'സ്ഫടികം', 'രാവണപ്രഭു' എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ Source: X
MOVIES

കാർത്തികേയന്‍ വീണ്ടും അവതരിച്ചിട്ടും തോമയുടെ തട്ട് താണുതന്നെ; റീ റിലീസ് കളക്ഷനില്‍ മുന്നില്‍ സ്ഫടികം

തിയേറ്ററുകളെ ഇളക്കി മറിച്ചാണ് രഞ്ജിത്ത് സംവിധാനം ചെയ്ത 'രാവണപ്രഭു' വീണ്ടും എത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മോഹന്‍ലാല്‍ ആരാധകർക്ക് ആവേശകരമായ വർഷമായിരുന്നു 2025. എമ്പുരാന്‍, തുടരും, ഹൃദയപൂർവം തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകളെ കൂടാതെ റീ റിലീസുകളിലൂടെയും പ്രിയ നടന്‍ തിയേറ്ററുകളെ ഇളക്കിമറിച്ച വർഷം. അഞ്ച് ലാല്‍ ചിത്രങ്ങളാണ് 2024, 25 വർഷങ്ങളില്‍ റീ റിലീസ് ചെയ്തത്. അവയെല്ലാം മികച്ച കളക്ഷനും നേടി. 'രാവണപ്രഭു'വാണ് അവസാനം റീ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തിയേറ്ററുകള്‍ക്കുള്ളിലെ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ കൊണ്ട് നിറയ്ക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്.

തിയേറ്ററുകളെ ഇളക്കി മറിച്ചാണ് രഞ്ജിത്ത് സംവിധാനം ചെയ്ത 'രാവണപ്രഭു' എത്തിയതെങ്കിലും ആദ്യ ദിന കളക്ഷനില്‍ മറ്റൊരു മോഹന്‍ലാല്‍ റീ റിലീസ് ചിത്രമാണ് മുന്നില്‍. 70 ലക്ഷം രൂപയാണ് 'രാവണപ്രഭു'വിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍. എന്നാല്‍, ആട് തോമയെ അടിച്ചിടാന്‍ മംഗലശേരി നീലകണ്ഠന്‍ കാർത്തികേയന് സാധിച്ചില്ല. 4K ഡോള്‍ബി അറ്റ്‌മോസില്‍ എത്തിയ ഭദ്രന്റെ സ്ഫടികം 77 ലക്ഷം രൂപയാണ് ആദ്യ ദിനം നേടിയത്. നാല് കോടിയോളം രൂപയാണ് ചിത്രം തിയേറ്റുകളില്‍ നിന്നും കളക്ട് ചെയ്തത്.

2023 ഫെബ്രുവരി ഒന്‍പതിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വന്‍ വരവേല്‍പ്പാണ് സിനിമയ്ക്ക് ആരാധകർ നല്‍കിയത്. ദേവദൂതന്‍, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയ മറ്റ് മോഹന്‍ലാല്‍ സിനിമകള്‍.

രഘുനാഥ് പലേരി എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത 'ദേവദൂതന്' റിലീസ് സമയത്ത് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, 2024 ജൂലൈ 26ന് റീറിലീസ് ചെയ്ത സിനിമ ആദ്യ ദിനം നേടിയത് 50 ലക്ഷം രൂപയായിരുന്നു. 5.4 കോടി രൂപയാണ് സിനിമ ആഗോള തലത്തില്‍ കളക്ട് ചെയ്തത്.

ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' 2024 ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. 50 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. 4.71 കോടി രൂപ ആഗോളതലത്തിലും സിനിമ സ്വന്തമാക്കി. അന്‍വർ റഷീദിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം 'ഛോട്ടാ മുംബൈ'യ്ക്കും മികച്ച പ്രതികരണമാണ് റീ റിലീസ് ചെയ്തപ്പോള്‍ ലഭിച്ചത്. 40 ലക്ഷം രൂപ ആദ്യ ദിനം കളക്ട് ചെയ്ത 'ഛോട്ടാ മുംബൈ'യുടെ ഫൈനല്‍ കളക്ഷന്‍ 3.78 കോടി രൂപയായിരുന്നു.

റീ റിലീസ് ചിത്രങ്ങളുടെ ആഗോള കളക്ഷനില്‍ 'രാവണപ്രഭു' പുതിയ ബെഞ്ച്മാർക്ക് തീർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 4K അറ്റ്‌മോസിലാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിച്ച 'രാവണപ്രഭു' മാറ്റിനി നൗ ആണ് പുത്തന്‍ രൂപഭാവത്തില്‍ കാണികളിലേക്ക് എത്തിച്ചത്.

SCROLL FOR NEXT