'ദൃശ്യം 2'ൽ മോഹൻലാൽ Source: X / 𝗝𝗼𝘆 𝗔𝗗
MOVIES

ഇത്തവണ ജോർജ് കുട്ടിയുടെ പ്ലാൻ എന്താകും? 'ദൃശ്യം 3' ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ

സിനിമയുടെ അണിയറപ്രവർത്തകർക്ക് ഒപ്പം കേക്ക് മുറിച്ചാണ് നടൻ സന്തോഷം പങ്കിട്ടത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യൻ ത്രില്ലർ സിനിമകളിൽ മുന്‍ നിരയിൽ നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന 'ദൃശ്യം'. മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോഴും ആഖ്യാനത്തിലെ സർപ്രൈസ് കാത്തുസൂക്ഷിക്കാൻ സംവിധായകൻ ജീത്തു ജോസഫിന് സാധിക്കുന്നു എന്നതാണ് ഈ ഫ്രാഞ്ചൈസിയുടെ വിജയം. മോഹൻലാൽ അവതരിപ്പിച്ച 'ജോർജ് കുട്ടി'യെ നടന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾക്ക് ഒപ്പമാണ് പ്രേക്ഷകർ ഇടം നൽകിയിരിക്കുന്നത്. ഇപ്പോഴിതാ 'ദൃശ്യം 3'ലെ തന്റെ ഭാഗം മോഹൻലാൽ പൂർത്തിയാക്കിയിരിക്കുന്നു. സഹതാരങ്ങൾക്കും സിനിമയിലെ അണിയറപ്രവർത്തകർക്കും ഒപ്പം കേക്ക് മുറിച്ചാണ് നടൻ സന്തോഷം പങ്കിട്ടത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

നേരത്തെ, 'ദൃശ്യം 3'യുടെ റൈറ്റ്‍‌സിനെ ചൊല്ലിയുള്ള വാർത്തകൾ വലിയ ചർച്ചയായിരുന്നു. സിനിമയുടെ ആഗോള തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസിന് 350 കോടി രൂപയ്ക്ക് വിറ്റതാണ് ചർച്ചകൾക്ക് വഴിവച്ചത്. 'ദൃശ്യ'ത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് ദ് റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിൽ നിർമാതാവ് എം. രഞ്ജിത്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ സിനിമയ്ക്ക് ആദ്യമായാണ് ഷൂട്ടിങ് പൂർത്തിയാകും മുൻപ് ഇത്രയും വലിയ പ്രീ റിലീസ് ബിസിനസ് ലഭിക്കുന്നത്. മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്ത തുക ഷൂട്ടിങ് പൂർത്തിയാകും മുൻപ് 'ദൃശ്യം 3' നേടിക്കഴിഞ്ഞുവെന്നും രഞ്ജിത്ത് പറഞ്ഞു. നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ടെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

എന്നാൽ, മലയാളം പതിപ്പിന് മുൻപ് ഹിന്ദി 'ദൃശ്യം 3' പുറത്തിറക്കാൻ ശ്രമങ്ങൾ നടന്ന പശ്ചാത്തലത്തിൽ മറ്റൊരു രീതിയിൽ ഇതിനെ കാണുന്നവരുമുണ്ട്. സിനിമയുടെ എല്ലാ അവകാശങ്ങളും സ്വന്തമാക്കിയതോടെ മലയാള സിനിമ എപ്പോള്‍ റിലീസ് ചെയ്യണമെന്ന് ബോളിവുഡ് കമ്പനി തീരുമാനിക്കുന്ന നിലയിലായെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. എന്നാൽ, ആശിർവാദിന്റെ നീക്കം കേരളത്തിലെ സിനിമാ വ്യവസായത്തിന് നല്ലതാണെന്ന് ആഭിപ്രായപ്പെടുന്നവരും ഉണ്ട്.

2013 ഡിസംബർ 19 ന് ആണ് 'ദൃശ്യം' മലയാളത്തിൽ റിലീസ് ആകുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 75 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

SCROLL FOR NEXT