്. ഫെബ്രുവരി ആറിന് സിനിമ ബിഗ് സ്ക്രീനിൽ റീ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ആണ് അറിയിച്ചത്. തരുൺ മൂർത്തി ചിത്രം 'L366'ന്റെ ലുക്കിലാണ് വീഡിയോ വഴി നടൻ റിലീസ് തീയതി പ്രഖ്യാപിച്ചത്.

സിനിമയിലെ മോഹൻലാലിന്റെ ഉദയഭാനുവിനും ശ്രീനിവാസന്റെ രാജപ്പൻ എന്ന സരോജ് കുമാറിനും ഇന്നും ആരാധകർ ഏറെയാണ്. പച്ചാളം ഭാസിയായി ജഗതി ശ്രീകുമാറും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. മീനയാണ് സിനിമയിലെ നായിക. മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരാണ് 'ഉദയനാണ് താര'ത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

സിനിമയിലെ ദീപക് ദേവ് ഒരുക്കിയ പാട്ടുകൾ എല്ലാം ഹിറ്റുകളായിരുന്നു. കൈതപ്രം ആയിരുന്നു ഗാനരചന. പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു. എ.കെ. സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ കൈകാര്യം ചെയ്യുന്നത്.

എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കരീം അബ്ദുള്ള, ആര്‍ട്ട്: രാജീവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇന്‍ചാര്‍ജ്: ബിനീഷ് സി കരുണ്‍, മാര്‍ക്കറ്റിങ് ഹെഡ്: ബോണി അസനാര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: മദന്‍ മേനോന്‍, കളറിസ്റ്റ്: രാജ പാണ്ഡ്യന്‍ (പ്രസാദ് ലാബ്), ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4K റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്‌സിങ്: രാജാകൃഷ്ണന്‍, സ്റ്റില്‍സ്: മോമി & ജെപി, ഡിസൈന്‍സ്: പ്രദീഷ് സമ, പിആര്‍ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

അതേസമയം, സച്ചിയുടെ ശക്തമായ തിരക്കഥയിൽ ജോഷി ഒരുക്കിയ 'റൺ ബേബി റൺ' ആണ് അവസാനം റീ റിലീസ് ആയ മോഹൻലാൽ ചിത്രം. 2012ൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. എന്നാൽ, രണ്ടാം വരവിൽ അത്ര മികച്ച സ്വീകരണമല്ല ചിത്രത്തിന് ലഭിച്ചത്. അമല പോൾ, ബിജു മേനോൻ, വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

SCROLL FOR NEXT