"ജസ്റ്റിനും ആഷ്‌ലിക്കും ഒപ്പം എന്റെ മനസിൽ കയറിയ ഒരാൾ, പാവം ഗ്ലിക്സൺ"; മുഖ്യമന്ത്രിയുടെ 'ബെത്ലഹേം' റിവ്യൂ

ട്രീറ്റ്‌മെന്റ് കൊണ്ട് വ്യത്യസ്തമാകുന്ന ചിത്രം ആദ്യാവസാനം ആസ്വദിച്ചുവെന്ന് മുഖ്യമന്ത്രി
 'ബെത്ലഹേം കുടുംബ യൂണിറ്റ്', മുഖ്യമന്ത്രി വി.ഡി. സതീശൻ
'ബെത്ലഹേം കുടുംബ യൂണിറ്റ്', മുഖ്യമന്ത്രി വി.ഡി. സതീശൻ
Published on: 
Updated on: 

നിവിൻ പോളി - മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി ഒരുക്കിയ 'ബെത്ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മകൾക്കും സുഹൃത്തിനുമൊപ്പമാണ് മുഖ്യമന്ത്രി ചിത്രം കണ്ടത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടതെന്നും ട്രീറ്റ്‌മെന്റ് കൊണ്ട് വ്യത്യസ്തമാകുന്ന ചിത്രം ആദ്യാവസാനം ആസ്വദിച്ചുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഒരു സിനിമ കണ്ടിട്ട് ആസ്വാദനക്കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണെങ്കിലും അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. സിനിമയുടെ 'റിവ്യൂ' പറയുക മാത്രമല്ല സംവിധായകൻ ഗിരീഷ് എ.ഡി, സംഗീത് പ്രതാപ് എന്നിവരെ ഫോണിൽ വിളിച്ച് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ലെന്നും മുഖ്യമന്ത്രി കുറിച്ചു.

സിനിമയിൽ ഇവർക്കൊപ്പം തന്റെ മനസിൽ കയറിയ മറ്റൊരു കഥാപാത്രത്തെപ്പറ്റിയും തന്റെ റിവ്യൂവിൽ മുഖ്യമന്ത്രി എടുത്തു പറയുന്നുണ്ട്. മറ്റാരുമല്ല, റോഷൻ ഷാനവാസ് അവതരിപ്പിച്ച ഗ്ലിക്സൻ തന്നെ. ' ഗ്ലിക്സൻ പാവമാണ്' എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.

 'ബെത്ലഹേം കുടുംബ യൂണിറ്റ്', മുഖ്യമന്ത്രി വി.ഡി. സതീശൻ
പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review

മുഖ്യമന്ത്രിയുടെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' റിവ്യൂ

മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.

ട്രീറ്റ്മെന്റിലാണ് സിനിമ വ്യത്യസ്‌തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്‌നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.

നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ.

ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്. സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എൻ്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

News Malayalam 24x7
newsmalayalam.com