തെലുങ്ക് സിനിമയിലെ നാച്ചുറൽ സ്റ്റാർ എന്ന് പേരെടുത്ത നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'ദ പാരഡൈസ്' തിയേറ്ററുകളിലേക്ക് എത്തിയത്. വമ്പൻ ബജറ്റിൽ എത്തിയ ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. എന്നാൽ, നെഗറ്റീവ് റിവ്യൂ സിനിമയുടെ ആദ്യ ദിന കളക്ഷനെ ബാധിച്ചിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിലീസിന് മുൻപ് സൃഷ്ടിച്ച ഹൈപ്പ് ഫലിച്ചുവെന്നു വേണം കരുതാൻ.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 76.90 കോടി രൂപയാണ് ആഗോള തലത്തിൽ കളക്ട് ചെയ്തത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 34.65 കോടി രൂപയാണ്. 9,732 ഷോകളിൽ നിന്നാണ് 'ദ പാരഡൈസ്' ഈ കളക്ഷൻ സ്വന്തമാക്കിയത്. പ്രിവ്യൂ ഷോകൾ കൂടി കണക്കിലെടുത്താൽ 54.90 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ ഗ്രോസ്. ഓവർസീസ് ഗ്രോസ് 22 കോടിയാണ്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങാണിത്.
ആദ്യ ദിനം 21 കോടി നെറ്റ് കളക്ഷൻ നേടിയ 'ഹിറ്റ്: ദ തേർഡ് കേസ്' എന്ന ചിത്രത്തെയാണ് 'ദ പാരഡൈസ്' മറികടന്നത്. 2025ലാണ് 'ഹിറ്റ്' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമെത്തിയത്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജദാൽ' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. കായദു ലോഹർ ആണ് നായിക. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല നിർമ്മാതാവ്: സുധാകർ ചെറുകുറി ബാനർ: എസ്എൽവി സിനിമാസ് ഛായാഗ്രഹണം: സി എച്ച് സായ് സംഗീതം: അനിരുദ്ധ് രവിചന്ദർ എഡിറ്റിംഗ്: നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല ഓഡിയോ: സരിഗമ മ്യൂസിക് മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ പിആർഒ: ശബരി.