മുസമ്മിൽ ഇബ്രാഹിം, ദീപിക പദുക്കോൺ Source: Instagram
MOVIES

"ആ ബന്ധം വേണ്ടെന്ന് വെച്ചത് ഞാനാണ്"; രണ്ട് വര്‍ഷം ദീപിക പദുകോണുമായി പ്രണയത്തിലായിരുന്നെന്ന് നടൻ മുസമ്മില്‍ ഇബ്രാഹിം

"ആദ്യം പ്രണയം പങ്കുവെച്ചത് ദീപികയാണെന്നും എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ആ ബന്ധം ബന്ധം വേര്‍പെടുത്തിയത് ഞാനാണ്"

Author : ന്യൂസ് ഡെസ്ക്

മോഡലിങ്ങിലൂടെയാണ് ദീപിക പദുകോണ്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2000ത്തിന്റെ തുടക്കത്തിലാണ് അവര്‍ മോഡലിങ്ങിലേക്ക് കടക്കുന്നതും തുടര്‍ന്ന് അഭിനയത്തിലേക്ക് ചുവടുവെക്കുന്നതും. ഇതേ സമയം തന്നെ മ്യൂസിക് വീഡിയോകളില്‍ അഭിനയിക്കുകയും പിന്നീട് മോഡലായി മാറുകയും ചെയ്ത മുസമ്മില്‍ ഇബ്രാഹിം നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

തന്റെ കരിയറിന്റെ തുടക്കത്തില്‍ ദീപികയുമായി പ്രണയത്തില്‍ ആയിരുന്നുവെന്നാണ് മുസമ്മില്‍ ഇബ്രാഹിം അവകാശപ്പെടുന്നത്. സിദ്ധാര്‍ഥ് കണ്ണനുമായി നടന്ന അഭിമുഖത്തിലാണ് മുസമില്‍ ഇബ്രാഹിം ഇക്കാര്യം പറഞ്ഞത്. അക്കാലത്ത് കൈയ്യില്‍ പണമില്ലാത്തതിനാല്‍ റിക്ഷയില്‍ വരെ ഡേറ്റിങ്ങിന് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'രണ്ട് വര്‍ഷമായി ഞങ്ങള്‍ പ്രണയ ബന്ധത്തിലായിരുന്നു. മുംബൈയിലെത്തിയ ദീപിക ആദ്യമായി കണ്ടുമുട്ടിയത് എന്നെയാണ്. അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നു. മഴക്കാലത്ത് റിക്ഷയില്‍ ഡേറ്റിംഗിന് പോകുതെല്ലാം വളരെ ക്യൂട്ട് ആയ അനുഭവമായിരുന്നു. ഞാന്‍ അന്ന് തന്നെ പണം സമ്പാദിക്കാന്‍ തുടങ്ങിയിരുന്നതിനാല്‍ അന്ന് ദീപികയെക്കാള്‍ കൂടുതല്‍ പണം എന്റെ കയ്യില്‍ ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ ഒരു കാര്‍ വാങ്ങി, അതും അവള്‍ക്ക് വലിയ സന്തോഷം ഉണ്ടാക്കിയ കാര്യമായിരുന്നു. അതിനുശേഷം ഞാന്‍ റിക്ഷയില്‍ ഡേറ്റിംഗിന് പോയിട്ടില്ലാത്തതിനാല്‍ ഇതെല്ലാം വളരെ അവിസ്മരണീയമാണ്. പണമില്ലെങ്കിലും അന്ന് ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു,' മുസമ്മില്‍ ഇബ്രാഹിം പറഞ്ഞു.

ആദ്യം പ്രണയം പങ്കുവെച്ചത് ദീപികയാണെന്നും എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ആ ബന്ധം ബന്ധം വേര്‍പെടുത്തിയത് താനാണെന്നും മുസമ്മില്‍ അഭിമുഖത്തില്‍ പറഞ്ഞു.

'ആ സമയത്ത് ഞാന്‍ ഒരു താരമായിരുന്നു, പക്ഷേ അവര്‍ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ അവര്‍ ഒരു അറിയപ്പെടുന്ന സൂപ്പര്‍സ്റ്റാറാണ്, പക്ഷേ എന്നെ ആര്‍ക്കും അറിയില്ല. ദീപികയുടെ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന, അവരുടെ വലിയ ആരാധകനാണ് ഞാന്‍. ദീപിക ഒരു സുന്ദരിയായ സ്ത്രീയാണ്. നന്നായി അഭിനയിക്കുകയും ചെയ്യുന്നു,' മുസമ്മില്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ തമ്മില്‍ ഇപ്പോഴും സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന്, അവര്‍ വിവാഹിതയാകുന്നതിന് മുമ്പ്, ഞങ്ങള്‍ ചിലപ്പോഴെല്ലാം സംസാരിച്ചിരുന്നു. നേട്ടങ്ങളില്‍ പരസ്പരം അഭിനന്ദിക്കുമായിരുന്നു എന്നും മുസമ്മില്‍ പറഞ്ഞു. വിവാഹത്തിന് ശേഷം ദീപികയുമായി സംസാരിച്ചിട്ടില്ലെന്നും മുസമ്മില്‍ പറഞ്ഞു.

ഇരുവരും പ്രണയിച്ചിരുന്നുവെന്ന് പറയപ്പെടുന്ന കാലത്തെ ഓര്‍മയും മുസമ്മില്‍ പങ്കുവെച്ചു. ഒരിക്കല്‍, ദീപികയുടെ ജന്മദിനത്തില്‍, ഡിജെയെ കൊണ്ട് അവളുടെ ഇഷ്ട ഗാനം ആവര്‍ത്തിച്ച് പ്ലേ ചെയ്യിപ്പിച്ചു. പണമില്ലായിരുന്നിട്ടും ഡിജെ തന്റെ സുഹൃത്തായതിനാല്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഗാനം പ്ലേ ചെയ്തു കൊണ്ടിരുന്നു. അന്ന് ഒന്നര മണിക്കൂറോളം ആ ഗാനം മാത്രം പ്ലേ ചെയ്തുകൊണ്ടിരുന്നുവെന്നും മുസമ്മില്‍ ഓര്‍ത്തെടുത്തു.

SCROLL FOR NEXT