കൊച്ചി: നടി കൃഷ്ണ പ്രഭ മാനസിക ആരോഗ്യത്തെപ്പറ്റി നടത്തിയ പ്രസ്താവനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വിമർശനം. ‘പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് വിഷാദരോഗം' എന്നാണ് ഒരു അഭിമുഖത്തില്‍ നടി പറഞ്ഞത്. ഈ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് ഒരു സൈക്കോളജിസ്റ്റ് പങ്കുവച്ച വീഡിയോ സാനിയ ഇയ്യപ്പന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയതോടെയാണ് വിഷയം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
"ഇപ്പോള്‍ ആളുകളുടെ വലിയ പ്രശ്‌നമായി പറയുന്നത് കേള്‍ക്കാം. ഓവര്‍ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ. മൂഡ് സ്വിങ്‌സ് എന്നൊക്കെ. ഞങ്ങള്‍ തമാശയ്ക്ക് പറയും, പണ്ടത്തെ വട്ട് തന്നെയാണ് ഇപ്പോഴത്തെ ഡിപ്രഷന്‍. അതൊക്കെ വരാന്‍ കാരണം പണിയില്ലാത്തതുകൊണ്ട്. മനുഷ്യന്‍ ബിസിയായിട്ടിരുന്നാല്‍ കുറേ കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും," ഇങ്ങനെയാണ് താരം പറയുന്നത്. കൃഷ്ണ പ്രഭ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ ആങ്കർ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
കൃഷ്ണ പ്രഭയും അഭിമുഖം നടത്തിയ ആളും വിഷാദരോഗികളെ കളിയാക്കുകയും നിസാരവത്കരിക്കുകയും ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണം എന്ന് നടിയെ ഉപദേശിക്കുന്നവരേയും കാണാം.
മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരേ വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിവിടരുതെന്നാണ് സാനിയ പങ്കുവച്ച വീഡിയോയിലെ സൈക്കോളജിസ്റ്റ് കൃഷ്ണപ്രഭയുടെ വാക്കുകള്‍ പരാമർശിച്ചുകൊണ്ട് പറയുന്നത്. വിഷാദ രോഗത്തെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുക. ഇതൊന്നും ചിരിച്ചുതള്ളേണ്ട കാര്യമല്ല. മറ്റുള്ളവർക്ക് വരുമ്പോഴേ ഇത്തരത്തില്‍ ചിരിച്ചുതള്ളാന്‍ പറ്റൂവെന്നും നമ്മള്‍ ആ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ മാത്രമേ നമുക്ക് അത് മനസിലാകൂവെന്നും സൈക്കോളജിസ്റ്റ് പറയുന്നു. ഇവരെ കൂടാതെ നിരവധി പേർ നടിയുടെ പരാമർശത്തിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്.