MOVIES

"മൂന്ന് ദിവസമെടുത്തു ആ ഷോട്ടിന്"; ഓഡിയോ ലോഞ്ചിൽ മിഷ്കിൻ 'ഐ ആം ഗെയിം' ക്ലൈമാക്സ് വെളിപ്പെടുത്തി? നെറ്റിചുളിച്ച് ദുൽഖർ ആരാധകർ

മിഷ്കിന്റെ പ്രസംഗം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് 'ഐ ആം ഗെയിം'. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ആർഡിഎക്സി'ന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം ഒരു ഫാന്റസി ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ. പല സസ്പെൻസുകളും ചിത്രത്തിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമയുടെ ട്രെയ്‌ലർ ഉൾപ്പെടെയുള്ള അപ്ഡേറ്റുകൾ നൽകുന്ന സൂചന. എന്നാൽ, പ്രീ റിലീസ് - മ്യൂസിക് ലോഞ്ച് ഇവന്റിൽ ഇതിൽ ചില സസ്പെൻസുകൾ പൊളിഞ്ഞതിന്റെ നിരാശയിലാണ് ആരാധകർ.

റിലീസ് മാറ്റിവച്ചതോടെ സിനിമയുടെ ഹൈപ്പ് കുറഞ്ഞെന്ന ദുൽഖർ ആരാധകരുടെ നിരാശ മാറ്റുന്നതായിരുന്നു ഓഗസ്റ്റ് 29ന് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെൻററിൽ വച്ച് പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ നടന്ന മ്യൂസിക് ലോഞ്ച്. ഗായകരായ വേടൻ, അർമാൻ മാലിക്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുൾപ്പെടെ ലോഞ്ച് വേദിയിൽ പെർഫോം ചെയ്തത് കാണികൾക്ക് ആവേശമായി. സംവിധായകൻ നഹാസ് ഹിദായത്ത്, ദുൽഖർ സൽമാൻ, ആന്റണി വർഗീസ് പെപ്പെ, കതിർ, കയദു ലോഹർ, വിനയ് ഫോർട്ട് എന്നിങ്ങനെ സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലെ മിഷ്കിന്റെ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.

ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് മിഷ്കിൻ എത്തുന്നത്. നഹാസ് മൂന്ന് ദിവസം കൊണ്ടാണ് ക്ലൈമാക്സിലെ ഒരു ഷോട്ടെടുത്തതെന്ന് പറയുന്നതിനിടെ തന്ത്രപ്രധാനമായ ആ സീനും മിഷ്കിൻ വെളിപ്പെടുത്തി. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്. 'പ്ലോട്ട് വെളിപ്പെടുത്തുകയാണ്, അത് പ്രധാനമാണ്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. നിർമാതാക്കളായ വേഫെറർ ഫിലിംസ് പങ്കുവച്ച വീഡിയോയിൽ നിന്ന് സ്പോയിലർ വരുന്ന ഭാഗം നീക്കം ചെയ്തെങ്കിലും സമൂഹമാധ്യമങ്ങളിൽ മിഷ്കിന്റെ പ്രസംഗം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ.

SCROLL FOR NEXT