കൊച്ചി: മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ഇതിഹാസ ചിത്രമാണ് 'വൃഷഭ'. സിനിമയുടെ ഒരു വമ്പന്‍ അപ്ഡേറ്റ് ഒക്ടോബർ 25 ന് ഉണ്ടാകുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. നവംബർ ആറിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
"ചില കഥകൾ പറയാൻ ഉള്ളതാണ്. ചിലത് ഗർജ്ജിക്കാൻ വിധിക്കപ്പെട്ടതാണ്. വൃഷഭയുടെ ഇതുവരെ കേൾക്കാത്ത കഥയ്ക്കായി തയ്യാറെടുക്കൂ. ഒക്ടോബർ 25 ന് ഒരു വലിയ പ്രഖ്യാപനം വരുന്നു," മോഹന്‍ലാല്‍ കുറിച്ചു.
പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് നിർമാണം. വമ്പൻ കാൻവാസിലാണ് സിനിമ ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ചാനുഭവം നല്‍കുമെന്നാണ് അണിയറ പ്രവർത്തകുടെ അവകാശവാദം. മോഹൻലാലിന്റെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെ അവതരിപ്പിച്ചത്.
അടുത്തിടെയാണ് മോഹൻലാൽ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകൾ മറികടക്കുന്ന ചിത്രമാക്കി 'വൃഷഭ'യെ മാറ്റാനുള്ള ഒരുക്കത്തിലാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ 'വൃഷഭ' റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.