

കൊച്ചി: രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കിയ 'ജയിലർ' ബോക്സ്ഓഫീസിൽ കോളിളക്കമുണ്ടാക്കിയ സിനിമയാണ്. പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയായ സിനിമയുടെ രണ്ടാം ഭാഗം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുകയാണ്. 'ജയിലർ 2'ൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉണ്ടെന്ന നടൻ മിഥുൻ ചക്രവർത്തിയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അടുത്തിടെ ഒരു ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, 'ജയിലർ 2'ന്റെ കഥയെയും താരനിരയെയും കുറിച്ച് സംസാരിക്കവെയാണ് മിഥുൻ ചക്രവർത്തി ഷാരൂഖിന്റെ പേര് വെളിപ്പെടുത്തിയത്. ഏതാണ് നടന്റെ ഇഷ്ട ഴോണർ എന്നായിരുന്നു ചോദ്യം. "അത് നമുക്ക് തീരുമാനിക്കാനാകില്ല. എന്റെ അടുത്ത ചിത്രം 'ജയിലർ 2'ൽ എല്ലാവരും എനിക്ക് എതിരാണ്. രജനികാന്ത്, മോഹൻലാൽ, ഷാരൂഖ് ഖാൻ, രമ്യ കൃഷ്ണൻ, ശിവ രാജ്‌കുമാർ അങ്ങനെ (സിനിമയിലെ) എല്ലാ കഥാപാത്രങ്ങളും എനിക്ക് എതിരാണ്," ഇതായിരുന്നു നടന്റെ മറുപടി. ക്യാമിയോ വേഷത്തിൽ ഷാരൂഖ് സിനിമയിൽ ഉണ്ടെന്നതിന് ഒപ്പം നടൻ വില്ലൻ വേഷത്തിലാകും എത്തുക എന്ന സൂചന കൂടി മിഥുൻ ചക്രവർത്തി നൽകുന്നു.
അങ്ങനെയെങ്കിൽ, ഷാരൂഖ് ഖാനും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമാകും 'ജയിലർ 2'. അനുഭവ് സിൻഹ സംവിധാനം ചെയ്ത 'റാ വൺ' എന്ന ചിത്രത്തിൽ രജനികാന്തിന്റെ ചിട്ടി (എന്തിരൻ) എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഈ വേഷം ചെയ്തത് രജനികാന്ത് അല്ലെന്ന് ഈ വർഷം ആദ്യം നടൻ സുരേഷ് മേനോൻ വെളിപ്പെടുത്തി. അതുപോലെ, 2013ൽ ഇറങ്ങിയ രോഹിത് ഷെട്ടി-ഷാരൂഖ് ഖാൻ ചിത്രം 'ചെന്നൈ എക്‌സ്പ്രസി'ൽ രജനി ഫാൻസിനായി 'ലുങ്കി ഡാൻസ്' എന്നൊരു ഗാനവും ഉൾപ്പെടുത്തിയിരുന്നു. ബിഗ് സ്ക്രീനിൽ ഇന്ത്യയിലെ രണ്ട് വലിയ താരങ്ങൾ ഒന്നിക്കുമെന്ന വാർത്തകൾ 'ജയിലർ 2'ന്റെ ഹൈപ്പ് ഉയർത്തിയിരിക്കുകയാണ്.
2023ൽ റിലീസ് ആയ 'ജയിലറി'ൽ രജനികാന്തിനെ കൂടാതെ രമ്യാ കൃഷ്ണൻ, വിനായകൻ, തമന്ന ഭാട്ടിയ, സുനിൽ, വസന്ത് രവി, യോഗി ബാബു, മിർണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്‌റോഫ് എന്നിവരുടെ അതിഥി വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ജയിലർ 2'ൽ രജനികാന്തിനും രമ്യാ കൃഷ്ണനും ഒപ്പം മോഹൻലാലും ശിവ രാജ്കുമാറും തങ്ങളുടെ കഥാപാത്രങ്ങളായി വീണ്ടും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം വിദ്യാ ബാലൻ, വിജയ് സേതുപതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും. അടുത്ത വർഷം ജൂൺ 12നാണ് ചിത്രത്തിന്റെ റിലീസ്.