ചെന്നൈ: ഇന്നത്തെ പല സീക്വലുകളിലും ഒരുതരം സത്യസന്ധതയില്ലായ്മയുണ്ടെന്ന് സംവിധായകൻ മിഷ്കിൻ. പുതിയ ചിത്രം 'ട്രെയിനി'ന്റെ പ്രൊമോഷൻ അഭിമുഖത്തിൽ 2008ൽ ഇറങ്ങിയ 'അഞ്ചാതെ'യുടെ തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ. പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ ആദ്യ ഭാഗത്തിന്റെ പ്രശസ്തിയെയാണ് ചിലർ ആശ്രയിക്കുന്നതെന്നും തനിക്ക് അതിനോട് താൽപ്പര്യമില്ലെന്നും മിഷ്കിൻ വ്യക്തമാക്കി.
"അഞ്ചാതെ ജീവിതത്തിന്റെ യൗവനകാലഘട്ടത്തെ പശ്ചാത്തലമാക്കിയുള്ള വേറിട്ടൊരു ചിത്രമാണ്. 2026ലെ ജെൻ സി തലമുറയ്ക്ക് ആ ലോകവുമായി എത്രത്തോളം താദാത്മ്യം പ്രാപിക്കാനോ ഉൾക്കൊള്ളാനോ കഴിയുമെന്ന് എനിക്കറിയില്ല. 'അഞ്ചാതെ' വിജയിച്ചു എന്നതുകൊണ്ട് മാത്രം 'അഞ്ചാതെ 2' വിജയിക്കണമെന്നുണ്ടോ? ഇന്ന് ഒരുപാട് രണ്ടാം ഭാഗങ്ങൾ (സീക്വലുകൾ) നിർമിക്കുന്നതായി ഞാൻ കാണുന്നുണ്ട്. അവയിൽ ചിലത് രൂപപ്പെടുത്തുന്ന രീതിയിൽ ഒരുതരം ആത്മാർത്ഥതയില്ലായ്മയുണ്ട്. പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ അവർ ആദ്യ ഭാഗത്തിന്റെ പ്രശസ്തിയെയാണ് ആശ്രയിക്കുന്നത്. എനിക്ക് അങ്ങനെ ചെയ്യാൻ താൽപ്പര്യമില്ല. ആത്മാർത്ഥതയുള്ള എന്തെങ്കിലും ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. തിരക്കഥ എഴുതി പൂർത്തിയാക്കിയ ശേഷം, ഈ കഥ 'അഞ്ചാതെ'യുടെ അടുത്ത ഭാഗമാണെന്ന് എനിക്ക് ആത്മാർത്ഥമായി തോന്നുകയാണെങ്കിൽ ഞാൻ അതിന് 'അഞ്ചാതെ 2' എന്ന് പേരിടും. അല്ലെങ്കിൽ, മറ്റൊരു പേര് നൽകും," മിഷ്കിൻ പറഞ്ഞു.
അതേസമയം, വിജയ് സേതുപതി കേന്ദ്രകഥാപാത്രമായി എത്തുന്ന മിഷ്കിൻ ചിത്രം 'ട്രെയിൻ' ഡിസംബർ നാലിന് തിയേറ്ററുകളിൽ എത്തും. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് 'ട്രെയിൻ'. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന മിഷ്കൻ ചിത്രത്തിന്റെ ടീസർ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിജയ് സേതുപതിക്ക് പുറമേ നാസർ, ശ്രുതി ഹാസൻ, യുഗി സേതു, നരേൻ, കെ. എസ്. രവികുമാർ, സമ്പത്ത് രാജ്, കലയരശൻ, ഇറ ദയാനന്ദ്, അജയ് രത്നം, വിൻസെന്റ് അശോകൻ, ബാബ്ലു പൃഥ്വിരാജ്, ത്രിഗുൺ അരുൺ, ഗണേഷ് വെങ്കട്ടരാമൻ, പ്രീതി കരൺ, സിങ്കമ്പുലി, സുരേഷ് ചന്ദ്ര മേനോൻ, ഷാജി, സെൽവ ചന്ദ്രശേഖർ, ജി. ആർ. ആദിത്യ, രോഹൻ, കനിഹ, ജനനി, ദിയ ശർമ്മ, കോമകൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എഡിറ്റിങ്: ശ്രീ വാട്സൺ, ഛായാഗ്രഹണം: ഫൗസിയ ഫാത്തിമ. സിനിമയുടെ തിരക്കഥയും സംഗീതം ഒരുക്കിയിരിക്കുന്നതും മിഷ്കിൻ ആണ്.