മോഹന്‍ലാല്‍ Source : YouTube Screen Grab
MOVIES

"നമുക്കുള്ളിലെ സ്ത്രീയെ പുറത്തുകൊണ്ടുവരുക എന്നതാണ് പരസ്യത്തിലൂടെ ചെയ്തത്"; ആരാധകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയില്ലായിരുന്നുവെന്ന് മോഹന്‍ലാല്‍

ഹൃദയപൂര്‍വമാണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.

Author : ന്യൂസ് ഡെസ്ക്

നടന്‍ മോഹന്‍ലാല്‍ അടുത്തിടെ വിന്‍സ്‌മേര ജുവല്‍സ് എന്ന ജ്വല്ലറി ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കുകയും പരസ്യം ഇന്റര്‍നെറ്റില്‍ തരംഗമാവുകയും ചെയ്തു. പരസ്യ സംവിധായകനും തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹ നടനുമായ പ്രകാശ് വര്‍മ്മയാണ് പരസ്യ ചിത്രം സംവിധാനം ചെയ്തത്. പരസ്യത്തിനായി തനിക്കുള്ളിലെ സ്ത്രീയിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മറ്റ് സിനിമകള്‍ ചെയ്യുന്നതുകൊണ്ടാണ് താന്‍ പരസ്യത്തിനായി താടി വടിക്കാഞ്ഞതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രകാശ് ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ പരസ്യത്തില്‍ അഭിനയിച്ചതെന്നും ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്നതില്‍ തനിക്ക് ആശങ്കയില്ലായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

"നമ്മള്‍ എല്ലാവരുടെയും ഉള്ളില്‍ ഒരു സ്ത്രീയുണ്ട്. നമ്മള്‍ ആഭരണങ്ങള്‍ ധരിക്കുമ്പോള്‍, ഒരു വാച്ച് അല്ലെങ്കില്‍ മോതിരം ഇടുമ്പോള്‍ നമ്മള്‍ കണ്ണാടിയില്‍ നോക്കി നമ്മുടെ സൗന്ദര്യം ആസ്വദിക്കുന്നു. എല്ലാവരുടെ മുന്നില്‍ നന്നായി കാണപ്പെടാന്‍ ആഗ്രഹിക്കുന്നു. പരസ്യത്തില്‍ ചെയ്തത് നമ്മുടെ ഉള്ളിലെ സ്ത്രീയെ പുറത്തുകൊണ്ടുവരുക എന്നതായിരുന്നു. അത് അതിശയകരമാം വിധം ചെയ്യാന്‍ സാധിച്ചു. പിന്നെ ഞാന്‍ ആഭരണങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. എനിക്ക് ആഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്", എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

പ്രകാശ് വര്‍മ്മ സംവിധാനം ചെയ്ത ജ്വല്ലറി പരസ്യം റിലീസ് ചെയ്തതിന് പിന്നാലെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകള്‍ ബ്രേക്ക് ചെയ്തു എന്നതിന്റെ പേരില്‍ മോഹന്‍ലാലിന് സമൂഹമാധ്യമത്തില്‍ പ്രശംസ ലഭിച്ചിരുന്നു.

അതേസമയം ഹൃദയപൂര്‍വമാണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മാളവിക മോഹനാണ് നായിക. ചിത്രം ഓഗസ്റ്റ് 28നാണ് തിയേറ്ററിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

SCROLL FOR NEXT