ഗെറ്റോ കിഡ്സിനൊപ്പം മോഹൻലാൽ Source: Instagram / Mohanlal
MOVIES

'ഓക്കേല ഓക്കേല...', ഗെറ്റോ കിഡ്സിനൊപ്പം ചുവടുവച്ച് മോഹൻലാൽ; 'സ്വീറ്റ് റിവഞ്ച്' എന്ന് ആരാധകർ

മോഹൻലാലിന്റെയും ഗെറ്റോ കിഡ്സിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മോഹൻലാൽ ചിത്രം 'വർണപ്പകിട്ടി'ലെ 'ഓക്കേല ഓക്കേല' എന്ന ഗാനം അടുത്തിടെയായി ട്രെൻഡിങ്ങാണ്. രജനികാന്ത് ചിത്രം 'ജയിലർ 2'ൽ മോഹൻലാൽ കഥാപാത്രത്തിന്റെ ഇൻട്രോ സോങ് ഇതാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ചിത്രത്തിൽ നടനങ്ങനെ പ്രത്യേക ഇൻട്രൊഡക്ഷൻ സീൻ ഉണ്ടായിരുന്നില്ല. ഇതിൽ വലിയ നിരാശയിലായിരുന്നു ആരാധകർ. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിലൂടെ ഏവരുടെയും മനംകവർന്ന ട്രിപ്​ലെറ്റ്സ് ഗെറ്റോ കിഡ്സിനൊപ്പം 'ഓക്കേല ഓക്കേല' എന്ന ഗാനത്തിന് ചുവടുവച്ച് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് മോഹൻലാൽ.

മോഹൻലാലിന്റെയും ഗെറ്റോ കിഡ്സിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 2007ൽ ദൗദ കാവുമ എന്ന വ്യക്തി ആരംഭിച്ച എൻജിഒ സംഘടനയാണ് ഗെറ്റോ കിഡ്സ്. ഉഗാണ്ടയിലെ കംപാലയിലെ കുരുന്നുകളുടെ നൃത്തവും സംഗീതവും ഗെറ്റോ കിഡ്സ് ലോകത്തിന് മുന്നിലെത്തിച്ചു. ഇൻസ്റ്റഗ്രാമിൽ മാത്രം 10 മില്യണിലധികം പേരാണ് ഇവരെ ഫോളോ ചെയ്യുന്നത്. 2026 ലോകകപ്പിലെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്' വീഡിയോയിലും ഹാഫ് ടൈം ഷോയിലും ഷക്കീറയ്‌ക്കൊപ്പം ഗെറ്റോ കിഡ്സ് നൃത്തം ചെയ്തിരുന്നു.

തന്റെ പുതിയ ചിത്രം ‘ഓപ്പറേഷൻ ഗംഗ’യിൽ ഗെറ്റോ കിഡ്സും ഭാഗമാകുന്നുണ്ടെന്ന സന്തോഷ വാർ‌ത്തയും മോഹൻലാൽ ആരാധകരെ അറിയിച്ചു. ഫുട്ബോൾ ലോകകപ്പ് ഫൈനലിലെ ഹാഫ് ടൈം ഷോയിൽ ഷക്കീരയ്‌ക്കൊപ്പമുള്ള ഗെറ്റോ കിഡ്സിന്റെ പ്രകടനം കണ്ടിരുന്നെന്നും അവരുടെ ഊർജവും ടാലന്റും തന്നിൽ മായാത്ത മുദ്ര പതിപ്പിച്ചെന്നും വീഡിയോയിൽ മോഹൻലാൽ പറയുന്നു.

രസകരമായ കമന്റുകളാണ് ഗെറ്റോ കിഡ്സിനൊപ്പമുള്ള താരത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. 'ജയിലർ 2'ലെ ഇൻട്രോ കട്ട് ചെയ്തതിലുള്ള ലാലേട്ടന്റെ മധുര പ്രതികരമാണിതെന്നാണ് കമന്റ് ബോക്സ് പറയുന്നത്. ഫാൻസിന്റെ വികാരം മനസിലാക്കി 'ഓക്കേല ഓക്കേല' പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത ലാലേട്ടന് നന്ദി അറിയിക്കുന്ന ആരാധകരുമുണ്ട്.

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷൻ ഗംഗ'യുടെ ഷൂട്ടിങ് ജോർജിയയിൽ പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോഴ്സ്, ആദിൽ ഹുസൈൻ, പാർഥിപൻ എന്നിങ്ങനെ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഛായാഗ്രഹണം - മിറോസ്ലാവ് കുബ ബ്രോസെക്, സംഗീതം - ശാശ്വത് സച്ച്ദേവ്, ആക്ഷൻ ഡയറക്ഷൻ - സീ യങ് ഓ, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.

SCROLL FOR NEXT