'മെഗാ 158'ൽ ചിരഞ്ജീവിക്ക് ഒപ്പം മോഹൻലാൽ Source: X
MOVIES

'ലൂസിഫർ' X 'ഗോഡ് ഫാദർ'; ചിരഞ്ജീവിയുടെ 'മെഗാ 158'ൽ മോഹൻലാൽ

'വാൾട്ടർ വീരയ്യ' എന്ന ചിരഞ്ജീവിയുടെ ബ്ലോക്ബസ്റ്റർ ചിത്രം ഒരുക്കിയ ബോബി കൊല്ലി ആണ് സംവിധാനം

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഗ്യാങ്സ്റ്റർ ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നു. 'മെഗാ 158' എന്ന് പ്രൊഡക്ഷൻ ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിലാകും ഇതിഹാസ താരങ്ങൾ ബിഗ് സ്ക്രീനിൽ ഒന്നിക്കുക. 'വാൾട്ടർ വീരയ്യ' എന്ന ചിരഞ്ജീവിയുടെ ബ്ലോക്ബസ്റ്റർ ചിത്രം ഒരുക്കിയ ബോബി കൊല്ലി ആണ് സംവിധാനം.

കൊൽക്കത്ത പശ്ചാത്തലമാക്കിയാണ് ഈ ഗ്യാങ്സ്റ്റർ ചിത്രം ഒരുങ്ങുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മസംഘർങ്ങളുടെ കഥ കൂടിയാകും 'മെഗാ 158' പറയുക. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ഒരു നിർണായക കഥാപാത്രമായാകും ചിത്രത്തിൽ മോഹൻലാൽ എത്തുക എന്നാണ് സൂചന. സിനിമയുടെ മറ്റ് അണിയറപ്രവർത്തകരെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മോഹൻലാലിന്റെ ഹിറ്റ് ചിത്രം 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്കായ 'ഗോഡ് ഫാദറി'ൽ ചിരഞ്ജീവി ആയിരുന്നു നായകൻ. എന്നാൽ, മലയാളത്തിലേത് പോലെ ഒരു ബ്ലോക്ബസ്റ്റർ വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. 'മന ശങ്കര വാര പ്രസാദ് ഗാരു' ആണ് അടുത്തതായി റിലീസ് ആകാനിരിക്കുന്ന ചിരഞ്ജീവി ചിത്രം. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന സിനിമ ആക്ഷൻ കോമഡി എന്റർടെയ്‌നർ ആയിരിക്കും. നയൻതാരയാണ് ചിത്രത്തിൽ നായിക. 2026 ജനുവരി 12ന് മകരസംക്രാന്തിയോടനുബന്ധിച്ച് സിനിമ റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

അതേസമയം, ബഹുഭാഷാ ചിത്രമായി ഒരുങ്ങിയ 'വൃഷഭ' ആണ് ഏറ്റവും പുതിയ മോഹൻലാൽ സിനിമ. കന്നഡ സിനിമയില്‍ നിന്നുള്ള സംവിധായകനായ നന്ദ കിഷോര്‍ ഒരുക്കിയ ചിത്രം ഒരേസമയം തെലുങ്കിലും മലയാളത്തിലുമാണ് നിർമിച്ചത്. രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്.

SCROLL FOR NEXT