'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് പോസ്റ്റർ 
MOVIES

ഇവരെ അറിയാല്ലോ..! ഹൈപ്പ് കൂട്ടി 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക്

വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാമാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാള സിനിമ ചരിത്രത്തിലെ തന്നെ വമ്പൻ റിലീസായിട്ടാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ മൾട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റ്' ഒരുങ്ങുന്നത്. സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവരെ അവതരിപ്പിക്കുന്ന ഈ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ഒരു മാസ് ആക്ഷൻ ചിത്രം തന്നെയാണ് മഹേഷ് നാരായണൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എന്ന സൂചനയാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ നൽകുന്നത്.

മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന 'പേട്രിയറ്റ്' ഏപ്രിൽ 23നു ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വിവിധ രാജ്യങ്ങളിലെ 10ൽ അധികം ഷെഡ്യൂളുകളിലായി ഒരു വര്‍ഷത്തിലധികമാണ് സിനിമയുടെ ചിത്രീകരണം നീണ്ടത്. 2024 നവംബറിൽ ശ്രീലങ്കയിലാണ് 'പേട്രിയറ്റ്' ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും 'പേട്രിയറ്റി'നാണ്. ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്. ഇന്ത്യയിലെ വന്‍നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.

സംഗീത സംവിധാനം: സുഷിൻ ശ്യാം, ഛായാഗ്രണം: മനുഷ് നന്ദൻ, തിരക്കഥ: മഹേഷ് നാരായണൻ. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - വിഷ്ണു സുഗതന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

SCROLL FOR NEXT