ഹൈദരാബാദ്: നാഗാർജുന അക്കിനേനിയുടെ 100ാം ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. 'കിംഗ് 100' എന്നാണ് ഈ പ്രോജക്ടിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷം നാഗാർജുനയും തബുവും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിലെ പ്രതിനായികയായിട്ടാകും തബു എത്തുക.
അപൂർവം സിനിമകളിൽ മാത്രമാണ് തബു പ്രതിനായികാ വേഷം ചെയ്തിട്ടുള്ളത്. 'മഖ്ബൂൽ' (2003), 'ഹൈദർ' (2014), 'അന്ധാധുൻ' (2018) തുടങ്ങിയ ചിത്രങ്ങളിൽ തബു ഗ്രേ ഷേഡുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ വേഷങ്ങളുമാണ്.
നാഗാർജുനയ്‌ക്കൊപ്പം തബു അഭിനയിക്കുന്ന നാലാം ചിത്രമാണ് 'കിംഗ് 100'. 'സിസിന്ത്രി' (1995) ആണ് ഇവർ ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തിൽ തബുവിന് അതിഥിവേഷമായിരുന്നു. പിന്നാലെ, 1996ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'നിന്നേ പെല്ലാടാതാ'യിൽ ഇവർ ഒന്നിച്ച് സ്ക്രീൻ പങ്കിട്ടു. 1998ൽ പുറത്തിറങ്ങിയ 'ആവിഡ മാ ആവിഡെ' ആണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രം.
'കിംഗ് 100'ന് 'അസുരുഡു'എന്ന് പേരിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. 'മെയ്ഡ് ഇൻ കൊറിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നവീൻ (രാ) കാർത്തിക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി ചിത്രം എത്തിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.