ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയുടെ 111ാം ചിത്രത്തിൽ നായിക നയന്‍താര. ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ രാജ്ഞിയുടെ വേഷത്തിലാകും ലേഡി സൂപ്പർസ്റ്റാർ എത്തുക എന്നാണ് സൂചന. നയൻതാരയുടെ 41ാം ജന്‍മദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.
ഗോപിചന്ദ് മലിനേനി ആണ് 'എന്‍ബികെ 111'ന്റെ സംവിധാനം. വൃദ്ധി സിനിമാസ് ആണ് നിർമാണം. നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ സിനിമയുടെ ഒരു മോഷൻ പോസ്റ്റർ പുറത്തുവിട്ടു. "ഒരേ ഒരു റാണിക്ക് സ്വാഗതം" എന്ന് കുറിച്ചുകൊണ്ടാണ് 'എന്‍ബികെ 111' ടീം നടിക്ക് ആശംസകൾ നേർന്നത്. സമുദ്രങ്ങളുടെ ശാന്തതയും കൊടുങ്കാറ്റുകളുടെ കോപവും ഉൾക്കൊള്ളുന്ന രാജ്ഞി എന്നാണ് നടിയുടെ കഥാപാത്രത്തിന് മോഷൻ പോസ്റ്ററിൽ നൽകിയിരിക്കുന്ന വിശേഷണം.
കഴിഞ്ഞ വർഷം നന്ദമൂരി ബാലകൃഷ്ണയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമ പ്രഖ്യാപിച്ചത്. മോഷൻ പോസ്റ്റർ പ്രകാരം, നവംബർ 26ന് ആണ് സിനിമയുടെ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങ്. ഗോപിചന്ദ് മലിനേനിക്കൊപ്പം രണ്ടാം തവണയായ ബാലയ്യ ഒന്നിക്കുന്നത്. ഇവർ ഒന്നിച്ച 'വീര നരസിംഹ റെഡ്ഢി' ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു. ഇതാദ്യമായാണ് മലിനേനി ഒരു പിരീഡ് ഡ്രാമ ഒരുക്കുന്നത്.
അതേസമയം, ബാലയ്യയുടെ 'അഖണ്ഡ 2: താണ്ഡവം' എന്ന സിനിമയിലെ രണ്ടാം ഗാനം ഇന്ന് പുറത്തിറങ്ങും. വിസാഗില്‍ നടക്കുന്ന വമ്പൻ പരിപാടിയിലാണ് സിനിമയിലെ രണ്ടാമത്തെ പാട്ട് റിലീസ് ചെയ്യുക. പ്രശസ്തമായ ജഗദംബ തിയേറ്ററിലാണ് പരിപാടി നടക്കുന്നത്. വൈകുന്നേരും അഞ്ച് മണിക്കാണ് ഇവന്റ് ആരംഭിക്കുക. മലയാളി താരം സംയുക്ത മേനോനാണ് ഈ റൊമാന്റിക് ഡാൻസ് നമ്പറിൽ ബാലയ്യയ്‌ക്ക് ഒപ്പം എത്തുക. 2025 ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.