കൊച്ചി: 'തുടരും' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത്. സിനിമയ്ക്കായി താടി വടിച്ച്, മീശ പിരിച്ച ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. ദീർഘകാലത്തിന് ശേഷമാണ് ഈ ഗെറ്റപ്പിൽ മോഹൻലാൽ ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. നടൻ പങ്കുവച്ച ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ആറാം തമ്പുരാൻ സ്റ്റൈലിൽ 'ചുമ്മ' എന്ന് കുറിച്ചു കൊണ്ടാണ് നടൻ 'L366'ലെ ലുക്ക് പങ്കുവച്ചത്. 2018ൽ ഇറങ്ങിയ 'ഒടിയൻ' എന്ന ചിത്രത്തിന് ശേഷം താടിയുള്ള ഗെറ്റപ്പിലാണ് മോഹൻലാൽ അഭിനയിച്ചിരുന്നത്. നടനെ വീണ്ടും, താടിവടിച്ച്, മീശ പിരിച്ച് കാണണമെന്നത് ഏറെ നാളായി ആരാധകർ ആവശ്യപ്പെടുന്നു.
തൊടുപുഴയ്ക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വച്ചാണ് 'L366'ന്റെ ചിത്രീകരണം ആരംഭിച്ചത്. നിർമാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം, സ്വിച്ചോൺ കർമവും സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്. ആന്റണി പെരുമ്പാവൂർ, പ്രകാശ് വർമ തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മോഹൻലാലിന്റെ 366ാം ചിത്രവും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21ാം ചിത്രവുമാണിത്.
ഒരു സാധാരണ പൊലീസ് സബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ടൗൺ ഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്ഐയുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്.
രതീഷ് രവി ആണ് 'L366'ന്റെ തിരക്കഥ ഒരുക്കുന്നത്. 'തുടരും' ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ചിത്രത്തിൽ മീരാ ജാസ്മിനാണ് നായിക. മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംഗീതം - ജേക്സ് ബിജോയ്, വരികൾ - വിനായക് ശശികുമാർ എഡിറ്റിങ്- വിവേക് ഹർഷൻ, ശബ്ദ സംവിധാനം - വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം- മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്, കോ ഡയറക്ഷൻ -ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്.
സ്റ്റിൽസ് - അമൽ.സി. സദർ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂം ഡിസൈൻ - മഷർ ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അനസ് വി, സ്റ്റിൽസ് - അമൽ സി. സദർ. തൊടുപുഴ, ശബരിമല, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.